04 July Saturday

ഡാമുകളില്‍ നേരിയ തോതില്‍ വെള്ളം ഉയരുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 3, 2020

പീച്ചി ഡാം

തൃശൂർ
കലിതുള്ളി മഴയെത്തും മുന്നേ ജില്ലയിലെ പ്രധാന ഡാമുകളിലെ ജലനിരപ്പ്  ഉയരുന്നു. പീച്ചി, ഷോളയാർ, പെരിങ്ങൽക്കുത്ത്, ചിമ്മിനി ഡാമുകളിലെ വെള്ളമാണ് കഴിഞ്ഞ വർഷം ഇതേദിവസം രേഖപ്പെടുത്തിയതിനേക്കാൾ അധികം വെള്ളം ഇക്കുറി രേഖപ്പെടുത്തിയത്. ജലനിരപ്പ് ഉയരുന്നത് ചെറിയതോതിലാണെങ്കിലും, ഇതുസംബന്ധിച്ച് കടുത്ത ജാഗ്രതയിലാണ് ജില്ലാ ഭരണം. മുൻകരുതലിന്റെ ഭാഗമായി പീച്ചി ഡാമിൽനിന്ന്  സ്ലൂയിസ് വഴി വെള്ളം പുഴയിലേക്ക് ഒഴിക്കിവിടാൻ തുടങ്ങിയിട്ടുണ്ട്. 
പീച്ചി ഡാമിൽ കഴിഞ്ഞവർഷം ജൂലൈ രണ്ടിന് 67.08 മീറ്റർ വെള്ളം രേഖപ്പെടുത്തിയപ്പോൾ, ഇക്കുറി അത് 67.35 മീറ്റർ വെള്ളമായി ഉയർന്നിട്ടുണ്ട്. ഡാമിൽ കഴിഞ്ഞ വർഷം 10.02 ശതമാനം വെള്ളമുണ്ടായിരുന്നത്  ഇക്കുറിയത് 10.10 ശതമാനം വെള്ളമായി. ഷോളയാർ ഡാമിൽ കഴിഞ്ഞവർഷം 9.85 ശതമാനം വെള്ളം ഉണ്ടായിരുന്നത് ഇക്കുറി 15.07 ശതമാനമായി ഉയർന്നു. 811 മീറ്റർ സംഭരണശേഷിയുള്ള ഷോളയാർ ഡാമിൽ ഈവർഷം  790.34 മീറ്റർ വെള്ളം എത്തിക്കഴിഞ്ഞു. കഴിഞ്ഞ വർഷമിത് 787.69 മീറ്ററായിരുന്നു. 9.85 ശതമാനംവെള്ളം എന്നത് 15.07 ശതമാനമായാണ് ഉയർന്നത്. 
പെരിങ്ങൽകുത്ത് ഡാമിൽ കഴിഞ്ഞവർഷം 412.90മീറ്റർ വെള്ളം ഉണ്ടായിരുന്നത് ഇക്കുറി 413.65 മീറ്റർ വെള്ളമായി ഉയർന്നു. ഇതോടെ സംഭരണശേഷിയുടെ 25.03 ശതമാനം വെള്ളം ഡാമിൽ എത്തിക്കഴിഞ്ഞു. 423 മീറ്ററാണ് ഡാമിന്റെ മൊത്തം സംഭരണശേഷി. വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളത് കണക്കിലെടുത്ത് പെരിങ്ങൽകുത്ത് ഡാമിൽ 420മീറ്റർ വെള്ളം എത്തിയാൽ, ജാഗ്രതാ നിർദേശം നൽകി വെള്ളം തുറന്നുവിടാനാണ്   ആലോചനയെന്ന്‌  കെഎസ്‌ഇബി പെരിങ്ങൽക്കുത്ത്‌ ഡിവിഷൻ എഞ്ചി. എൻ ടി  ജോബ്‌ പറഞ്ഞു.
പേമാരിയെത്തുടർന്ന് 2018 ആഗസ്ത് 15, 16 തീയതികളിൽ പറമ്പിക്കുളം, അപ്പർ ഷോളയാർ ഡാമുകൾ തുറന്നതോടെയാണ് പെരിങ്ങൽക്കുത്ത് ഡാമിൽ അനിയന്ത്രിതമായി വെള്ളം ഒഴുകിയെത്തിയത്. രണ്ടുദിവസങ്ങളിലായി 500 മില്യൻ ക്യുബിക്ക് മീറ്റർ വെള്ളം ഡാമിൽ എത്തി.  
ചിമ്മിനിയിൽ കഴിഞ്ഞവർഷം 49.3 മീറ്ററായിരുന്നു വെള്ളം. ഇക്കുറി  59.20  ആയി.  കാലവർഷം കനക്കുമെന്ന്   മുന്നറിയിപ്പുണ്ടെങ്കിലും,  ജില്ലയിൽ എവിടെയും ഇതുവരെ കാര്യമായ മഴ ലഭിച്ചിട്ടില്ല. വരും ദിവസങ്ങളിൽ മഴ ശക്തമാകാൻസാധ്യതയുള്ളത് കണക്കിലെടുത്ത് കടുത്ത ജാഗ്രതയിലാണ് ജില്ലാ ഭരണകേന്ദ്രം–- ജലസേചനവകുപ്പ് അധികാരികളും.
പ്രധാന വാർത്തകൾ
 Top