22 October Tuesday
പിഎസ്‌സി പരീക്ഷയിൽ ക്രമക്കേട്‌

സ്‌മാർട്ട്‌ വാച്ചും ഫോണും നശിപ്പിച്ചെന്ന്‌ പ്രതി

സ്വന്തം ലേഖകൻUpdated: Saturday Aug 31, 2019
തിരുവനന്തപുരം 
പിഎസ്‍സി സിവിൽ പൊലീസ്‌ ഓഫീസർ പരീക്ഷയിൽ ഉത്തരം ചോർത്താൻ ഉപയോഗിച്ച സ്‌മാർട്ട്‌ വാച്ചും മൊബൈൽ ഫോണും ഉപേക്ഷിച്ചത്‌ മൂന്നാറിൽ. മൂന്നാറിലെ തണ്ണിയാറിലാണ്‌ ഇവ ഉപേക്ഷിച്ചത്‌. ഇതേ തുടർന്ന്‌ പ്രതി ആർ ശിവരഞ്‌ജിത്തിനെ മൂന്നാറിൽ എത്തിച്ച്‌ തെളിവെടുപ്പ്‌ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. 
 
വെള്ളിയാഴ്‌ച ഉച്ചയോടെ ഡിവൈഎസ്‌പി ഹരികൃഷ്‌ണന്റെ നേതൃത്വത്തിൽ ശിവരഞ്ജിത്തിനെ  മൂന്നാറിൽ എത്തിച്ചു. വാച്ചും ഫോണും ഉപയോഗിച്ച സ്ഥലം ഉദ്യോഗസ്ഥർക്ക്‌  കാട്ടിക്കൊടുത്തു.  പരീക്ഷ തുടങ്ങിയശേഷം  ഉത്തരം  സ്മാർട്ട് വാച്ചുകളിലേക്ക്   എസ്എംഎസുകളായാണ്‌ വന്നത്‌. സിവിൽ പൊലീസ്‌ ഓഫീസർകൂടിയായ ഗോകുലും കേസിലെ മറ്റൊരു പ്രതി പ്രണവിന്റെ അയൽവാസി സഫീറുമാണ്‌ ഉത്തരങ്ങൾ എസ്എംഎസ്‌ അയച്ചത്‌. പ്രണവാണ് ഉത്തരം ചോർത്തലിലെ പ്രധാനിയെന്നാണ്‌ ശിവരഞ്ജിത്തിന്റെ മൊഴി.
യൂണിവേഴ്‌സിറ്റി കുത്തുകേസിൽ റിമാൻഡിലായ ശിവരഞ്ജിത്തിനെയും നസീമിനെയും കഴിഞ്ഞ ദിവസമാണ്‌ കോടതി ക്രൈംബ്രാഞ്ച്‌ കസ്റ്റഡിയിൽ വിട്ടത്‌. ഇവരെ നേരത്തെ ജയിലിൽ എത്തിച്ച്‌ ചോദ്യംചെയ്യുകയും തുടർന്ന്‌ അറസ്റ്റ്‌ രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു. പ്രണവ്‌, ഗോകുൽ, സഫീർ എന്നിവർ ഒളിവിലാണ്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top