20 April Tuesday

നെല്ലങ്കരയിലെ ധീരപോരാളി

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021

അന്തരിച്ച എ സി കുഞ്ഞുവറീതിന്റെ മൃതദേഹത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ അന്ത്യോപചാരം അർപ്പിക്കുന്നു

തൃശൂർ 
അഴീക്കോടൻ രാഘവൻ കൊലപാതകത്തിലെ ദൃക്‌സാക്ഷിയെയും  നെല്ലങ്കര കർഷകത്തൊഴിലാളി സമരത്തിൽ പതറാതെനിന്ന ധീര പോരാളിയെയുമാണ്‌ എ സി കുഞ്ഞുവറീതിന്റെ നിര്യാണത്തോടെ  നഷ്‌ടമായത്‌. അഞ്ചിലൊന്ന് പതം വേണമെന്നും പിൻപണി സമ്പ്രദായം അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ട് നെല്ലങ്കര പാടശേഖരങ്ങളിൽ കർഷകത്തൊഴിലാളികൾ 1970കളിലാണ് സമരത്തിനിറങ്ങിയത്. നെല്ലങ്കരയിലെ സമരകേന്ദ്രത്തിലേക്ക് തൊഴിലാളികൾ ഒഴുകിയെത്താൻ തുടങ്ങി. സി അച്യുതമേനോൻ മുഖ്യമന്ത്രിയും കെ കരുണാകരൻ ആഭ്യന്തരമന്ത്രിയുമായിരുന്ന കാലമാണിത്.  ഗുണ്ടകളെയും പൊലീസിനെയും ഉപയോഗിച്ച് സമരത്തെ തകർക്കാൻ ഭൂവുടമകൾ ശ്രമം നടത്തി. കരിങ്കാലികളെ പണിക്കിറക്കാൻ ഭൂവുടമകൾ തീരുമാനിച്ചു. 
ഇതിനെ ചെറുക്കാൻ തൊഴിലാളികളും ഒത്തുചേർന്നു. പാർടി ജില്ലാകമ്മിറ്റി അംഗം എം എ കൃഷ്ണന്റെ നേതൃത്വത്തിലുള്ള  പ്രകടനത്തെ പൊലീസ് തടഞ്ഞ് ഭീകര മർദനം അഴിച്ചുവിട്ടു. എസ്ഐ ആഗസ്തിയുടെ നേതൃത്വത്തിലായിരുന്നു മർദനം. 1970മുതൽ ’72വരെ സമരം നീണ്ടുനിന്നു. സമരത്തിൽ സജീവമായിരുന്ന എ സി കുഞ്ഞുവറീതുൾപ്പെടെയുള്ള നിരവധി പ്രവർത്തകർക്ക്‌  സമരത്തിന്റെ വിവിധഘട്ടങ്ങളിൽ പൊലീസ്‌ മർദനമേറ്റു. തൃശൂർ ചെട്ടിയങ്ങാടി പോസ്‌റ്റോഫീസ്‌ റോഡിൽ അഴീക്കോടൻ രാഘവനെ 1972 സെപ്‌തംബർ 23ന്‌ കൊലപ്പെടുത്തിയ സംഭവത്തിലെ ദൃക്‌സാക്ഷിയായിരുന്നു കുഞ്ഞുവറീത്‌. സഹകരണ മേഖലയിൽ സേവന–- വേതന വ്യവസ്ഥകൾ ഇല്ലാതിരുന്ന  കാലത്ത്‌ ജീവനക്കാരെ സംഘടിപ്പിച്ച്‌ കേരള കോ–-ഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ യൂണിയന്‌ രൂപം നൽകിയതും  എ സി കുഞ്ഞുവറീതിന്റെ നേതൃത്വത്തിലായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top