12 July Sunday
ആരവം മറന്ന്‌ സ്‌കൂൾ മുറ്റങ്ങൾ

ക്ലാസ്‌റൂം വീട്ടിലെത്തി; പാഠാവലി തുറന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020
തൃശൂർ
കോവിഡിനെ തോൽപ്പിക്കാൻ  വീടുകൾ ക്ലാസ്‌മുറികളായി.  ജില്ലയിൽ മൂന്ന്‌‌ ലക്ഷത്തോളം വീടുകളാണ്‌ ഒരേ സമയം ക്ലാസുമുറികളായി മാറിയത്‌.  സ്‌കൂൾ മുറ്റത്ത്‌ വിദ്യാർഥികൾ എത്തിയില്ലെങ്കിലും രാവിലെ 8.30ന്  മണി മുഴങ്ങി. പ്രവേശനോത്സവത്തിന്റെ ആരവവും മിഠായി വിതരണത്തിന്റെ മധുരവും ഇല്ലാതെ‌ ഓൺലൈൻ ക്ലാസിനാണ്‌  ഫസ്റ്റ് ബെൽ മുഴങ്ങിയത്‌. 
വീടുകളിൽ ഇരുന്ന്‌ ഓരോ കുട്ടിയും സർക്കാർ ഒരുക്കിയ  കൈറ്റ്‌ വിക്‌ടേഴ്‌സ്‌ ചാനലിലൂടെ ഓൺലൈൻ ക്ലാസുകളിൽ പങ്കാളികളായി.   പ്ലസ്‌ടു ക്ലാസിലേയും രണ്ടു ‌ മുതൽ പത്താം ക്ലാസ്‌ വരെയുമുള്ള 2,86,947 വിദ്യാർഥികളിൽ ഭൂരിപക്ഷവും  ഓൺലൈൻ ക്ലാസിൽ  ഹാജരായി. വീട്ടിൽ ടെലിവിഷനും കേബിൾ കണക്ഷനും ഇല്ലാത്തവർക്കായി    മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന്റെ നിർദേശാനുസരണം  ഒല്ലൂക്കര, ഇരിങ്ങാലക്കുട, അന്തിക്കാട്  ബ്ലോക്ക്പഞ്ചായത്ത് ഓഫീസുകളിൽ ഓൺലൈൻ  സൗകര്യം ഒരുക്കിയിരുന്നു. 
ഇന്റർനെറ്റ് സൗകര്യമില്ലാത്ത കുട്ടികൾക്ക് അതത് ബ്ലോക്ക് പഞ്ചായത്തുകളുടെ കീഴിൽ ഫ്രീ വൈഫൈ സംവിധാനവും ഒരുക്കി. എൽസിഡി പ്രോജക്ടറോട് കൂടിയ ഓൺലൈൻ ക്ലാസ് മുറികളും മിക്ക പഞ്ചായത്തുകളും തയ്യാറാക്കി. കൂട്ടുകാരേയും സ്‌കൂളും കാണാൻ കഴിഞ്ഞില്ലെങ്കിലും വീടുകളിലിരുന്ന്‌ തന്നെ വിദ്യാർഥികൾക്ക്‌ അധ്യയനം ആരംഭിക്കാനായതിന്റെ സന്തോഷത്തിലാണ്‌ വിദ്യാർഥികളും രക്ഷിതാക്കളും. ഒന്നു മുതൽ പ്ലസ്‌ടുവരെയുള്ള ക്ലാസുകാർക്കാണ്‌‌ വിക്‌ടേഴ്‌സ്‌ ചാനലിലൂടെ ഓൺലൈൻ ക്ലാസുകൾ എടുക്കുന്നത്‌‌. തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിവസങ്ങളിൽ ഓൺലൈൻ അധ്യയനം‌ ഉണ്ടാവും. രാവിലെ 8.30മുതൽ വൈകിട്ട്‌ 5.30‌ വരെയാണ്‌  സംപ്രേഷണം. ക്ലാസ്‌ കഴിഞ്ഞയുടൻ  പാഠഭാഗം യുട്യൂബിലും നവമാധ്യമങ്ങളിലും ലഭ്യമാക്കും. രാത്രിയും ശനി, ഞായർ ദിവസങ്ങളിലും പുനഃസംപ്രേഷണം ഉണ്ടാവും. നല്ല നിലവാരവും ലളിതവുമായിരുന്നു ക്ലാസുകളെന്ന്‌ വിദ്യാർഥികൾ പറഞ്ഞു. വിദ്യാർഥികൾക്കൊപ്പം അധ്യാപകരും  വീട്ടിലിരുന്ന്‌ ക്ലാസുകൾ  കേൾക്കും. പാഠവുമായി ബന്ധപ്പെട്ട  സംശയങ്ങളും തുടർ പ്രവർത്തനങ്ങളും അതത്‌ സ്‌കൂളിലെ അധ്യാപകർ വിദ്യാർഥികളുമായി പങ്കുവയ്‌ക്കും.  
സർക്കാർ നിർദേശം ലഭിക്കുംവരെ അധ്യാപകരോ കുട്ടികളോ സ്കൂളിൽ വരേണ്ടതില്ല.  ടിവി സൗകര്യം ഇല്ലാത്ത കുട്ടികളുടെ കണക്കെടുത്ത്‌ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, എംഎൽഎ ഫണ്ട്‌,  വായനശാലകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ പഠനസഹായം ലഭ്യമാക്കും.
പ്രധാന വാർത്തകൾ
 Top