08 August Saturday
ഇന്ന്‌ അന്താരാഷ്ട്ര സഹകരണ ദിനം

വെള്ളത്തെ തോൽപ്പിക്കാൻ പുള്ള്‌‌ ബോട്ടിറക്കും‌

അക്ഷിത രാജ്‌Updated: Saturday Jul 4, 2020

ശനിയാഴ്‌ച ഉദ്‌ഘാടനം ചെയ്യുന്ന പുള്ള്‌ സർവീസ്‌ സഹ. ബാങ്കിന്റെ ഫൈബർ ബോട്ടുകളുടെ പരീക്ഷണത്തുഴയൽ പുള്ളിൽ നടന്നപ്പോൾ / ഫോട്ടോ: കെ എസ്‌ പ്രവീൺകുമാർ

തൃശൂർ

പെരുമഴക്കാലത്ത്‌ വെള്ളം കയറിയാൽ വാഴപ്പിണ്ടിച്ചങ്ങാടത്തിലും കുട്ടവഞ്ചിയിലും കയറി രക്ഷതേടുന്ന ആലപ്പാട്‌, പുള്ള് നിവാസികൾക്ക് ഇനി ഭീതി വേണ്ട. പ്രളയകാലത്ത്‌ രക്ഷയ്‌ക്കായി ആലപ്പാട് -പുള്ള് സഹകരണ ബാങ്ക് രണ്ട്‌ ഫൈബർ ബോട്ടുകൾ സജ്ജമാക്കി‌‌‌. അന്താരാഷ്ട്ര സഹകരണ ദിനമായ ശനിയാഴ്‌ച ബാങ്ക് അധികൃതർ ഇവ‌ നാടിന്‌ സമർപ്പിക്കും. 
ആലപ്പുഴയിലെ സമുദ്ര ഷിപ്പ്‌യാർഡിൽനിന്ന്‌ വാങ്ങിയ, ആറുപേർക്ക്‌ സഞ്ചരിക്കാവുന്ന റോ ബോട്ടും സാധാരണ വള്ളമായ കനോയി വള്ളവുമാണുള്ളത്‌. ഇതിന്‌ ഒരു ലക്ഷത്തിനു‌ മേലെയാണ്‌ ചെലവ്‌. ആറ്‌ ലൈഫ്‌ ജാക്കറ്റുകളുമുണ്ട്‌. 
മഴക്കാലത്ത്‌ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശ‌മാണ്‌ വടക്കേ പുള്ള് കോൾമേഖല. ഇവിടെ നൂറിലധികം വീടുകളുണ്ട്‌. കഴിഞ്ഞ രണ്ട്‌ പ്രളയത്തിലും ഒരാൾ ഉയരത്തിലാണ്‌ ഇവിടെ വെള്ളം ഉയർന്നത്‌. 2018ലെ പ്രളയത്തിൽ 85 ശതമാനത്തോളം സ്ഥലമാണ്‌ വെള്ളത്തിനടിയിലായത്‌‌. 
അപ്രതീക്ഷിതമായി വെള്ളം കയറിയാൽ ഒറ്റപ്പെട്ട തുരുത്തകളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരെ സുരക്ഷിത ഇടങ്ങളിലേക്ക്‌ മാറ്റാൻ വള്ളം വേണം‌. 
ആലപ്പാട്‌ വില്ലേജിലെ ചെറിയ തുരുത്തുകളിലും ആളുകൾ താമസിക്കുന്നുണ്ട്‌. മുമ്പ്‌‌ ചങ്ങാടം നിർമിച്ചും വഞ്ചി കൊണ്ടുവന്നുമാണ്‌ താൽക്കാലിക നടപടി സ്വീകരിക്കാറുള്ളത്‌‌. ഇതിന്‌ ആശ്വാസമായാണ്‌ ഫൈബർ ബോട്ടുകൾ ഇറക്കുന്നത്‌‌‌. 
ബോട്ടിൽ എൻജിൻ ഘടിപ്പിച്ച്‌ ഉപയോഗിക്കാൻ കഴിയാത്ത ഇടമാണ്‌ കോൾപ്പാടങ്ങൾ. അതിനാൽ തുഴഞ്ഞ്‌ മാത്രമേ ഉപയോഗിക്കാനാവൂ. വെള്ളം ഉയരുമ്പോൾ സർക്കാരിന്റെ ദുരന്തനിവാരണ  സംവിധാനങ്ങളോടൊപ്പം ചേർന്ന്‌ രക്ഷാപ്രവർത്തനങ്ങളിലേർപ്പെടുകയാണ്‌ ലക്ഷ്യമെന്ന്‌ ബാങ്ക്‌ പ്രസിഡന്റ്‌ കെ വി ഹരിലാൽ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലെ സന്നദ്ധപ്രവർത്തകരെ ഉപയോഗിച്ച്‌ ബോട്ടുകൾ പ്രവർത്തിപ്പിക്കും. കൂടാതെ കോൾനിലങ്ങളിൽ കൃഷിയിറക്കുന്നതിനു‌ മുമ്പ്‌ മോട്ടോർ ഷെഡുകൾ പ്രവർത്തിപ്പിക്കാനും ബോട്ടുകൾ ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.
നാടിന്റെ കരുതലിനായി ബോട്ടുകളുടെ സമർപ്പണം ശനിയാഴ്‌ച പകൽ 11.30ന്‌ ഗീത ഗോപി എംഎൽഎ നിർവഹിക്കും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top