24 October Thursday

നെയ്യാറ്റിൻകര വെടിവയ്‌പിന്‌ 81 വർഷം

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2019
നെയ്യാറ്റിൻകര 
തെക്കൻ തിരുവിതാംകൂറിൽ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് വിത്തുപാകിയ നെയ്യാറ്റിൻകര വെടിവയ്പിന് ശനിയാഴ്‌ച 81 വർഷം.1938 ആ​ഗസ്ത്‌ 31 നാണ് എട്ടുപേരുടെ ജീവനെടുത്ത ചരിത്രപ്രസിദ്ധമായ നെയ്യാറ്റിൻകര വെടിവയ്പ് നടന്നത്. കല്ലുവിള പൊടിയൻ, മരുത്തൂർ വാസുദേവൻ, അത്താഴമം​ഗലം വീരരാഘവൻ, വാറുവിളാകം മുത്തൻപിള്ള, മരുതത്തൂർ‌ വാസുദേവൻ‌, കഞ്ചാംപഴിഞ്ഞി കുട്ടപ്പൻ, വാറുവിളാകത്ത് പത്മനാഭപിള്ള എന്നിവരാണ്‌ ജീവത്യാ​ഗംകൊണ്ട്‌ ചരിത്രത്തിന്റെ ഏടുകളിൽ സ്ഥാനം നേടിയത്‌. ഇവരോടൊപ്പം തൊട്ടടുത്ത വീട്ടിൽ നെല്ലുണക്കുകയായിരുന്ന കാളി എന്ന സ്ത്രീയും മരിച്ചിരുന്നു. 
 
സ്റ്റേറ്റ് കോൺ​ഗ്രസ് നിരോധനത്തിനിടെ നെയ്യാറ്റിൻകരയുടെ  നോമിനേറ്റഡ്‌ പ്രസിഡന്റായിരുന്ന എൻ കെ പത്മനാഭപിള്ളയെ ബ്രിട്ടീഷുകാർ അറസ്റ്റ് ചെയ്‌തതാണ്‌ വെടിവയ്‌പ്പിലേക്ക്‌ കലാശിച്ചത്‌. അറസ്റ്റ്‌ തടയാനെത്തിയ സ്വതന്ത്രാനുകൂലികൾ പൊലീസ്‌ വാഹനം മരുത്തൂർ തോട്ടിലേക്ക്‌ മറിച്ച്‌ തീയിട്ടു. 
 
ജനരോഷത്തെ നേരിടാൻ ബ്രിട്ടീഷ് പട്ടാള മേധാവി കേണൽ വാട്കീസിന്റെ  നേതൃത്വത്തിൽ തിരുവനന്തപുരത്തുനിന്ന്‌  കുതിരപട്ടാളമെത്തുകയും അവരെ ബാലരാമപുരത്ത് ഫക്കീർഖാന്റെ നേതൃത്വത്തിൽ കല്ലേറോടെ തടയുകയും ചെയ്‌തു. തുടർന്ന്‌ നിരായുധരായ ജനാവലിക്കുനേരെ പട്ടാളം വെടിയുതിർക്കുകയായിരുന്നു. ഇതിലാണ്‌ കാളിയുൾപ്പെടെ എട്ടുപേരുടെ ജീവനെടുത്തത്‌. വെടിവയ്‌പിന്റെ 81–-ാം വാർഷികത്തിൽ സ്വദേശാഭിമാനി ജേർണലിസ്റ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ‌ ശനിയാഴ്ച വൈകിട്ട് അക്ഷയ കോംപ്ലക്സിൽ സംവാദം സംഘടിപ്പിക്കും. എംഎൽഎമാരായ സി കെ ഹരീന്ദ്രൻ, കെ ആൻസലൻ എന്നിവർ മുഖ്യാതിഥികളാകും.
പ്രധാന വാർത്തകൾ
 Top