07 September Saturday

പകല്‍ മുഴുവന്‍ മഴ മാറിനിന്നു:
ചാലക്കുടിക്കാര്‍ക്ക് ആശ്വാസം

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024
ചാലക്കുടി
പകൽ മുഴുവൻ മഴ മാറിനിന്നത് ചാലക്കുടിക്കാർക്ക് ആശ്വാസം നല്കി. പലയിടത്തും കെട്ടിനിന്ന വെള്ളമിറങ്ങി. പല ഭാഗത്തും ഗതാഗതവും സാധാരണഗതിയിലായി. എന്നാൽ കാടുകുറ്റി പഞ്ചായത്തിലെ ചാത്തൻചാൽ ഭാഗത്ത്‌ റോഡ് ഇപ്പോഴും വെള്ളക്കെട്ടിലാണ്. താലൂക്കിൽ ആകെ 21 ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്.  മണ്ഡലത്തിൽ മാത്രം 15 ക്യാമ്പുകളുമുണ്ട്. എല്ലാ ക്യാമ്പിലും മരുന്ന്, വൈദ്യ പരിശോധന, ഭക്ഷണം എന്നിവ ഒരുക്കിയിട്ടുണ്ട്. മഴ മാറിനിന്നതോടെ ചാലക്കുടിപുഴയിലെ ജലവിതാനവും താഴ്ന്നു. ചൊവ്വ 8.30മീറ്റർ വരെ ഉയർന്ന വെള്ളം ഇപ്പോൾ 5.30മീറ്ററായി താഴ്ന്നു. വൃഷ്ടി പ്രദേശത്ത് നീരൊഴുക്കുള്ളതിനാൽ പെരിങ്ങൽകുത്ത് ഡാമിന്റെ 5 ഷട്ടറുകൾ തുറന്നു. ആവശ്യം വന്നാൽ കൂടുതൽ ക്യാമ്പ്‌ തുടങ്ങാനുള്ള സജ്ജീകരണങ്ങളും അധികൃതർ ഒരുക്കിയിട്ടുണ്ട്. പുഴയിലേക്കിറങ്ങുന്നതടക്കമുള്ള പ്രവർത്തികൾക്ക് നിയന്ത്രണം തുടരും. ദുരന്തനിവാരണത്തിന്‌ സനീഷ്‌കുമാർ ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ ചാലക്കുടി താലൂക്ക് ഓഫീസിൽ അവലോകന യോഗം നടന്നു. അപകടസാധ്യതയുള്ള മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റുക, വെള്ളം കയറിയ വീടുകളിൽ അണുനശീകരണം നടത്തുക, കൃഷിനാശം സംബന്ധിച്ച് വിവരശേഖരണം നടത്തി കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കാൻ നടപടി വേഗത്തിലാക്കുക എന്നിവയ്‌ക്ക്‌ എംഎൽഎ നിർദേശം നല്കി. ഡാമിലെ ജലനിരപ്പ് താഴ്ത്താൻ നിയന്ത്രിത അളവിൽ വെള്ളം തുറന്ന് വിടുമെന്നും ഷോളയാറിൽ നിലവിൽ 72ശതമാനം വെള്ളവും പറമ്പിക്കുളം ഡാമിൽ 80ശതമാനം വെള്ളമുള്ളതായും ഡാം സേഫ്റ്റി ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. അതിരപ്പിള്ളി, വാഴച്ചാൽ വിനോദസഞ്ചാര മേഖലകൾ അടച്ചിട്ടിരിക്കുകയാണെന്നും വാഴച്ചാൽ -മലക്കപ്പാറ പാതയിൽ ഗതാഗതം നിരോധിച്ചിരിക്കുകയാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. അവധിയിൽ പ്രവേശിച്ച ഉദ്യോഗസ്ഥർക്ക് ജോലിയിൽ പ്രവേശിക്കാനും നിർദേശം നല്കി. അടിച്ചിൽതൊട്ടിയിൽ റോഡിലേക്ക് വീണ പാറ നീക്കുന്ന പ്രവർത്തികൾ പുരോഗമിക്കുകയാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top