20 September Friday
തിരുവനന്തപുരം വിമാനത്താവളം

തരൂർ–-അദാനി ചർച്ച സർക്കാർനീക്കത്തിന്‌ തടസ്സം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2019
ന്യൂഡൽഹി
തിരുവനന്തപുരം വിമാനത്താവളം സംസ്ഥാനത്തിന്റെ നിയന്ത്രണത്തിൽ നിലനിർത്തുന്നതിനുള്ള ശ്രമങ്ങൾക്ക്‌ തടസ്സമുണ്ടാക്കുന്നതാണ്‌ ശശി തരൂരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിനോട്‌ ബന്ധപ്പെടാതെയാണ്‌  തരൂർ ഇടപെട്ടത്‌. അദ്ദേഹത്തെ അതിന്‌ നിയോഗിച്ചിട്ടില്ല. അദാനിയെ കണ്ട്‌ ചർച്ച നടത്തി എന്നാണ്‌ റിപ്പോർട്ടുകൾ. അത്‌ ശരിയാണെങ്കിൽ ശശി തരൂരിന്റെ നിലപാട്‌ ദൗർഭാഗ്യകരമാണ്‌. സംസ്ഥാനം ആവശ്യങ്ങൾ കേന്ദ്രത്തെ  ധരിപ്പിച്ചിട്ടുണ്ട്‌. ചില നിലപാടുകൾ കേന്ദ്രം അറിയിച്ചിട്ടുണ്ട്‌. 
 
എന്താണ്‌ നിലവിലെ സ്ഥിതി എന്ന്‌ മനസ്സിലാക്കാതെയാണ്‌ ശശി തരൂർ നിർദേശം മുന്നോട്ടുവച്ചതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാന സർക്കാരിനു കീഴിലെ ട്രിവാൻഡ്രം ഇന്റർ നാഷണൽ എയർപോർട്ട്‌ ലിമിറ്റഡിനെ (ടിയാൽ) വിമാനത്താവള നടത്തിപ്പിൽ പങ്കാളിയാക്കാമെന്ന്‌ അദാനി –-ശശി തരൂർ ചർച്ചയിൽ അറിയിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഗൗതം അദാനിയുമായി ശശി തരൂർ ചർച്ച നടത്തിയെന്നാണ്‌ റിപ്പോർട്ട്‌.
 
അതേസമയം വിമാനത്താവള നടത്തിപ്പ്‌ സംസ്ഥാന സർക്കാരിന്‌ മാത്രമായി വിട്ടുനൽകണമെന്ന നിലപാടാണ്‌ ലോക്‌സഭയിൽ കോൺഗ്രസ്‌ അംഗമായ കെ മുരളീധരൻ സ്വീകരിച്ചത്‌.
പ്രധാന വാർത്തകൾ
 Top