എസ് ഒ ദിനു
കഴക്കൂട്ടം
കോവളം–- ബേക്കൽ പശ്ചിമതീര ജലപാത നവീകരണം ജില്ലയിൽ പൂർത്തിയാകുന്നു. പാർവതീപുത്തനാർ കടന്നുപോകുന്ന വേളിമുതൽ പള്ളിത്തുറവരെയുള്ള ഭാഗത്തെ നിർമാണം 80 ശതമാനവും പൂർത്തിയായി.
ആക്കുളംമുതൽ കഠിനംകുളം കായൽവരെ ബോട്ട് സർവീസിന് സജ്ജമായിട്ടുണ്ട്. ഡിസംബറോടെ ബോട്ട് സർവീസ് ആരംഭിച്ചേക്കും. വേളി, സ്റ്റേഷൻകടവ്, കഠിനംകുളം, പള്ളിത്തുറ എന്നീ സ്ഥലങ്ങളിൽ ബോട്ട് ജെട്ടി നിർമാണവും ആരംഭിച്ചു.
പദ്ധതിയുടെ ആദ്യഘട്ടം 2021ൽ പൂർത്തിയാക്കിയിരുന്നു. വേളിമുതൽ – പൗണ്ട്‌കടവുവരെ ബോട്ടുയാത്ര നടത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തത്.
കഴക്കൂട്ടം മണ്ഡലത്തിലെ വേളിമുതൽ പള്ളിത്തുറവരെ 35 മീറ്റർ വീതിയിൽ പുത്തനാറിന്റെ അതിർത്തി നിർണയിച്ച് കല്ലിടുകയും 25 മീറ്റർ വീതിയിൽ ആഴംകൂട്ടി നവീകരിക്കുകയും ചെയ്തിട്ടുണ്ട്.
കരിക്കകത്ത് പാർവതി പുത്തനാറിന് കുറുകെയുള്ള ലിഫ്റ്റ് ബ്രിഡ്ജും ഉടൻ പൂർത്തിയാകും. ബോട്ടുകൾ വരുമ്പോൾ ഉയർത്താൻ കഴിയുന്ന രീതിയിലാണ് പാലം. 2.8 കോടി രൂപ ചെലവഴിച്ച് 4.5 മീറ്റർ വീതിയിൽ നിർമിക്കുന്ന ലിഫ്റ്റ് ബ്രിഡ്ജ് കേരളത്തിൽ ആദ്യത്തേതാണെന്ന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ പറഞ്ഞു.
ജലപാത കടന്നുപോകുന്ന ചിറയിൻകീഴ് മണ്ഡലത്തിൽ പള്ളിത്തുറമുതൽ മേനംകുളം ആറാട്ടുവഴിപാലംവരെ പാർവതി പുത്തനാറിന്റെ വീതിയും ആഴം കൂട്ടലും പൂർത്തിയായി.
ആറാട്ടുവഴി -സെന്റ് ആൻഡ്രൂസ് പാലത്തിന്റെ നിർമാണവും തുടങ്ങി. അനക്കപിള്ളമുതൽ ചാന്നാങ്കര വരെയുള്ള കായലിന്റെ വീതിയും ആഴംകൂട്ടലും പൂർത്തീകരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..