28 January Friday

സർവേയിൽ 156 ഇനം 
ചിത്രശലഭങ്ങളെ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021
തൃശൂർ
കേരളത്തിൽ ആകെ റിപ്പോർട്ട് ചെയ്‌തിട്ടുള്ള 326 തരം ചിത്രശലഭങ്ങളിൽ 156 ഇനം ചിത്രശലഭങ്ങളെ തൃശൂർ-, പാലക്കാട് നടത്തിയ ചിത്രശലഭ സർവേയിൽ കണ്ടെത്തി. പീച്ചി വന്യജീവി വിഭാഗവും ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയും ചേർന്ന് പീച്ചി, ചിമ്മിനി, ചൂലന്നൂർ   വന്യജീവി സങ്കേതങ്ങളിൽ നാല് ദിവസമായി നടത്തിയ ചിത്രശലഭ സർവേയിലാണ് ഇവ കണ്ടെത്തിയത്. തൃശൂരിൽ പീച്ചി- വാഴാനി വന്യജീവി സങ്കേതത്തിൽ 132 ഇനം, ചിമ്മിനിയിൽ 116, പാലക്കാട് ചൂലന്നൂർ മയിൽ സങ്കേതത്തിൽ 41 ഇനം ചിത്രശലഭങ്ങളെയും കണ്ടെത്തി. 242 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള സംരക്ഷിത വനത്തിനുള്ളിൽ 14 ബേസ് ക്യാമ്പുകളിൽ വനപാലകർക്കൊപ്പം താമസിച്ചാണ് 35 ഓളം വരുന്ന ടീം അംഗങ്ങൾ സർവേ പൂർത്തീകരിച്ചത്. ചൂലന്നൂർ മയിൽ സങ്കേതത്തിൽ ആദ്യമായാണ് ചിത്രശലഭ സർവേ നടക്കുന്നത്. പീച്ചി വന്യജീവി ഡിവിഷനിലെ മൂന്ന് വന്യജീവി സങ്കേതങ്ങളിലുമായി ആകെ 200 ചിത്രശലഭങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 23 എണ്ണം വംശനാശഭീഷണി നേരിടുന്ന വിഭാഗത്തിൽ പെട്ടതും 63 എണ്ണം വന്യജീവി സംരക്ഷണ നിയമപ്രകാരം കൂടുതൽ സംരക്ഷണ പ്രാധാന്യമർഹിക്കുന്നതുമാണ്. 
ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമായ ഗരുഡശലഭം, ഏറ്റവും ചെറിയ  ശലഭം രത്നനീലി, സംസ്ഥാന ചിത്രശലഭം ബുദ്ധമയൂരി, പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്ന ചിത്രശലഭ ഇനങ്ങളായ നീലഗിരി പാപ്പാത്തി, കരിയില ശലഭം, മലബാർ മിന്നൽ, സുവർണ ആര, പുള്ളി ശരവേഗൻ, ഗോമേദക ശലഭം തുടങ്ങിയ ഇനങ്ങളും സർവേയിൽ കണ്ടെത്തി. ചൂട് വർധിക്കുന്നതിനനുസരിച്ച് കാട്ടരുവികളിലൂടെ മലമുകളിലേക്ക് പലായനം ചെയ്യുന്ന ആൽബട്രോസ് ചിത്രശലഭങ്ങളെ ചിമ്മിനി വന്യജീവി സങ്കേതത്തിൽ കണ്ടെത്തി.  
ഡിസംബർ അവസാനത്തോടെ വിപുലമായ കടുവ സർവേ നടത്താൻ തീരുമാനമുണ്ടെന്ന് പീച്ചി ഡിവിഷൻ വൈൽഡ് ലൈഫ് വാർഡൻ പി എം പ്രഭു പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top