19 January Sunday

തകർന്നടിഞ്ഞ ജീവിതം തിരിച്ചുപിടിച്ചു

സ്വന്തം ലേഖകൻUpdated: Monday Dec 2, 2019
തൃശൂർ
എച്ച്‌ഐവി ബാധിച്ചെന്നറിഞ്ഞിട്ടും അവൾ തളർന്നില്ല. നാടും വീടും ഒറ്റപ്പെടുത്തിയിട്ടും പിടിച്ചുനിന്നു. വർഷങ്ങൾ നീണ്ട സഹനം. ഒടുവിൽ ഇരുട്ട്‌ വീണ ദിനങ്ങളിലേക്ക്‌ വെളിച്ചമെത്തി. സർക്കാരിന്റെ സുരക്ഷാകേന്ദ്രം തുണയായി. ജീവിതത്തെ തിരിച്ചുപിടിച്ച കഥയാണ് തൃശൂർ സ്വദേശിനിയായ നാൽപ്പതുകാരിക്ക്‌  പറയാനുള്ളത്‌. ‘ഒറ്റപ്പെടുത്തരുത്‌, സമൂഹത്തിന്റെ സംരക്ഷണമാണ്‌ ഞങ്ങൾക്ക്‌ വേണ്ടത്‌’–- ഈ യുവതി പറഞ്ഞു. 
കഴിഞ്ഞ ദിനങ്ങൾ ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ്‌ ഇവർ ഓർക്കുന്നത്‌. ഇരുപതാം വയസ്സിൽ ആറ്‌ മാസം ഗർഭിണിയായിരിക്കുമ്പോഴാണ്‌ എച്ച്‌ഐവി ബാധിതയെന്നറിഞ്ഞത്‌. ഭർത്താവിൽനിന്നാണ്‌ പകർന്നത്‌. ഗൾഫിലായിരുന്നു ഭർത്താവിന്‌ ജോലി. എല്ലാ സ്വപ്‌നങ്ങളും അവസാനിച്ചുവെന്ന്‌ വിധിയെഴുതിയ കാലം. 
ഒന്നരവർഷത്തിനുള്ളിൽ ഭർത്താവ്‌ മരിച്ചു. കുഞ്ഞുമായി ഭർത്താവിന്റെ വീട്‌ വിട്ടിറങ്ങേണ്ടി വന്നു. കുഞ്ഞിന്‌ രോഗമുണ്ടായിരുന്നില്ല. സ്വന്തം വീട്ടിലേക്ക്‌ അഭയം തേടിയെങ്കിലും അവർക്കും ഭയമെന്ന്‌ തിരിച്ചറിഞ്ഞു. ജോലി തേടി ബംഗളൂരുവിലേക്ക് പോകേണ്ടിവന്നു. ചെറിയൊരു ജോലി കിട്ടി. കുറച്ചുനാൾ കഴിഞ്ഞ്‌ അവിടെയുള്ളവരും എച്ച്‌ഐവി ബാധിതയെന്നറിഞ്ഞു. ഇതോടെ നാട്ടിലേക്ക്‌ മടങ്ങി. എന്നാൽ വീട്ടിൽ കയറ്റിയില്ല. 
ഒരു ധ്യാനകേന്ദ്രത്തിലേക്കാണ്‌ പോയത്‌. വർഷങ്ങൾ അവിടെ കഴിഞ്ഞു. അവിടെ നിന്നാണ്‌ സർക്കാർ സുരക്ഷാകേന്ദ്രത്തിൽ എത്തിയത്‌. ഇവിടെ എല്ലാവരും തുണയായി. ജീവിതത്തിലേക്ക്‌ മടങ്ങിവന്നു.  വീട്ടുകാരും നാട്ടുകാരും ഉപേക്ഷിച്ചെങ്കിലും മകൾ ഒപ്പംനിന്നു. കോളേജ്‌ വിദ്യാർഥിയായ അവൾക്കായാണ്‌ എന്റെ ജീവിതം–- സ്വപ്‌നങ്ങൾ പങ്കുവച്ച്‌ അവർ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top