16 January Saturday

തൃശൂർ കുതിക്കും

സ്വന്തം ലേഖകന്‍Updated: Tuesday Dec 1, 2020

 

തൃശൂർ
സർവതോന്മുഖ വികസനം ലക്ഷ്യമിട്ടുള്ള ‌ എൽഡിഎഫ‌് ജില്ലാ പഞ്ചായത്ത്‌ പ്രകടന പത്രിക പുറത്തിറക്കി. കൃഷി, വിദ്യാഭ്യാസ, ആരോഗ്യ, തൊഴിൽ തുടങ്ങിയ മേഖലകളിൽ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ്‌ പത്രികയിൽ. പ്രധാനമായും 16 പരിപാടികളാണുള്ളത്‌‌.
കൃഷി
ഭക്ഷ്യസ്വയംപര്യാപ്‌ത ജില്ല എന്ന സ്വപ്‌നത്തിലേക്ക്‌ മുന്നേറും. തരിശുനിലയങ്ങളിൽ കൃഷി വ്യാപിപ്പിക്കും. എല്ലാ പഞ്ചായത്തുകളിലും സംഭരണ–-വിപണന കേന്ദ്രങ്ങൾ സ്ഥാപിക്കും. സമഗ്ര കോൾവികസന പദ്ധതി. വിദ്യാലയവളപ്പിൽ പച്ചക്കറി കൃഷി. കാർഷിക വിപണി ഓൺലൈനിലും കേന്ദ്രീകരിക്കും. ഏത്‌ കാലാവസ്ഥയിലും കൃഷി മുടങ്ങാതിരിക്കാൻ ‘മഴമറ’ സഹായം. ജില്ലാ ഫാമുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തി ഗുണമേന്മയുള്ള വിത്തും തൈയും നൽകും. തൊഴിലാളി ക്ഷാമം പരിഹരിക്കാൻ ഗ്രീൻ ആർമി രുപീകരിക്കും. കാർഷിക സർവകലാശാലയുടെ നേതൃത്വത്തിൽ ശാസ്‌ത്രീയ കൃഷിയിലേക്ക്‌ യുവാക്കളെ ആകർഷിക്കുന്നതിനായി പരിശീലനവും ധനസഹായവും നൽകും. കാർഷിക–-കാർഷികേതര മേഖലയിൽ ഒരു ലക്ഷം പേർക്ക്‌ പുതുതായി തൊഴിൽ. 
മൃഗസംരക്ഷണം–-ക്ഷീരവികസനം
ഗുണനിലവാരമുള്ള മൃഗസമ്പത്ത്‌ വർധിപ്പിക്കും. മൃഗാശുപത്രികളുടെ പ്രവർത്തനം ശക്തിപ്പെടുത്തും. കോഴിഗ്രാമം പദ്ധതി. സർക്കാരിന്റെ ‘കേരള ചിക്കൻ പദ്ധതി’ക്ക്‌ സഹായകമായി ഉൽപ്പാദക–-വിപണന യൂണിറ്റുകൾ കുടുംബശ്രീയുമായി ചേർന്ന്‌ നടപ്പിലാക്കും. തൊഴിലുറപ്പുമായി ബന്ധപ്പെടുത്തി തീറ്റപ്പുൽകൃഷി വ്യാപിപ്പിക്കും. ശാസ്‌ത്രീയ അറവുശാലകൾ സ്ഥാപിക്കാൻ തദ്ദേശസ്ഥാപനങ്ങളെ സഹായിക്കും. 
 മത്സ്യബന്ധനം
മത്സ്യക്കുഞ്ഞുങ്ങളുടെ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കും. തൊഴിലാളികൾക്ക്‌ അവർ പിടിക്കുന്ന മത്സ്യത്തിന്‌ ന്യായവില ലഭ്യമാക്കുന്നതിന്‌ മാർക്കറ്റിങ്‌ സംവിധാനം. പൊതുജലാശയങ്ങളിൽ പത്ത്‌ ലക്ഷം മത്സ്യവിത്ത്‌ നിക്ഷേപിക്കും. തുറസ്സായ ജലാശയങ്ങളിൽ കൂടുകൃഷി വ്യാപിപ്പിക്കും.
