08 July Wednesday

വീട്ടിൽ ടിവി ഇല്ലെങ്കിലും വിക്ടേഴ്‌സ്‌ കാണാം

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020

തൃശൂർ

വീട്ടിൽ ടിവിയില്ലേ, വിഷമിക്കേണ്ട ഓൺലൈൻ പഠനത്തിന് ഒല്ലൂക്കര ബ്ലോക്ക് സൗകര്യമൊരുക്കും. വീടുകളിൽ ഇന്റർനെറ്റ് സൗകര്യവും ടിവിയും ഇല്ലാത്തവർക്ക് വൈഫൈ സൗകര്യമൊരുക്കി ബിഗ് സ്ക്രീനിൽ വിക്ടേഴ്‌സ്‌ ചാനൽ കാണിക്കും. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചും സാമൂഹിക അകലം പാലിച്ചുമാണ് സൗകര്യം. പുതിയ അധ്യയന വർഷത്തെ ഫസ്റ്റ് ബെൽ തിങ്കളാഴ്ച മുഴങ്ങുന്നതോടെ ഓൺലൈൻ ക്ലാസുകളിൽ വിദ്യാർഥികൾക്ക് പങ്കെടുക്കാനുള്ള സൗകര്യങ്ങൾ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്‌ ഒരുക്കി. ഒന്നാം ക്ലാസ്‌ മുതൽ പ്ലസ്‌ടുവരെയുള്ളവർക്കാണ് വിവിധ സമയങ്ങളിലായി  ഓൺലൈൻ ക്ലാസുകൾ സർക്കാർ ഒരുക്കിയിരിക്കുന്നത്. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ഓൺലൈൻ അധ്യയനം ഉണ്ടാകും. രാവിലെ 8.30 മുതൽ വൈകിട്ട് ആറുവരെയാണ് ക്ലാസുകൾ സംപ്രേക്ഷണം ചെയ്യുന്നത്. ഇന്റർനെറ്റ്‌, മൊബൈൽ ഫോൺ തുടങ്ങിയ സൗകര്യങ്ങൾ ഒന്നും ലഭ്യമല്ലാത്ത നിർധനന കുടുംബങ്ങളിലെ വിദ്യാർഥികൾക്കായി ഒല്ലൂക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ എൽസിഡി പ്രൊജക്ടടക്കം എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഒരേ സമയം പരമാവധി പത്ത്‌ വിദ്യാർഥികൾക്ക്‌  മാത്രമേ പ്രവേശനമുള്ളൂ. കോവിഡ് മാർഗനിർദേശങ്ങൾക്കനുസൃതമായാണ് സംവിധാനം പ്രവർത്തിക്കുക. ഇതിനായി കൈ കഴുകുന്നതിനുള്ള സൗകര്യം, സാനിറ്റൈസർ, മാസ്ക് എന്നിവ ഒരുക്കിയിട്ടുണ്ട്. കുടിവെള്ള ലഭ്യത, ടോയ്‌ലറ്റ്‌ സൗകര്യങ്ങൾ എന്നിവയും ഉറപ്പാക്കി. കൂടാതെ വിദ്യാർഥികൾ സാമൂഹിക അകലം പാലിക്കുന്നതിന് ആവശ്യമായ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ഓരോ ക്ലാസിനു ശേഷവും ഇരിപ്പിടങ്ങൾ അണുവിമുക്തമാക്കും. മാസ്ക് ധരിച്ച വിദ്യാർഥികളെ മാത്രമേ ബ്ലോക്ക് പഞ്ചായത്ത്‌ അങ്കണത്തിൽ പ്രവേശിപ്പിക്കുകയുള്ളൂ. 
ഇവിടേക്ക് എത്തിച്ചേരാൻ സൗകര്യമുള്ളവർക്കെല്ലാം സംവിധാനം ഉപയോഗിക്കാം. സർക്കാർ സിലബസിന്‌ പുറമെ മറ്റു സിലബസിലുള്ള വിദ്യാർഥികൾക്കായി നടത്തുന്ന ക്ലാസുകളിൽ  പങ്കെടുക്കുന്നതിനും ബ്ലോക്ക്‌ പഞ്ചായത്തിലെ ഫ്രീ വൈഫൈ സംവിധാനം ഉപയോഗിക്കാമെന്ന്‌ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഐ എസ് ഉമാദേവി പറഞ്ഞു.
പ്രധാന വാർത്തകൾ
 Top