04 July Saturday

ഒരു കുളം വീണ്ടെടുത്ത് വായനശാല

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020

കൂളിമുട്ടം നാണൻ സ്മാരക ഗ്രന്ഥശാലയുടെ നേതൃത്യത്തിൽ പുനരുദ്ധരിച്ച കുളം

കൊടുങ്ങല്ലൂർ 
വായനശാലയുടെ മുൻകൈയിൽ നൂറ്റാണ്ട് പഴക്കമുള്ള ഒരു കുളത്തെ വീണ്ടെടുക്കുന്നു.    കൂളിമുട്ടം നാണൻ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിലാണ് അഞ്ചര സെന്റ് വിസ്തൃതിയിൽ കുളം നവീകരിക്കുന്നത്. 
 നവീകരിക്കുന്നതിലും പുതുമ നൽകി. തികച്ചും പ്രകൃതി സൗഹൃദമായി ഓട് ഉപയോഗിച്ചാണ് കുളം കെട്ടിപ്പടുത്തത്. നാല് സെന്റ്‌ വിസ്തൃതിയിൽ ആഴം കൂട്ടി നവീകരിച്ചാണ് നിർമിതി. കുളത്തിന്റെ 12 പടവുകളും   ഓടുകൾ ഉപയോഗിച്ചാണ് പടുത്തത്. 
പഴയ ഓട്ടുകമ്പനി പൊളിച്ച കാൽലക്ഷം ഓടുകളാണ്  ഉപയോഗിച്ചത്. ഹുരുഡീസ് പാകി ബലപ്പെടുത്തിയ അടിഭാഗം ചെളി നിറയുന്നത് തടയും. സിമന്റ്‌  നിർമാണത്തിനായി ഉപയോഗിച്ചിട്ടില്ല. ഓടുകൾ മത്സ്യങ്ങളുടെയും ജലജീവികളുടെയും സ്വാഭാവിക പ്രജനനത്തിന് സഹായകമാവുമെന്നും ശിൽപ്പി സതീഷ് വള്ളത്തോൾനഗർ പറയുന്നു.
കൂളിമുട്ടത്തെ പ്രധാന ജലസ്രോതസുകളിലൊന്നായിരുന്നു ഈ കുളം. വിശാലമായ കുളത്തിലേക്ക് പണ്ടുകാലത്ത് അനേകം കൈത്തോടുകൾ വഴിയാണ് ജലം എത്തിയിരുന്നത്. കൈത്തോടുകൾ അപ്രത്യക്ഷമായതോടെ കുടിവെള്ള സ്രോതസ്സായിരുന്ന കുളം പിന്നീട് മത്സ്യം വളർത്തുന്ന ഇടം മാത്രമായി.  വായനശാലയുടെ കെട്ടിടനിർമാണത്തിനായി കുളത്തിനോട് ചേർന്ന് എട്ടര സെന്റ് ഭൂമി വാങ്ങിയതാണ് കുളത്തിന്റെ വീണ്ടെടുപ്പിന് നിർണായകമായത്.   കെട്ടിടം മൂന്ന് സെന്റിലൊതുക്കി കുളം നവീകരിക്കാൻ  തീരുമാനിച്ചു.
ജില്ലാപഞ്ചായത്ത് അംഗം നൗഷാദ് കൈതവളപ്പിൽ വഴി   നാല് ലക്ഷം രൂപയും മതിലകം പഞ്ചായത്ത് ഒരു ലക്ഷം രൂപയും അനുവദിച്ചു.  ഒരു ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ആദ്യമായാണ് ഇത്തരം ശ്രമമെന്ന് നാണൻ സ്മാരക ഗ്രന്ഥാലയത്തിന്റെ ഭാരവാഹികളായ കെ എസ് ശ്രീജിത്ത്, ഇ എസ് അമൽദേവ് എന്നിവർ പറഞ്ഞു.  90 ശതമാനം പ്രവൃത്തിയും പൂർത്തീകരിച്ചു. കുളത്തിന് ചുറ്റും ടൈൽ വിരിക്കുന്ന പ്രവൃത്തി മാത്രമാണ് ഇനിയുള്ളത്. കുളക്കടവ് സാംസ്‌കാരിക ഇടമായും ഉപയോഗിക്കാവുന്ന വിധമാണ് രൂപകൽപ്പന.
പ്രധാന വാർത്തകൾ
 Top