15 June Tuesday

കോവിഡിന്‌ മുന്നിലും ഇവർ തോൽക്കില്ല ദേ, ഇവരാണ്‌‌ യുവമുകുളങ്ങൾ, കൊടു കൈ

ടി എൻ കേശവൻUpdated: Sunday Aug 2, 2020

 

 
വടക്കാഞ്ചേരി
കോവിഡിനോട്‌ പൊരുതി നാടിനുവേണ്ടി 82 ദിനരാത്രങ്ങൾ. വീട്ടിലേക്ക്‌പോലും പോകാതെ നിരീക്ഷണ കേന്ദ്രത്തിൽ  അഹോരാത്രം സേവനം.  കടങ്ങോട് പഞ്ചായത്തിലെ  ഏഴ്‌ ഡിവൈഎഫ്ഐ പ്രവർത്തകരാണ്‌  സ്വന്തം ജീവൻപോലും അപകടത്തിലാവുമ്പോഴും നാടിന്‌വേണ്ടി  നിലകൊണ്ടത്‌‌.  
നിരീക്ഷണ കേന്ദ്രങ്ങൾ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളാക്കി   മാറ്റിയതോടെയാണ്‌  ഇവർ വീട്ടിലേക്ക് മടങ്ങിയത്. തങ്ങളുടെ കൊവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവാണെന്ന് ഉറപ്പുവരുത്തിയശേഷമാണ്‌ മടക്കം.  മഹാമാരിയിൽനിന്ന് നാടിനെ കരകയറ്റാൻ  വീടുവിട്ട് ഇറങ്ങിത്തിരിച്ച യുവമുകുളങ്ങളെ നെഞ്ചേറ്റുകയാണ് നാടും നാട്ടുകാരും.
 ഡിവൈഎഫ്ഐ പ്രവർത്തകരായ വെള്ളറക്കാട്  നിയമംവീട്ടിൽ  ജോജു സ്റ്റീഫൻ, പന്നിത്തടം താഴത്തേതിൽ ആഷിഫ് അഹമ്മദ് ,  വെള്ളറക്കാട്  കോട്ടപറമ്പിൽ കെ എച്ച് ഷുഹൈബ്, എയ്യാൽ ആതോരുപറമ്പിൽ എ എം ഹിരൻ, എയ്യാൽ മഠത്തുംപുറം എം ബി വിഷ്ണു, കിടങ്ങൂർ പുത്തൻപീടികയിൽ, പി എസ് ഹംസത്ത് സുഹൈദ്, ആദൂർ കരുമത്തിൽ കെ യു വികാസ് എന്നിവരാണ്  വളണ്ടിയർമാരായി   പ്രവർത്തനം കാഴ്ചവച്ചത്. യൂത്ത് കോ–-ഓർഡിനേറ്റർ  അനൂഷ് സി മോഹന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം.  വെള്ളറക്കാട് തേജസ് എൻജിനിയറിങ് കോളേജ്, അക്കിക്കാവ് റോയൽ എൻജിനിയറിങ് കോളേജ്, വെള്ളറക്കാട് ഗവ. ആയുർവേദ ആശുപത്രി  എന്നിവിടങ്ങളിലായിരുന്നു സേവനം. നിരീക്ഷണത്തിലുള്ളവർക്ക് ഭക്ഷണം, മരുന്ന്, മറ്റ്  അവശ്യ സാധനങ്ങൾ എന്നിവ നൽകുക, ശുചീകരണം, അണുനശീകരണം  തുടങ്ങി  സേവനങ്ങളെല്ലാം  ഇവർ നിർവഹിച്ചു.  
മൂന്നു ഘട്ടങ്ങളിലായി 343 പേരാണ്  നിരീക്ഷണ കേന്ദ്രങ്ങളിൽ  കഴിഞ്ഞിരുന്നത്.  ഇവരിൽ പലരും മാനസിക സംഘർഷങ്ങൾ അനുഭവിച്ചിരുന്നു.  ചിലർ വഴക്കുണ്ടാക്കി. ഇതെല്ലാം കണ്ടും  കേട്ടും സഹിച്ചും  അവരെ ആശ്വസിപ്പിച്ചുമായിരുന്നു യുവാക്കളുടെ കരുതലോടെയുള്ള പ്രവർത്തനം. സ്വന്തം ആരോഗ്യത്തിനും കരുതലേകി.
കടങ്ങോട് പഞ്ചായത്ത്  പ്രസിഡന്റ്‌  രമണി രാജൻ, അസി. സെക്രട്ടറി ഷൈനി, എന്നിവരുടെ നേതൃത്വത്തിൽ സന്നദ്ധപ്രവർത്തകരെ അനുമോദിച്ചു.  എയ്യാലിൽ  പാതയോരത്ത്  കുഴഞ്ഞുവീണ് മരിച്ച മധ്യവയസ്കന്റെ  മൃതദേഹം കൊവിഡ് പ്രോട്ടോകോൾ പ്രകാരം മെഡിക്കൽ കോളേജിലേക്ക്  പോസ്റ്റ്മോർട്ടത്തിന് എത്തിച്ചതും ഡിവൈഎഫ്ഐ  പ്രവർത്തകരാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top