23 September Wednesday

രാജമണി; ​ഗ്രീന്‍​ഭവനിലെ ട്രിപ്പിള്‍ മാസ്

ബി ആര്‍ അജീഷ് ബാബുUpdated: Friday Jul 31, 2020

രാജമണി പാരച്യൂട്ട് പ്രകടനത്തിനിടെ

പാറശാല 
സാക്ഷരതാ യജ്ഞം, ജൈവപച്ചക്കറി കൃഷി, സോപ്പ്, ക്രാഫ്റ്റ്, പേപ്പര്‍‌ബാ​ഗ് നിര്‍മാണം... ഇതൊന്നും പോരാതെ സാഹസികതയിലും രാജമണി കൈവച്ചു. എല്ലാം വന്‍ വിജയവും. അതുകൊണ്ടാണ് രാജമണി മാസല്ല, ട്രിപ്പിള്‍ മാസാണെന്നു പറയുന്നത്. 
കാരോട് മണ്ണാംവിള ഗ്രീൻഭവനിൽ ജി രാജമണി എന്ന 58 കാരൻ പതിറ്റാണ്ടിലേറെയായി ജൈവവഴിയിലാണ്, ആരോഗ്യത്തിലെ ലാഭമാണ് ജൈവപച്ചക്കറി കൃഷിയിലൂടെ അദ്ദേഹം നോട്ടമിട്ടത്. ഇന്നിപ്പോള്‍ 10 നിറത്തിലുള്ള തണ്ണിമത്തൻ, മഞ്ഞൾ, ഇഞ്ചി, പലതരം പയറു വർഗങ്ങൾ, സലാഡ് വെള്ളരി, നിത്യവഴുതന, വെള്ളരി, കോഴിയമര, പൈനാപ്പിൾ, വാളരി പയർ, മുള്ളങ്കി, ക്യാരറ്റ്, കാബേജ്, തക്കാളി, കത്തിരിക്ക, പാവൽ, പടവലം, വിവിധയിനം വാഴ തുടങ്ങി കൃഷിയിനം നീളുന്നു. ആറടിയോളം ഉയരമുള്ള ചീരയും 48 സെന്റീമീറ്റർ നീളമുള്ള ആനക്കൊമ്പൻവെണ്ടയും ഈ പാടത്ത് വിളഞ്ഞു. അമാസ് കേരള എന്ന സാഹസിക സംഘടനയിലെ അംഗം കൂടിയായ രാജമണിക്ക് റോപ്പ് വേ,  പാരച്യൂട്ട്‌  എന്നിവയിലെ അഭ്യാസപ്രകടനവും ആവേശമാണ്. സോപ്പ്, ലോഷൻ നിർമാണം, പൂക്കളുടെ ക്രാഫ്റ്റ്, പേപ്പർബാഗ് നിർമാണം, ജൈവകൃഷി എന്നിവയില്‍ വിവിധ സ്കൂളുകളിൽ പരിശീലനവും നൽകാറുണ്ട്. മാലിന്യനിര്‍മാര്‍ജനത്തിലും ഔഷധ സസ്യ സംബന്ധിയായും ക്ലാസെടുക്കാറുണ്ട്.  പഴയകാല നാണയങ്ങൾ, നോട്ടുകൾ, സ്റ്റാമ്പുകൾ എന്നിവയുടെ ശേഖരണവുമുണ്ട്. 1985 മുതൽ സാക്ഷരതാ പ്രവർത്തനത്തിലും സജീവമാണ്. ജൈവ പച്ചക്കറി വിത്തും ഗ്രോബാഗില്‍ തൈകളും ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നുണ്ട്. അക്കാഡമി ഫോർ മൗണ്ടനീറിങ്‌ ആൻഡ് അഡ്വഞ്ചർ സ്പോർട്സിന്റെ അസിസ്റ്റന്റ്‌ ഡയറക്ടറായിരുന്ന ഇദ്ദേഹം 1997ൽ നോയ്ഡയിൽ നടന്ന ദേശീയ സെമിനാറിലും പങ്കെടുത്തു. ശ്രേഷ്ഠസേവ ബഹുമതിപത്രം, സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ ജില്ലാതല പ്രകൃതിമിത്ര അവാർഡ്, ചക്ക പ്രചാരക മൊമെന്റൊ, ഭാരത് സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്സിന്റെ ലോങ്‌ സർവീസ് ഡെക്കറേഷൻ അവാർഡ്, ജൈവകർഷക അവാർഡ് എന്നിവയും രാജമണിയുടെ നേട്ടങ്ങളില്‍ പെടും. 

അയിങ്കാമം ഗവ. എൽ പി എസിലെ അധ്യാപികയായ ഭാര്യ രാജാംബികയും ടി ടി സി ഒന്നാം വർഷ വിദ്യാർഥിയായ മകൻ ശ്രീരാജും ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ മകൾ രാജശ്രീയും സഹായത്തിനുണ്ട്. 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top