03 July Friday
മത്സ്യത്തൊഴിലാളികൾക്ക്‌ പുത്തൻവീട്

കടപ്പുറത്ത്‌ സന്തോഷത്തിര

സ്വന്തം ലേഖകൻUpdated: Thursday Jun 4, 2020

പുനർഗേഹം പദ്ധതിയിൽ മത്സ്യത്തൊഴിലാളികൾക്കായി നിർമിച്ച വീടുകൾ

കൊടുങ്ങല്ലൂർ

കരേക്കാട്ട് അബ്ദുൾ റഹിമാനും ഭാര്യ ഫാത്തിമക്കും പതിനാലാം രാവുദിച്ച ആഹ്ലാദമാണ്‌.  സർക്കാർ നൽകിയ അടച്ചുറപ്പുള്ള വീട്ടിൽ വെള്ളിയാഴ്ച പാലുകാച്ചും. കടലിനെക്കൊണ്ടു മാത്രം ജീവിക്കുന്ന ഇവരുടെ കൊച്ചുവീട് ഓഖിയിൽ തിരമാലകൾ കവർന്നതാണ്‌.   അബ്ദുൾ റഹിമാനെപ്പോലെ 18 മത്സ്യതൊഴിലാളി കുടുംബങ്ങളും ഇതേ ആഹ്ലാദത്തിലാണ്. 
ഓഖി ദുരന്തത്തിൽ സ്ഥലവും വീടും നഷ്ടപ്പെട്ടവരുടെ സ്വപ്നത്തിനാണ് സംസ്ഥാന സർക്കാർ സാഫല്യമേകിയത്. എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളിലാണ് വീടുപണി പൂർത്തിയായത്.
മൂന്ന് സെന്റിൽ രണ്ട് കിടപ്പുമുറികളും ഒരു ഹാളും അടുക്കളയും രണ്ട് ശുചിമുറികളും പൂമുഖവും ചേർന്ന 650 ചതുരശ്ര അടിയുള്ള വീടാണ് സർക്കാർ  നൽകിയത്. 
   കടലിനോട് ചേർന്ന് കിടന്നിരുന്ന,   പലരുടേയും വീടുകൾക്ക് ആദ്യമേതന്നെ കെട്ടുറപ്പ് കുറവായിരുന്നു. ‘സംസ്ഥാന സർക്കാരിന്റെ ധനസഹായം ഇല്ലായിരുന്നെങ്കിൽ വീട്‌  സ്വപ്‌നമായി തുടരുമായിരുന്നുവെന്ന്‌  കാരേക്കാട്ട് അബ്ദു റഹ്‌മാൻ പറഞ്ഞു '.
സംസ്ഥാനത്തെ 18,685 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ തീരത്തുനിന്ന് മാറ്റിപ്പാർപ്പിക്കുന്ന ‘പുനർഗേഹം' പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിലാണ് പദ്ധതിക്ക്‌ സർക്കാർ രൂപം നൽകിയത്. 
സംസ്ഥാനത്ത് ആദ്യമായി പദ്ധതി പ്രാവർത്തികമാക്കുന്ന ജില്ലയും തൃശൂരാണ്. കയ്പമംഗലം മണ്ഡലത്തിലെ 408 കുടുംബങ്ങൾക്കും ആദ്യഘട്ടത്തിൽ  വീട് ലഭിക്കും. വേലിയേറ്റമേഖലയിൽ 50 മീറ്ററിനുള്ളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 
2450 കോടിയുടെ പദ്ധതി മൂന്നുഘട്ടമായി 2022 -ഓടെ പൂർത്തിയാക്കാനാണ് ഫിഷറീസ് വകുപ്പ് ലക്ഷ്യമിടുന്നത്. 1398 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നും 1,052 കോടി ഫിഷറീസ് വകുപ്പിന്റെ ബജറ്റ് വിഹിതത്തിൽനിന്നും കണ്ടെത്തും.
പ്രധാന വാർത്തകൾ
 Top