30 November Wednesday

ലഹരിവിമുക്ത,മാലിന്യമുക്ത നാടിനായി ഇന്ന്‌ ജനമനസ്സ്‌ ഒന്നിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Oct 2, 2022

 തൃശൂർ

യുവാക്കളെ വഴിതെറ്റിക്കുന്ന മയക്കുമരുന്ന്‌ ഉപയോഗം തടയാനും മാലിന്യമുക്ത നാട്‌ ഒരുക്കാനുമായി ഗാന്ധി ജയന്തിദിനമായ ഞായറാഴ്‌ച നാടാകെ ഒന്നിക്കും. ബോധവൽക്കരണ ക്ലാസുകൾ, സൈക്കിൾ റാലി, കൂട്ടയോട്ടം, പോസ്‌റ്റർ പ്രചാരണങ്ങൾ, നവമാധ്യമ പ്രചാരണങ്ങൾ തുടങ്ങി വ്യത്യസ്‌തതരം പരിപാടികളിലൂടെയാണ്‌ പ്രചാരണം സംഘടിപ്പിക്കുക. 
സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി  പൊലീസിന്റെ നേതൃത്വത്തിൽ ‘യോദ്ധാവ്‌’ പരിപാടി സംഘടിപ്പിക്കും.  രാമവർമപുരം പൊലീസ്‌ അക്കാദമിയിൽ ഇന്ത്യ റിസർവ്‌ ബറ്റാലിയൻ ആസ്ഥാനത്ത്‌ അഞ്ച്‌ കിലോമീറ്റർ ആന്റി നർക്കോട്ടിക്ക്‌ റൺ നടത്തും. രാവിലെ 7.30ന്‌ താണിക്കുടം സെന്ററിൽനിന്ന്‌ ആരംഭിച്ച്‌ ഇന്ത്യ റിസർച്ച്‌ ബറ്റാലിയൻ ആസ്ഥാനത്ത്‌ സമാപിക്കും. നൂറുകണക്കിനുപേർ കൂട്ടയോട്ടത്തിൽ അണിനിരക്കും. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ ഉദ്‌ഘാടനം ചെയ്യും.   
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ മാലിന്യ നിർമാർജനവും ലഹരിവിരുദ്ധ കൂട്ടായ്മയും സംഘടിപ്പിക്കും. ഏരിയകളിലെ വിവിധ ഇടങ്ങളിൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. ജില്ലാ ആയുർവേദ ആശുപത്രി, ജില്ലാ മെഡിക്കൽ ഓഫീസ്, കലക്ടറേറ്റ് തുടങ്ങിയ പത്തുകേന്ദ്രങ്ങളിൽ മാലിന്യനിർമാർജന പ്രവർത്തനങ്ങളും  ലഹരി വിമുക്ത കൂട്ടായ്മകളും   നടത്തും. ജില്ലാതല ഉദ്ഘാടനം  കലക്ടറേറ്റിൽ നടക്കും.  സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ രാവിലെ എട്ടിന്‌ തൃശൂർ റൗണ്ടിൽ ലഹരി വിമുക്ത  കൂട്ടയോട്ടം സംഘടിപ്പിക്കും. മേയർ എം കെ വർഗീസ്  ഉദ്ഘാടനം ചെയ്യും. 
തൃശൂർ റവന്യൂ ജില്ലാ ജൂനിയർ റെഡ്ക്രോസിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ‘ഉണർവ്' എന്നപേരിൽ റാലി സംഘടിപ്പിക്കും. സിഎംഎസ്‌ സ്കൂൾ പരിസരത്തുനിന്ന് രാവിലെ 8.30ന് ആരംഭിക്കുന്ന റാലി തൃശൂർ ഹോളി ഫാമിലി സ്കൂളിൽ സമാപിക്കും. തൃശൂർ എക്സൈസ് ഡെപ്യൂട്ടി കമീഷണർ കെ പ്രേംകൃഷ്ണ ഫ്ളാഗ് ഓഫ് ചെയ്യും. 
രാഷ്‌ട്രീയ പാർടികൾ, സന്നദ്ധ സംഘടനകൾ, യുവജന വിദ്യാർഥി സംഘടനകൾ, ക്ലബ്ബുകൾ, വായനശാലകൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ നാടാകെ ബോധവൽക്കരണ പരിപാടികൾ നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top