19 January Sunday
എയ്‌ഡ്‌സ്‌ ദിനാചരണം

"ഞങ്ങൾ ഒപ്പമുണ്ട്‌'

സ്വന്തം ലേഖകന്‍Updated: Monday Dec 2, 2019

എയ്‌ഡ്‌സ്‌ ദിനാചരണത്തിന്റെ ഭാഗമായി തൃശൂർ നഗരത്തിൽ തീർത്ത മനുഷ്യച്ചങ്ങല

തൃശൂർ
"സമൂഹം വഴിയൊരുക്കും മാറ്റത്തിന്‌' എന്ന സന്ദേശവുമായി എയ്‌ഡ്‌സ്‌ ബോധവൽക്കരണത്തിന്റെ ഭാഗമായി വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ നഗരത്തിൽ മനുഷ്യച്ചങ്ങല തീർത്തു. കാർ, ബൈക്ക്‌, സൈക്കിൾ റാലിയും നടന്നു. ഫ്ലോട്ടുകളും നിരന്നു. ഫ്ലാഷ്‌മോബും കലാപരിപാടികളും അരങ്ങേറി. എച്ച്‌ഐവി ബാധിതരോട്‌ അവർ ഐക്യദാർഢ്യം   പ്രഖ്യാപിച്ചു, "ഞങ്ങൾ ഒപ്പമുണ്ട്‌'. ലോക എയ്‌ഡ്‌സ്‌ ദിനാചരണത്തോടനുബന്ധിച്ചാണ്‌ ആരോഗ്യവകുപ്പ്‌ ജില്ലയിൽ വിവിധ പരിപാടികൾ  സംഘടിപ്പിച്ചത്‌. 
ഇതിന്റെ ഭാഗമായി ഞായറാഴ്ച രാവിലെയാണ്‌ തൃശൂർ നഗരത്തിൽ മനുഷ്യച്ചങ്ങല തീർത്തത്‌. വിദ്യാർഥികൾക്കൊപ്പം പൊലീസും എക്‌സൈസും എൻസിസി കാഡറ്റുകളും ഉൾപ്പെടെ നൂറുകണക്കിന്‌ പേർ അണിനിരന്നു. തെക്കേഗോപുര നടയിൽ നടന്ന പൊതു സമ്മേളനം മേയർ അജിത വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മേരി തോമസ് അധ്യക്ഷയായി.   ജയരാജ്‌ വാര്യർ വിശിഷ്ടതിഥിയായി. ഡിഎംഒ ഡോ.കെ ജെ റീന മുഖ്യപ്രഭാഷണം നടത്തി. 
കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷ എം എൽ റോസി, ജില്ലാ പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷ മഞ്ജുള അരുണൻ, കൗൺസിലർ സമ്പൂർണ, ഫാ.നൈസൺ ഏലന്താനത്‌, പ്രൊഫ.മാധവൻകുട്ടി, രാജേഷ്, പി കെ ഇബ്രാഹിം ഫലാഹി തുടങ്ങിയവർ മുഖ്യാതിഥികളായി. ഡെപ്യൂട്ടി ഡിഎംഒ വി കെ മിനി, കുടുംബശ്രീ മിഷൻ ജില്ലാ കോ–-ഓർഡിനേറ്റർ ജ്യോതിഷ് തുടങ്ങിയവർ സംസാരിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ടി കെ അനൂപ് സ്വാഗതവും സജീവ് കുമാർ നന്ദിയും പറഞ്ഞു. "ഇതൾ' മരം നടീലും നടന്നു. ചടങ്ങിന്‌ മുന്നോടിയായി ഡിഎംഒ ഡോ.കെ ജെ റീന കലക്ടർ എസ്‌ ഷാനവാസിനെ  റെഡ്‌റിബൺ അണിയിച്ചു.
എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ മൈം, ഫ്ലാഷ് മോബ് എന്നിവയിൽ വിജയം നേടിയവർക്ക് ഡോ.ജോയ് മഞ്ഞില പുരസ്‌കാരങ്ങൾ നൽകി. മനുഷ്യച്ചങ്ങലയിൽ മികച്ച പ്രകടനം കാഴ്ചവച്ചതിന്‌ വെസ്റ്റ്ഫോർട്ട്‌ കോളേജ് ഓഫ് നഴ്സിങ്ങും മൈമിൽ ജൂബിലി കോളേജ് ഓഫ് നഴ്സിങ്ങും ഒന്നാംസ്ഥാനം കരസ്ഥമാക്കി. സ്കൂൾവിഭാഗം മൈം മത്സരത്തിൽ തൃശൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഒരുമാസം നീളുന്ന ക്യാമ്പയിൻ പരിപാടികളാണ് ജില്ലയിൽ എയ്ഡ്‌സ്ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.
പ്രധാന വാർത്തകൾ
 Top