23 January Sunday
ഹരിതകേരള മിഷൻ

ജല ഗുണനിലവാര പരിശോധന ലാബുകൾ 6 മുതൽ

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021

പുന്നയൂർക്കുളം കടിക്കാട് ഹയർ സെക്കൻഡറി സ്കൂളിൽ സജ്ജീകരിച്ച ലാബ്

തൃശൂർ
ജില്ലയിലെ എട്ടു  മണ്ഡലങ്ങളിൽ ജല ഗുണനിലവാര പരിശോധനാ ലാബുകൾ സജ്ജം. ഒരു പഞ്ചായത്തിൽ ഒരു ഹയർ സെക്കൻഡറി സ്‌കൂളിലാണ് രസതന്ത്രം അധ്യാപകരുടെയും 
വിദ്യാർഥികളുടെയും നേതൃത്വത്തിൽ ലാബുകൾ ആരംഭിക്കുന്നത്. 54 പഞ്ചായത്തുകളിൽ ആദ്യ ആറുമാസം സൗജന്യമായി പരിശോധന നടത്തും. 
നശിച്ചുകൊണ്ടിരിക്കുന്ന കിണറുകൾ തിരിച്ചുകൊണ്ടുവരാനും   ഉപയോഗിക്കാതെ കിടക്കുന്ന കിണർജലം ഉപയോഗിക്കാനും ഈ പരിശോധനകളിലൂടെ കഴിയും. ജല ശുദ്ധിയുമായി ബന്ധപ്പെട്ട് പ്രധാനമായും നിറം, ഗന്ധം, പിഎച്ച്‌ മൂല്യം, ലവണ സാന്നിധ്യം, ലയിച്ചു ചേർന്നിട്ടുള്ള ഖര പദാർഥങ്ങളുടെ അളവ്, കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം തുടങ്ങി 70ശതമാനം പരിശുദ്ധി ഈ പരിശോധനയിലൂടെ അറിയാനാകും.
പരിശോധനയിൽ കണ്ടെത്തുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നിർദേശങ്ങൾ ജല കാർഡിൽ രേഖപ്പെടുത്തി പൊതുജനങ്ങൾക്ക് നൽകും. പ്രത്യേക ഐടി ടീമുകൾ എല്ലാ പരിശോധനാ ലാബുകളിലെയും റിപ്പോർട്ടുകൾ പഠനം നടത്തി കണ്ടെത്തലുകൾ ജില്ലാ മെഡിക്കൽ ഓഫീസർക്കും പഞ്ചായത്തുകൾക്കും കൈമാറും. 
ഹരിതകേരളം മിഷനും, പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് ഓരോ പഞ്ചായത്തിലും സ്ഥാപിച്ച പരിശോധനാ ലാബുകൾ സ്ഥിരം സംവിധാനമായി പ്രവർത്തിപ്പിക്കാനാണ് ഹരിതകേരളം മിഷൻ ലക്ഷ്യമിടുന്നത്.  
ചാലക്കുടി(7), ചേലക്കര(8), ഗുരുവായൂർ(8), കുന്നംകുളം(7),  മണലൂർ(8), ഒല്ലൂർ(6) പുതുക്കാട്(8), ഇരിങ്ങാലക്കുട(2) എന്നിങ്ങനെയാണ്‌ ലാബുകൾ പ്രവർത്തിക്കുക. കിണർജലത്തിന് പുറമെ മറ്റു ജല സ്രോതസുകളിലെയും ജലഗുണനിലവാര പരിശോധന നടത്താനും ഹരിതകേരളം മിഷൻ ആലോചനയിലുണ്ട്. ഈ പദ്ധതികളുടെ ജില്ലാതല ഉദ്‌ഘാടനം തിങ്കളാഴ്‌ച ദേശമംഗലം  ഹയർ സെക്കൻഡറി സ്കൂളിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top