മണ്ണ്‌–-ജലം–-പരിസ്ഥിതി
‘ജലരക്ഷ–-ജീവരക്ഷ’‌ പ്രൊജക്ട്‌ തുടരും. നീർത്തടസംരക്ഷണം ഉറപ്പാക്കും. മഴവെള്ള സംഭരണത്തിന്‌ പ്രത്യേക പദ്ധതി. മാലിന്യസംസ്‌കരണ പദ്ധതി വിപുലപ്പെടുത്തും. കടലാക്രമണ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കും. പട്ടയം ഇല്ലാത്തവർക്ക്‌ പട്ടയം ലഭിക്കുന്നതിന്‌ സർക്കാരുമായി ചേർന്ന്‌ പ്രവർത്തിക്കും. കടൽത്തീരങ്ങളിൽ വൃക്ഷവൽക്കരണം. അപൂർവ വൃക്ഷങ്ങൾ സംരക്ഷിക്കുന്ന വ്യക്തികൾക്ക്‌ സഹായം. കനാലുകൾ നവീകരിക്കും. 
വ്യവസായം–-തൊഴിൽ
സ്വയംതൊഴിൽ പദ്ധതിയായ ‘സംരഭ’ നടപ്പാക്കും. കുടുംബശ്രീയുമായി ചേർന്ന്‌ ’ഷീ പാഡ്‌’ നിർമാണ യൂണിറ്റ്‌. പ്രാദേശിക ഉൽപ്പന്നങ്ങളുടെ ഓൺലൈൻ വിൽപ്പന. പരമ്പരാഗത കരകൗശല, സൂക്ഷ്‌മ ഇടത്തരം വ്യവസായങ്ങൾക്കുള്ള പ്രത്യേക പ്രോത്സാഹന പദ്ധതി. സംരംഭക–-നിക്ഷേപക സംഗമങ്ങൾ നടത്തും. വനിതാ മേസൺ പരിശീലനങ്ങൾ. 
പാർപ്പിടം
സമ്പൂർണ പാർപ്പിട ജില്ലയാക്കി തൃശൂരിനെ മാറ്റും. ലൈഫ്‌ പദ്ധതിയുമായി സംയോജിച്ച്‌ എല്ലാവർക്കും വീട്‌ നൽകും. തൊഴിലുറപ്പ് പദ്ധതിയും പാര്‍പ്പിടം നിര്‍മാണവും സംയോജിപ്പിച്ച് കൂടുതല്‍ സൗകര്യപ്രദമായ വീടുകള്‍ നിര്‍മിക്കുന്നതിന് നടപടി സ്വീകരിക്കും. 
