04 July Saturday

കൈതൊടാതെ കൈ ശുചിയാക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 3, 2020

ഫുട് പെഡല്‍ സാനിറ്റൈസര്‍ ഡിസ്പെന്‍സര്‍ യൂണിറ്റ്‌

തൃശൂർ
കോവിഡ് പണിയില്ലാതാക്കിയപ്പോൾ തിരിച്ച്  പണികൊടുത്ത്  പുതിയ തൊഴിലവസരം കണ്ടെത്തുകയാണിവർ.  ലോക്ഡൗണിൽ ഇവന്റ് മാനേജ്മെന്റ് ഇല്ലാതായതോടെ  കൈതൊടാതെ സാനിറ്റൈസർ ഉപയോഗിച്ച് കൈ അണുവിമുക്തമാക്കുന്ന യന്ത്രമിറക്കിയാണ് പുതുജീവിതം കണ്ടെത്തുന്നത്. കാൽകൊണ്ട്  യന്ത്രത്തിൽ ചവിട്ടിയാൽ ആവശ്യാനുസരണം സാനിറ്റൈസർ കൈകളിൽ എത്തും.  അതിനാൽ വൈറസ്‌ പകർച്ച ഉണ്ടാവില്ല. വൈദ്യുതിയുടെ ആവശ്യമില്ലാതെ തന്നെ ലളിതമായി ആർക്കും  പ്രവർത്തിപ്പിക്കാം. 
 തൃശൂർ മജസ്റ്റിക് മെഡികെയർ സിസ്റ്റംസ് എന്ന യൂണിറ്റ് നടത്തുന്ന ഒല്ലൂർ അഞ്ചേരി  ചക്കാലമുറ്റം ബൈജു, പെരുമ്പാവൂർ സ്വദേശി രഞ്ജു പത്രോസ്‌ എന്നിവർ ചേർന്നാണ്  ഫുട് പെഡൽ സാനിറ്റൈസർ ഡിസ്പെൻസർ  വികസിപ്പിച്ചത്. രഞ്ജുവാണ് യൂണിറ്റ് ഡിസൈൻ ചെയ്തത്. ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പ് നടത്തിയിരുന്ന ബൈജു,  രഞ്ജു പത്രോസ് എന്നിവർക്ക് കോവിഡ് വന്നതോടെ തൊഴിലില്ലാതായി. 
ഇരുമ്പ് സ്റ്റാൻഡിൽ യൂണിറ്റിനു മുകളിൽ സാനിറ്റൈസർ കുപ്പി ഘടിപ്പിക്കാം. കുപ്പി നട്ടിട്ട് പിടിപ്പിച്ചിരിക്കയാണ്. വലിപ്പമനുസരിച്ച് ആവശ്യാനുസരണം  മാറ്റംവരുത്താം. സാനിറ്റൈസറും ആവശ്യാനുസരണം ക്രമപ്പെടുത്താനാവും. മോട്ടോറില്ലാതെ തന്നെ കാൽകൊണ്ട് ചവിട്ടിയാൽ ഇത് പ്രവർത്തിപ്പിക്കാം. ആവശ്യാനുസരണം  അളവ് ക്രമീകരിക്കാം. 1600 രൂപയാണ് വില.      
സാധാരണ ഓഫീസുകളിൽ സാനിറ്റൈസർ നൽകാൻ ഒരാളെ ചുമതലപ്പെടുത്തണം. എന്നാൽ ഈ യൂണിറ്റ് സ്ഥാപിച്ചാൽ വന്നെത്തുന്ന ആർക്കും സ്വയം ചെയ്യാം.  മണ്ണുത്തി വെറ്ററിനറി കോളേജിൽ ഇതികനം യൂണിറ്റുകൾ  സ്ഥാപിച്ചു.  
 തൃശൂർ ഗവ. എൻജിനിറിങ് കോളേജ് വിദ്യാർഥികളായ പി എസ്‌ സൗരവ്,  പ്രണവ് ബാലചന്ദ്രൻ,  അശ്വിൻ കുമാർ, ചെറിയാൻ ഫ്രാൻസിസ് എന്നിവർ ഇത്തരം യൂണിറ്റ്‌ രൂപകൽപ്പന ചെയ്‌തിരുന്നു.  അധ്യാപകനായ അജയൻ ജെയിംസിന്റെ കീഴിലാണ്   വികസിപ്പിച്ചത്‌. മുളങ്കുന്നത്തുകാവ് ഗവ. ദന്തൽ കോളേജിൽ ഇവ സ്ഥാപിച്ചിരുന്നു. കെജിഒഎയുടെ സഹകരണത്തോടെയായിരുന്നു നിർമാണം.
പ്രധാന വാർത്തകൾ
 Top