തൃശൂർ
കേരളത്തിന്റെ അന്തർദേശീയ നാടകോത്സവം പതിമൂന്നാം പതിപ്പിന് ഞായറാഴ്‌ച വെളിച്ചം തെളിയും. കോവിഡിനുശേഷം പൃഥ്വി ഫെസ്‌റ്റിലുൾപ്പെടെയുള്ള ഇന്ത്യയിലെ ഒട്ടനേകം നാടകോത്സവങ്ങൾ നിലച്ചുപോയിട്ടും തളരാതെ പിടിച്ചുനിന്ന ഏക ഫെസ്‌റ്റിവലാണ് ഇറ്റ്‌ഫോക്.
മുൻവർഷങ്ങളെ അപേക്ഷിച്ച് ഒട്ടേറെ സവിശേഷതകളോടെയും മികവോടെയുമാണ് ഇത്തവണത്തെ ഇറ്റ്‌ഫോക്. ഓൺ ലൈൻ ടിക്കറ്റ് ബുക്കിങ് ആദ്യദിവസങ്ങളിൽത്തന്നെ പൂർത്തിയായി. ഇത്തവണ നാടകത്തിനു പുറമെ വിവിധ അനുബന്ധ പരിപാടികളും ഉൾപ്പെടുത്തി സമ്പൂർണ തിയറ്റർ ഫെസ്‌റ്റിവലാണ്. 10 വിദേശനാടകവും 10 ഇതരഭാഷാ ഇന്ത്യൻ നാടകവും നാല് മലയാളനാടകവുമാണ് അരങ്ങേറുന്നത്. പ്രസിദ്ധ ബാൻഡുകളുടെയും സംഗീതരംഗത്തെ പ്രഗത്ഭരുടെയും മ്യൂസിക് ക്രോസോവറുകളും ലോകശ്രദ്ധ നേടിയ റോയ്‌സ്‌റ്റൻ ആബേലിന്റെ മംഗാനിയാർ സെഡക്ഷൻ പരിപാടിയും നിറഞ്ഞ സംഗീതാനുഭവം പകരും.
കലാരംഗത്തെ ലോകപ്രമുഖരുടെ പ്രഭാഷണങ്ങളും കലാതത്വശാസ്‌ത്രം സംബന്ധിച്ച് പ്രശസ്‌തർ പങ്കെടുക്കുന്ന കൊളോക്യങ്ങളും എല്ലാ ദിവസവും അരങ്ങേറും.
സംഘാടകരായ സംഗീത നാടക അക്കാദമിക്കു പുറമെ സ്‌കൂൾ ഓഫ് ഡ്രാമ, കില, കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാല, കുടുംബശ്രീ, ലളിതകലാ അക്കാദമി, സാഹിത്യ അക്കാദമി എന്നിവരും ഇന്ത്യയിലെ പ്രശസ്‌തരായ ആർക്കിടെക്‌റ്റുകളും ഇറ്റ്‌ഫോക്കിൽ സഹകരിക്കുന്നു.
സ്‌കൂൾ ഓഫ് ഡ്രാമയുടെ നേതൃത്വത്തിൽ തിയറ്റർ അധ്യാപനശാസ്‌ത്രത്തിൽ ലോകത്തെ വിവിധ സർവകലാശാലകളിലെ നാടകവിഭാഗങ്ങളെ പങ്കെടുപ്പിച്ചുള്ള ശിൽപ്പശാലയ്‌ക്ക് ഇതിനകം തുടക്കമായി. കിലയും കുടുംബശ്രീയുമായി ചേർന്ന് സംഘടിപ്പിക്കുന്ന സ്‌ത്രീ നാടകശിൽപ്പശാലയിൽ 51 പേർ പങ്കെടുക്കും. ലളിതകലാ അക്കാദമി സംഘടിപ്പിച്ച തെരുവരയിൽ ഇന്ത്യയിലേതന്നെ പ്രശസ്‌തരായ ചിത്രകാരന്മാരാണ് പങ്കെടുത്തത്.
വേദികളുടെ കാര്യത്തിലും 13–-മത് ഇറ്റ്‌ഫോക് ശ്രദ്ധ നേടും. തീപിടിത്തത്തിൽ നശിച്ച കൂത്തമ്പലത്തെ കേന്ദ്രീകരിച്ച് ചില അവതരണങ്ങളുണ്ട്. ‘ചാരത്തിൽനിന്ന് തുറന്ന ആകാശത്തിലേക്ക്’ എന്നു പേരിട്ട ഈ വേദിക്ക് പുറമെ ആർട്ടിസ്‌റ്റ് സുജാതന് ആദരമായി ഒരുക്കുന്ന ആർട്ടിസ്‌റ്റ് സുജാതൻ സീനിക് ഗാലറി ശ്രദ്ധേയമാകും. അതോടൊപ്പം 1200 പേർക്ക് ഇരിപ്പിടമുള്ള പവലിയൻ തിയറ്ററും ശ്രദ്ധേയമാകും. ഞായറാഴ്‌ച വൈകിട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. നടൻ പ്രകാശ് രാജ് മുഖ്യാതിഥിയാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..