ചേർപ്പ്
"എൽഡിഎഫ് വന്നാൽ ഇത് ശരിയാകും എന്ന് പറഞ്ഞപ്പോ മുഴുവൻ വിശ്വസിച്ചില്ല. ഏതാണ്ട് 35 കൊല്ലമായി പാലം വരുമെന്ന് കേട്ടുതുടങ്ങീട്ട്. ഇപ്പഴാണ് ശരിയായത്".
അഴിമാവ് കടവിന് സമീപമുള്ള പേരോത്ത് പ്രേമേട്ടന്റെ പെട്ടിക്കടയിൽ ചായ കുടിച്ചുകൊണ്ടിരുന്ന ഒറ്റാലി ശേഖരന്റെ വാക്കുകളാണിത്. കരുവന്നൂർപ്പുഴയ്ക്ക് കുറുകെ താന്ന്യം എടത്തിരുത്തി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ദ്രുതഗതിയിൽ നിർമാണം പുരോഗമിക്കുന്ന അഴിമാവ് കടവ് പാലത്തെക്കുറിച്ചാണ് ചർച്ച. ഇരു കരകളിലേയും ജനങ്ങൾ ഒരു ചിരകാലസ്വപ്നം യാഥാർഥ്യമാകുന്നതിന്റെ ആഹ്ലാദത്തിലാണ്.
കടത്തുവഞ്ചിയുടെ സേവനംഅവസാനിക്കുകയാണ്. യാത്രാദൂരവും സമയവും കുറയുമെന്നതിനേക്കാൾ ഇരുകരകൾ തമ്മിലുള്ള മനുഷ്യബന്ധങ്ങൾ ദൃഢപ്പെടുമെന്നതാണ്. അഴിമാവിൽനിന്ന് പ്രധാന വ്യാപാരകേന്ദ്രമായ കാട്ടൂർ ചന്തയിലേക്കുള്ള ദൂരം ഏഴു കിലോമീറ്ററിൽ നിന്ന് കേവലം ഒരു കിലോമീറ്ററായി കുറയും. കൊടുങ്ങല്ലൂരിലേക്ക് 13 കിലോമീറ്റർ ലാഭിക്കാനാകും.18 കോടിയാണ് പാലത്തിന്റെ നിർമാണച്ചെലവ്. 255 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് നിർമാണം. ഇരുഭാഗത്തും നടപ്പാതയുണ്ടാകും. കഴിഞ്ഞ സെപ്തംബറിലാണ് നിർമാണം തുടങ്ങിയത്. ഒരു വർഷം കൊണ്ട് പൂർത്തിയാക്കാനായിരുന്നു പദ്ധതി.
കോവിഡ് വന്നതോടെ മന്ദഗതിയിലായ നിർമാണ പ്രവർത്തനങ്ങൾ ഇപ്പോൾ വേഗത്തിലായിട്ടുണ്ട്. 2022 ജനുവരിയിൽ പണി പൂർത്തിയാകുമെന്ന് നിർമാണക്കമ്പനിയായ ചെറിയാൻ വർക്കി കൺസ്ട്രക്ഷൻസിന്റെ പ്രതിനിധി പറഞ്ഞു. പശ്ചാത്തല സൗകര്യവികസനത്തിൽ വിപ്ലവം സൃഷ്ടിച്ച എൽഡിഎഫ് സർക്കാരിന്റെ മറ്റൊരു വാഗ്ദാന നിർവഹണംകൂടിയാകും അഴിമാവ് കടവ് പാലം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..