08 August Saturday

ആംബുലൻസിൽ വന്ന്‌ പരീക്ഷയെഴുതി‌, ശ്രീദേവിക്ക്‌ വിജയക്കുതിപ്പ്‌

സ്വന്തം ലേഖകൻUpdated: Wednesday Jul 1, 2020

എല്ലാ വിഷയത്തിലും എ പ്ലസ്‌ നേടിയ ശ്രീദേവി

തൃശൂർ
കോവിഡിന്‌ നടുവിലും‌  കാടും മലയും താണ്ടി  ആ ആംബുലൻസ്‌ പാഞ്ഞു. അവളെ   പരീക്ഷക്കെത്തിച്ചു. ആ ഓട്ടം  വെറുതെയായില്ല. എല്ലാ വിഷയത്തിലും എ പ്ലസ് നേടി ഈ ആദിവാസി പെൺകൊടി ചരിത്രംരചിച്ചു. ഇവളുടെ പേര്‌ സി ശ്രീദേവി.   പഠിക്കാൻ മിടുക്കിയെങ്കിലും കോവിഡ് കാലത്ത് മാറ്റിവച്ച പരീക്ഷകളെഴുതാൻ അവൾക്കാകുമെന്ന് കരുതിയില്ല. കോവിഡ് പടർന്നുപിടിച്ച തമിഴ്നാട്ടിലെ വാൽപ്പാറ വനമധ്യത്തിലായിരുന്നു  താമസം. വൈദ്യുതിയെത്താത്ത ഉൾക്കാട്. വിവരങ്ങളറിയാൻ ടിവിയില്ല, ഫോണിന്‌ റേഞ്ചില്ല.  പക്ഷേ,   സർക്കാർ അവളെ കൈവിട്ടില്ല, 150 കിലോമീറ്റർ താണ്ടി ശ്രീദേവിയെ പരീക്ഷക്കെത്തിച്ചു. 
ചാലക്കുടി മോഡൽ റസിഡൻസ് സ്കൂൾ  വിദ്യാർഥിനിയാണ്‌. സ്‌കൂൾ ഹോസ്റ്റലിൽനിന്നാണ് പഠിച്ചിരുന്നത്. പരീക്ഷ മാറ്റിവച്ചതോടെ  പൊള്ളാച്ചിക്കടുത്ത്‌   തിരുമൂർത്തിക്കുന്നിലുള്ള  കാടമ്പാറ ആദിവാസി കോളനിയിലുള്ള അച്ഛൻ ചെല്ലമുത്തുവിന്റെ വീട്ടിലേക്ക് പോയതായിരുന്നു. 
പിന്നീടാണ്‌ ‌ പരീക്ഷ തീരുമാനിച്ചത്‌. ഈ വിവരം ശ്രീദേവി അറിഞ്ഞിരുന്നില്ല. എന്നാൽ എല്ലാ കുട്ടികളും പരീക്ഷയ്‌ക്ക് എത്തുമെന്ന്‌ ഉറപ്പാക്കാൻ സർക്കാർ  നിർദേശം വന്നതോടെ സ്‌കൂൾ അധികൃതരും പട്ടികവർഗക്ഷേമ ഓഫീസറും  ആദിവാസി കോളനികളിലെത്തി.  കുട്ടികളെ ഹോസ്റ്റലിലേക്കെത്തിച്ചു. അതിരപ്പിള്ളി അടിച്ചിൽത്തൊട്ടി ആദിവാസി കോളനിയിലുള്ള  അമ്മ കനകമ്മയുടെ വീട്ടിലെത്തിയപ്പോഴാണ്  ശ്രീദേവി തമിഴ്‌നാട്ടിൽ അച്ഛന്റെ വീട്ടിലേക്ക് പോയ വിവരം അറിഞ്ഞത്.    വനംവകുപ്പുദ്യോഗസ്ഥനായ പി എം പ്രഭു  വാച്ചറെ കാടമ്പാറ ഊരിലേക്ക് അയച്ച്‌ വിവരം അറിയിച്ചു.   തേനെടുക്കാൻപോയ അച്ഛൻ രാത്രിയാണ് തിരിച്ചെത്തിയത്. പരീക്ഷാദിവസം പുലർച്ചെ കാട്ടിലൂടെ നടന്നും ബൈക്കിലുമായി മലക്കപ്പാറയിലെത്തി. തുടർന്ന് വെറ്റിലപ്പാറ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ആംബുലൻസിലാണ് പരീക്ഷക്കെത്തിച്ചത്.   കോവിഡ്‌ നിബന്ധന പാലിച്ച്‌  പ്രത്യേകം മുറിയിൽ ഒറ്റക്കിരുത്തിയാണ് പരീക്ഷയെഴുതിച്ചത്.  ഹോസ്റ്റലിലും താമസിപ്പിച്ചു. പരീക്ഷ കഴിഞ്ഞ് ആംബുലൻസിൽത്തന്നെ വീട്ടിലെത്തിച്ചു. ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പഠിക്കുന്ന പട്ടികജാതിവിഭാഗക്കാരായ വി എം ഐശ്വര്യ, എം എസ്‌ സ്‌മേര എന്നിവരും എല്ലാ വിഷയത്തിലും എ പ്ലസ് നേടി.  ഈ സ്‌കൂൾ‌ നൂറുമേനി വിജയവുംകൊയ്‌തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top