14 August Friday
വനമഹോത്സവം ഉദ്‌ഘാടനം ഇന്ന്‌

പുത്തൂരിലെ മൃഗശാല തയ്യാറാവുന്നു

സ്വന്തം ലേഖികUpdated: Thursday Jul 2, 2020
തൃശൂർ
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള തൃശൂരിലെ മൃഗശാല പുത്തൂർ വനമേഖലയിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. 2018ലാണ് ഇവയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്‌. ഒന്നാംഘട്ട പ്രവർത്തനത്തിൽ ആരംഭിച്ച പക്ഷിക്കൂട്, കരിങ്കുരങ്ങ്, സിംഹവാലൻ കുരങ്ങ്, കാട്ടുപോത്ത് എന്നിവയ്ക്കുള്ള നാലു വാസസ്ഥലങ്ങളുടെ നിർമാണം അന്തിമഘട്ടത്തിലാണ്.
 2020 അവസാനത്തോടെ തൃശൂർ മൃഗശാലയിലെ മൃഗങ്ങളെ പുത്തൂരിലേക്ക് മാറ്റുകയാണ്‌. 
338 ഏക്കർ വനഭൂമിയിൽ വന്യമൃഗങ്ങൾക്കായി 23 വാസസ്ഥലങ്ങൾ, സൂ ആശുപത്രി, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നവയുൾപ്പെട്ട ഇന്ത്യയിലെ ആദ്യ സുവോളജിക്കൽ പാർക്ക് ആയി പുത്തൂർ പാർക്കിനെ മാറ്റുകയാണ് . ഇതിനായി 360 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബിയിൽ നിന്നു 269.75 കോടി രൂപ അനുവദിച്ചു. ബാക്കി തുക സംസ്ഥാനവിഹിതമായി ലഭിക്കും. 19 വാസസ്ഥലം, പാർക്കിങ്‌ സോൺ, ഓറിയന്റേഷൻ സെന്റർ, ബയോ ഡൈവേഴ്സിറ്റി സെന്റർ, സർവീസ് റോഡ്, ട്രാം റോഡ്, ജലവിതരണ സംവിധാനങ്ങൾ, വൈദ്യുതീകരണം മറ്റ്‌ അനുബന്ധ സൗകര്യങ്ങൾ എന്നിവയുടെ നിർമാണം കേന്ദ്ര പൊതുമരാമത്തിന്റെ നേതൃത്വത്തിൽ നടക്കുകയാണ്‌. വിവിധ ജീവികളുടെ ആവാസവ്യവസ്ഥക്ക് അനുയോജ്യമായ ലാൻഡ്സ്‌കേപ്പാണ് സുവോളജിക്കൽ പാർക്കിൽ സജ്ജീകരിക്കുക. 
ഇതിൽ പതിനായിരത്തോളം വനവൃക്ഷങ്ങൾ, അത്രയും മുളകൾ, പനകൾ എന്നിവയുടെ നടീലിന്റെ ഭാഗമായി  സുവോളജിക്കൽ പാർക്കിൽ വനമഹോത്സവം നടത്തും. ഇതിന്റെ  ഭാഗമായുള്ള വൃക്ഷവൽക്കരണം, ലാൻഡ്‌സ്‌കേപ്പിങ്‌, അതിജീവന വന നിർമാണം എന്നിവയുടെ ഉദ്ഘാടനം വ്യാഴാഴ്‌ച രാവിലെ പത്തിന്‌ മന്ത്രി കെ രാജു നിർവഹിക്കും. ചീഫ്‌ വിപ്പ്‌  കെ രാജൻ  അധ്യക്ഷനാവും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top