17 January Sunday

കോവിഡ് രോഗികൾക്കും ക്വാറന്റൈൻകാർക്കും വോട്ട് ഇങ്ങനെ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 1, 2020

 

തൃശൂർ
കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും തദ്ദേശതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ക്രമീകരണങ്ങളൊരുക്കി തെരഞ്ഞെടുപ്പ് കമീഷൻ. സ്‌പെഷ്യൽ വോട്ടർ എന്ന പരിഗണനയിൽ സ്പെഷ്യൽ ബാലറ്റാണ് ഇവർക്ക്. പോളിങ് ഉദ്യോഗസ്ഥർ എത്തുമ്പോൾ ഇവർ നിർബന്ധമായും മാസ്ക് ധരിച്ച്‌ കൈകൾ അണുനശീകരണം നടത്തണം. ഉപയോഗിക്കേണ്ട പേന, പശ മുതലായവ സ്വയം കരുതുന്നതാണ് അഭികാമ്യം.
സ്പെഷ്യൽ വോട്ടർമാർക്ക്‌ പോളിങ് ബൂത്തിൽ വോട്ട് ചെയ്യാനാവില്ല. ക്വാറന്റൈനിൽ കഴിയുന്നവരുടെ പട്ടിക 10 ദിവസം മുമ്പ് മുതൽ ജില്ലാ തെരഞ്ഞെടുപ്പ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. എന്നാൽ രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലുള്ളവരുടെ പട്ടിക പ്രസിദ്ധീകരിക്കില്ല.
സ്പെഷ്യൽ വോട്ടർമാർക്ക് രണ്ടു തരത്തിലാണ്‌ വോട്ട്. തെരഞ്ഞെടുപ്പ് കമീഷൻ വെബ്സൈറ്റിൽനിന്ന് 19 ഡി ഫോറം ഡൗൺലോഡ് ചെയ്ത്‌ വോട്ടിനായി ഉപയോഗിക്കാം. ഇങ്ങനെ ചെയ്യുമ്പോൾ അർഹതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ചികിത്സയിലോ ക്വാറന്റീനിലോ ഇരിക്കുന്ന സ്ഥലത്ത് സ്പെഷ്യൽ പോളിങ് ഉദ്യോഗസ്ഥർ എത്തിക്കുന്ന ബാലറ്റ് പേപ്പറിലൂടെയും വോട്ട് ചെയ്യാം. ഇങ്ങനെ വോട്ട് ചെയ്ത് സ്പെഷ്യൽ ഓഫീസർമാരെത്തന്നെ ബാലറ്റ് പേപ്പർ തിരിച്ചേൽപ്പിക്കുകയോ അല്ലെങ്കിൽ തപാലിലൂടെ അയക്കുകയോ  ചെയ്യാം.
വോട്ട് ചെയ്യാൻ സമ്മതമാണോ എന്ന് ചോദിച്ചാണ് ഉദ്യോഗസ്ഥർ വോട്ട് ചെയ്യിക്കുക. തപാലിലൂടെ അയക്കുന്ന വോട്ട്‌ ഡിസംബർ 16ന്‌ മുമ്പ് റിട്ടേണിങ് ഓഫീസർമാർക്ക് ലഭിക്കണം. ഇത് അയക്കാൻ പണം അടയ്ക്കേണ്ടതില്ല. വൈകി ലഭിക്കുന്ന വോട്ടുകൾ അസാധുവാകും. സ്പെഷ്യൽ വോട്ടർമാരുടെ കെെയിൽ മഷിയടയാളം രേഖപ്പെടുത്തുകയില്ല.
പോളിങ് ഉദ്യോഗസ്ഥർ വരുമ്പോൾ തിരിച്ചറിയൽ കാർഡ് കെെയിൽ കരുതണം. വോട്ടു ചെയ്യേണ്ട തദ്ദേശസ്ഥാപനത്തിന്റെ പേര്, വാർഡ് നമ്പർ, പോളിങ് സ്റ്റേഷൻ നമ്പർ, വോട്ടർപട്ടികയിലെ ക്രമനമ്പർ എന്നിവയും എഴുതി സൂക്ഷിക്കണം. സ്പെഷ്യൽ വോട്ടർമാരെ രണ്ടു വിഭാഗമാക്കിയിട്ടുണ്ട്. 
വോട്ടെടുപ്പിന് 10 ദിവസം മുമ്പുള്ള തീയതിയിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരും കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരും ആദ്യവിഭാഗത്തിലാണ്‌. ഇതിനുശേഷമുള്ള ദിവസങ്ങളിലും തെരഞ്ഞെടുപ്പിന്റെ തലേന്ന്  മൂന്നുവരെയും ആരോഗ്യവകുപ്പ് ക്വാറന്റീൻ നിർദേശിക്കുന്നവരും പുതിയ കോവിഡ് രോഗികളുമാണ് രണ്ടാമത്തെ വിഭാഗത്തിൽ. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top