07 July Tuesday

ഒല്ലൂക്കരയിൽ ബിഗ്‌സ്‌ക്രീനിൽ വിക്ടേഴ്‌സ്‌ ചാനൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

ഒല്ലൂക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസിൽ ഒരുക്കിയ ഓൺലൈൻ ക്ലാസ്‌

മണ്ണുത്തി

ഓൺലൈൻ ക്ലാസുകളിൽ വിദ്യാർഥികൾക്ക് പങ്കെടുക്കാനുള്ള സൗകര്യങ്ങളൊരുക്കി ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്. ഇന്റർനെറ്റ് സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിലെ  ഫ്രീ വൈ-ഫൈ സംവിധാനം പ്രയോജനപ്പെടുത്താം.  മറ്റ് കുട്ടികൾക്ക് എൽസിഡി പ്രൊജക്ടറോടുകൂടിയ ഓൺലൈൻ ക്ലാസ്‌ മുറിയും ഒരുക്കി. ഓൺലൈൻ ക്ലാസിന്റെ ഉദ്ഘാടനം പുസ്തകം നൽകി ഗവ. ചീഫ് വിപ്പ് കെ രാജൻ നിർവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ഐ എസ്‌  ഉമാദേവി അധ്യക്ഷയായി.
ഹാളിൽ ഒരേസമയം പത്ത്‌ വിദ്യാർഥികൾക്കാണ് പ്രവേശനം.  കൈ കഴുകാനുള്ള സൗകര്യം, സാനിറ്റൈസർ, മാസ്‌ക് എന്നിവയും ഒരുക്കിയിട്ടുണ്ട്. കുടിവെള്ള ലഭ്യത, ടോയ്‌ ലറ്റ് സൗകര്യം എന്നിവയും ഉറപ്പാക്കും.  വിദ്യാർഥികൾ സാമൂഹിക അകലം പാലിക്കുന്നതിനാവശ്യമായ നടപടികളും സ്വീകരിക്കും. ഓരോ ക്ലാസിനുശേഷവും ഇരിപ്പിടം അണുവിമുക്തമാക്കുന്നതിനുള്ള സജ്ജീകരണമുണ്ട്‌.  
സർക്കാർ സിലബസിനു പുറമേ മറ്റു സിലബസിലുള്ള വിദ്യാർഥികൾക്കും ബ്ലോക്ക് പഞ്ചായത്തിലെ ഫ്രീ വൈഫൈ സംവിധാനം ഉപയോഗിക്കാമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐ എസ് ഉമാദേവി പറഞ്ഞു.   തിങ്കൾമുതൽ വെള്ളിവരെയുള്ള ദിവസങ്ങളിൽ ഓൺലൈൻ അധ്യയനം ഉണ്ടാകും. ബ്ലോക്ക് പഞ്ചായത്തിലേക്ക് എത്തിച്ചേരാൻ സൗകര്യമുള്ള ഏതു വിദ്യാർഥികൾക്കും   ഈ സംവിധാനം ഉപയോഗിക്കാം.   മന്ത്രി പ്രൊഫ.                                                                        സി രവീന്ദ്രനാഥിന്റെ നിർദേശപ്രകാരം അന്തിക്കാട്, ഇരിങ്ങാലക്കുട ബ്ലോക്കുകളിലും സമാന പദ്ധതിക്ക് തുടക്കമായി.
പ്രധാന വാർത്തകൾ
 Top