ആരോഗ്യം
കോവിഡ്‌ വാക്‌സിൻ ലഭ്യമാകുന്ന മുറയ്‌ക്ക്‌ വിതരണം ഫലപ്രദമാക്കും. കാൻസർ രോഗം നേരത്തെ കണ്ടെത്താനും ചികിത്സാ സൗകര്യം ഏർപ്പെടുത്താനുമുള്ള ‘കാൻ തൃശൂർ’ തുടരും. ജനറൽ–-താലൂക്ക്‌–-ജില്ലാ ആശുപത്രികളിലെ സൗകര്യങ്ങൾ വർധിപ്പിക്കും. ഡയാലിസിസിന്‌ പ്രത്യേക ധനസഹായം. കുട്ടികളിലും, മുതിര്‍ന്നവരിലും വര്‍ധിച്ചുവരുന്ന ഉല്‍കണ്ഠ, ഡിപ്രഷന്‍ തുടങ്ങിയ മാനസിക പ്രശ്നങ്ങള്‍ക്കുള്ള കൗണ്‍സിലിങ്ങും ചികിത്സയും ഉറപ്പാക്കുന്ന പരിപാടി ആരോഗ്യവകുപ്പുമായി ചേര്‍ന്ന് നടപ്പിലാക്കും. ജീവിതശൈലീ രോഗങ്ങള്‍ക്കായുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കും. പകര്‍ച്ചവ്യാധി പ്രതിരോധ നടപടികള്‍ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കും. പാലിയേറ്റീവ് പരിചരണം ആരോഗ്യവകുപ്പിന്റേയും സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തത്തോടെ വിപുലമായ പാലിയേറ്റീവ് പരിചരണ സംവിധാനം ജില്ലയില്‍ ഒരുക്കും. ആശുപത്രികളില്‍ കൂട്ടിരിപ്പുകാര്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും
വിദ്യാഭ്യാസം
‘വിജ്ഞാൻ സാഗർ’ പ്രവർത്തനങ്ങൾ വിപുലീകരിക്കും. ശാസ്‌ത്ര പാർക്ക്‌, 3 ഡി തിയറ്റർ, പ്ലാനറ്റോറിയം എന്നിവ സ്ഥാപിക്കും. സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തും. എല്ലാ സ്‌കൂളുകളിലും കളിസ്ഥലം. വൊക്കേഷണല്‍ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. സ്കൂളുകളില്‍ ജൈവ വൈവിധ്യ പാര്‍ക്കുകള്‍ സ്ഥാപിക്കും എല്ലാ സ്കൂളുകളിലും കളിസ്ഥലങ്ങള്‍ ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കും. തീരദേശമേഖലയിലെ വിദ്യാര്‍ഥികള്‍, പട്ടികജാതി‐പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക്‌ പ്രത്യേക വിദ്യാപോഷണ പരിപാടികള്‍ നടപ്പിലാക്കും. എല്ലാ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കും ചുറ്റുമതില്‍ നിര്‍മിക്കും. 
ശുചിത്വം മാലിന്യസംസ്കരണം 
മാലിന്യ സംസ്കരണം ഒരു പ്രധാന ഉത്തരവാദിത്തമായി ഏറ്റെടുക്കും. വിവിധ പ്രൊജക്ടുകളിലൂടെ ജില്ലയെ മാലിന്യരഹിതമാക്കും. തദ്ദേശസ്ഥാപനങ്ങള്‍, പൊതുജനങ്ങള്‍ എന്നിവരെയെല്ലാം കൂട്ടിയിണക്കി ബോധവല്‍ക്കരണം നടത്തും. പ്രൊജക്ടുകള്‍ നടപ്പിലാക്കുന്നതിന് സഹായങ്ങള്‍ നല്കും. ജൈവമാലിന്യം വളമാക്കിമാറ്റാന്‍ സാങ്കേതികവും സാമ്പത്തികവുമായ സഹായം നല്കും. അറവ് മാലിന്യങ്ങള്‍ ശാസ്ത്രീയവുമായി സംസ്കരിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളുമായി ചേര്‍ന്നു പദ്ധതികള്‍ നടപ്പിലാക്കും. 
മറ്റ്‌ പ്രധാന 
വാഗ്‌ദാനങ്ങൾ
മുഴുവൻ വീടുകളിലും കുടിവെള്ളം, ജില്ലയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി പുതിയ പദ്ധതികള്‍ ആവിഷ്കരിക്കും. സര്‍ക്കാരും വിവിധ വകുപ്പുകളുമായി ചേര്‍ന്നു സ്കീമുകള്‍ ആവിഷ്കരിക്കും. വാട്ടര്‍ അതോറിറ്റിയുമായി ചേര്‍ന്ന് ലൈന്‍ എക്സ്റ്റന്‍ഷനായി നടപടികള്‍ സ്വീകരിക്കും. 
ജലസ്രോതസ്സുകളുടെ ജലമലിനീകരണം തടയുന്നതിന് നടപടികള്‍ സ്വീകരിക്കും. മുഴുവൻ അങ്കണവാടികളും ഹൈടെക്കാക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top