07 August Friday
കൊടുങ്ങല്ലൂർ ഗവ. ഗേൾ‌സ്‌ എച്ച്‌എസ്‌എസിന്‌

മധുരം തിരുമധുരം

സ്വന്തം ലേഖികUpdated: Thursday Jul 2, 2020
തൃശൂർ
എസ്‌എസ്‌എൽസി ഫലം വന്നതോടെ കൊടുങ്ങല്ലൂർ ഗവ. ഗേൾ‌സ്‌ ഹയർസെക്കൻഡറി സ്‌കൂളിന്‌ തിരുമധുരമാണ്‌. നൂറ്‌ ശതമാനം വിജയം. ഒപ്പം  ജില്ലയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്‌ നേടിയ കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന സർക്കാർ സ്‌കൂൾ എന്ന നേട്ടവും‌. പൊതുവിദ്യാഭ്യാസത്തിന്റെ പുനരുജ്ജീവനത്തിനും സംരക്ഷണത്തിനും ഊന്നൽ നൽകുന്ന എൽഡിഎഫ്‌ സർക്കാരിന് വിദ്യാർഥികൾ സമ്മാനിച്ചത്‌ പത്തരമാറ്റ്‌ വിജയം‌.  
സ്‌കൂളിൽ ഇത്തവണ പരീക്ഷയെഴുതിയ 277 പേരും ഉന്നതപഠനത്തിന്‌ അർഹരായതോടൊപ്പം 31 പേർക്ക്‌ മുഴുവൻ വിഷയത്തിലും എ പ്ലസ്‌ ലഭിച്ചു.  ഗവ. ഹൈസ്‌കൂൾ നന്തിക്കരയാണ്‌ രണ്ടാം സ്ഥാനത്തുള്ളത്‌. 30 പേർ. 
കഴിഞ്ഞ വർഷവും  കൊടുങ്ങല്ലൂർ ഗവ. ഗേൾ‌സ്‌ ഹയർസെക്കൻഡറി സ്‌കൂൾ നൂറ്‌ ശതമാനം വിജയം നേടിയിരുന്നു. 326 കുട്ടികൾ പരീക്ഷയെഴുതിയതിൽ 32 പേർക്ക്‌ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്‌ ലഭിച്ചതോടെ സംസ്ഥാനതലത്തിൽ അന്ന്‌ രണ്ടാം സ്ഥാനത്തെത്തി. 
കൃത്യമായ ഗൃഹപഠനത്തോടൊപ്പം അധ്യാപകർ കുട്ടികൾക്ക്‌ പ്രത്യേക പരിചരണം നൽകിയുമായിരുന്നു ആദ്യഘട്ടത്തിലെ പരീക്ഷാ ഒരുക്കങ്ങൾ. ലോക്ക്ഡൗൺ‌ മൂലം മാറ്റിവച്ച പരീക്ഷകൾക്ക്‌‌ പിന്നീട്‌ ഓൺലൈൻ ക്ലാസുകളും നൽക‌ി. അധ്യയന വർഷത്തിന്റെ തുടക്കത്തിൽത്തന്നെ കുട്ടികൾക്ക്‌ പരീക്ഷാമാർഗ നിർദേശങ്ങൾ നൽകിത്തുടങ്ങിയിരുന്നു. പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികൾക്കും അതിനനുസരിച്ചുള്ള പരിഗണന  നൽകി. പരീക്ഷ പുനരാരംഭിക്കാൻ തീരുമാനിച്ചതോടെ ആരോഗ്യവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം സ്‌കൂൾ അധികൃതർ കുട്ടികൾക്കായി ആരോഗ്യസുരക്ഷയൊരുക്കി. ഒരു വിദ്യാർഥി മാത്രമാണ്‌ നിരീക്ഷണത്തിൽ പരീക്ഷയെഴുതിയത്‌. അധ്യാപകരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ്‌ ഇങ്ങനൊരു വിജയം നേടാൻ കാരണമെന്ന്‌ പ്രധാനാധ്യാപിക ടി എ സീനത്ത്‌ പറഞ്ഞു. 
പത്താംക്ലാസ്‌ വരെ എല്ലാ ക്ലാസുകളിലും പ്രൊജക്‌ടർ സഹായത്തോടെയാണ്‌ ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്‌. പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂൾ മികവ്‌ തെളിയിക്കാറുണ്ട്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top