26 May Tuesday
സുരാജ്‌ ‘തിരക്കിലാണ്‌’

ലേശം കൃഷി; വീടിന്‌ പെയിന്റടി

ഗിരീഷ് എസ് വെഞ്ഞാറമൂട്Updated: Tuesday Mar 31, 2020

വീട്‌ പെയിന്റ്‌ ചെയ്യുന്ന സുരാജ് വെഞ്ഞാറമൂട്‌

വെഞ്ഞാറമൂട്

തിരക്കേറിയ സിനിമാ ജീവിതത്തിനിടയിൽ അവിചാരിതമായി കിട്ടിയ ഇടവേളയിലും സുരാജ്‌ വെഞ്ഞാറമൂട്‌  വെറുതേയിരിക്കുന്നില്ല. അൽപ്പം കൃഷി, വീട് പെയിന്റിങ്‌, പൂന്തോട്ടനിർമാണം അങ്ങനെ പോകുന്നു സുരാജിന്റെ ലോക്ക്ഡൗൺ ദിനങ്ങൾ. വെഞ്ഞാറമൂട്ടിലെ വൈഷ്‌ണവം വീട്ടിൽ കുടുംബാംഗങ്ങളോടൊപ്പമുള്ള ദിനങ്ങൾ ആഘോഷമാക്കുകയാണ്‌ പ്രിയനടൻ. ‘വീട്ടിൽ ഒഴിവു സമയങ്ങളിൽ ചെയ്യണമെന്ന് കരുതിയ പല കാര്യങ്ങൾക്കും ഇപ്പോൾ സമയംകിട്ടുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാനം കൃഷിയും പൂന്തോട്ടനിർമാണവുമാണ്‌’–-അദ്ദേഹം പറഞ്ഞു. രാജ്യത്തിനകത്തും പുറത്തും നടത്തിയ യാത്രകൾക്കിടയിൽ സമ്മാനമായി കിട്ടിയ ആൽബങ്ങളും സിഡികളും കണ്ടുതീർക്കാനും പുസ്തകങ്ങൾ വായിക്കാനും സമയം ലഭിക്കുന്നതും സന്തോഷം നൽകുന്നുണ്ട്‌. ‘‘നാട് ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു മഹാമാരിയാണ് നമ്മൾ നേരിടുന്നത്. വീട്ടിനുള്ളിൽ കഴിയുന്നതും സാമൂഹിക അകലം പാലിക്കലുമാണ്‌ പ്രതിവിധി. അതുകൊണ്ട് സർക്കാർ നിർദേശം പാലിക്കണം. ലോക്ക്ഡൗണിൽ വീട്ടിലിരിക്കുന്നവർക്ക് ഭക്ഷണം നൽകുന്ന സംസ്ഥാന സർക്കാരിന്റെ സമൂഹ അടുക്കള ലോകത്തിന് തന്നെ മാതൃകയാണ്. രണ്ടു പ്രളയം, നിപാ എന്നിങ്ങനെ പലതും അതിജീവിച്ച നമ്മൾ കോവിഡിനെയും അതിജീവിക്കുക തന്നെ ചെയ്യും’’–- സുരാജ്‌ പറഞ്ഞു.ഹേമന്ദ് നായരുടെ സംവിധാനത്തിൽ ‘ഹിഗ്വിറ്റ’ എന്ന സിനിമയിലാണ്‌ സുരാജ്‌ ഇപ്പോൾ അഭിനയിക്കുന്നത്‌. 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top