26 May Tuesday
അതിഥിത്തൊഴിലാളികൾ പറയുന്നു

‘യഹാം സബ്‌കുച്ച്‌ ഠീക്‌ ഹെ ഭായ്‌’

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020

വിതുര ഐസറിലെ അതിഥിത്തൊഴിലാളികൾക്കായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്‌

തിരുവനന്തപുരം 

വിതുരയിൽ ഐസറിലെ അതിഥിത്തൊഴിലാളികളുടെ  ക്യാമ്പിലേക്ക്‌ എത്തുന്നവരെ സ്വീകരിക്കേണ്ട ചുമതല ശിവയ്‌ക്കും ഒബൈദുള്ളയ്‌ക്കുമാണ്‌. വിതുര കമ്യൂണിറ്റി ഹെൽത്ത്‌ സെന്ററിൽനിന്ന്‌ മെഡിൽക്കൽ ക്യാമ്പിനെത്തിയ ആരോഗ്യ പ്രവർത്തകരെ വലിയ ബക്കറ്റിൽ വെള്ളവും ഹാൻഡ്‌വാഷുമായി ചിരിതൂകി ‘നമസ്‌തേ’ പറഞ്ഞ്‌ ഇരുവരും സ്വീകരിച്ചു. കൊറോണയെ പേടിയില്ലേ എന്ന ചോദ്യത്തിന്‌ ‘യഹാം സബ്‌കുച്ച്‌ ഠീക്‌ ഹെ ഭായ്‌’ എന്ന്‌ ശിവ. ബിഹാർ പട്‌ന സ്വദേശിയായ ശിവ ഏഴുമാസം മുമ്പാണ്‌ ഐസറിൽ ജോലിക്കെത്തിയത്‌. നാട്ടിൽ അച്ഛനുമമ്മയും ഭാര്യയും കുട്ടിയുമുണ്ട്‌. തൽക്കാലം അവർക്കൊന്നും പ്രശ്‌നമില്ല. കേരളത്തിലെ ആൾക്കാരും സൗകര്യങ്ങളും നല്ലതാണ്‌. ഇവിടെ നിൽക്കുന്നതുതന്നെയാണ്‌ നല്ലത്‌–- ശിവ പറഞ്ഞു. ‘രാവിലെ ചപ്പാത്തിയോ പൂരിയോ കിട്ടും. ഉച്ചയ്‌ക്ക്‌ ചോറും പരിപ്പുകറിയും. രാത്രി റൊട്ടി. എല്ലാം ഞങ്ങളുടെ ഇഷ്ടത്തിനാണ്‌’–- ഭക്ഷണമൊക്കെ എങ്ങനെയെന്ന ചോദ്യത്തിന്‌ വാചാലനായത്‌ ഒബൈദുള്ളയാണ്‌. ജാർഖണ്ഡുകാരനായ ഒബൈദുള്ളക്ക്‌ സ്വന്തം നാട്ടിൽ കൊറോണ എത്തിയിട്ടില്ലെന്ന ആശ്വാസമാണ്‌. ഉത്തർപ്രദേശ്‌, പശ്‌ചിമബംഗാൾ, ജാർഖണ്ഡ്‌, ബിഹാർ, അസം എന്നിവിടങ്ങളിൽനിന്നായി 120 ഓളം തൊഴിലാളികളാണ്‌ ഐസറിലെ നിർമാണജോലിക്കുള്ളത്‌. ഇവരുടെ രണ്ട്‌ ക്യാമ്പുകളിലേക്കുമായി ഉത്തരേന്ത്യൻ വിഭവങ്ങൾ പ്രത്യേകം തയ്യാറാക്കി എത്തിക്കുകയാണ്‌. നേരത്തേ മാസംതോറും മെഡിക്കൽക്യാമ്പ്‌ നടത്തിയിരുന്നു. കൊറോണയുടെ സാഹചര്യത്തിൽ മെഡിക്കൽ ഓഫീസർ ഡോ. എം ഡി ശശിയുടെ നേതൃത്വത്തിൽ ഇരുപതോളം ആരോഗ്യപ്രവർത്തകർ എത്തി വിശദ പരിശോധന നടത്തി. അഞ്ചുപേരടങ്ങുന്ന സംഘങ്ങളായി എല്ലാവരും പരിശോധനക്ക്‌ വിധേയരായി. ആർക്കും സാരമായ പ്രശ്‌നങ്ങളൊന്നും ശ്രദ്ധയിപ്പെട്ടില്ലെന്ന്‌ ഡോ. ശശി പറഞ്ഞു. ആറുമാസത്തിനിടെ ആരും ക്യാമ്പിൽനിന്ന്‌ നാട്ടിൽ പോവുകയോ മടങ്ങിയെത്തുകയോ ചെയ്‌തിട്ടില്ലെന്ന്‌ തൊഴിലാളികളെ നൽകുന്ന വൃദ്ധി കമ്പനിയുടെ പ്രതിനിധി വംശി പറഞ്ഞു. നാട്ടിലെ കാര്യം ഓർത്തിട്ട്‌ ആശങ്കയുണ്ട്‌. എങ്കിലും അങ്ങോട്ടിപ്പോൾ പോകാനകില്ലല്ലോ. കേരളത്തിൽ ഞങ്ങൾക്ക്‌ ഒരു പേടിയുമില്ല. ഇത്രയും പരിഗണന മറ്റെവിടെയും കിട്ടിയിട്ടില്ല–- വിവിധ സംസ്ഥാനങ്ങളിൽ തൊഴിലെടുത്ത അനുഭവത്തിന്റെ വെളിച്ചത്തിൽ കൊൽക്കത്തക്കാരൻ സുഭാഷ്‌ ദാസിന്റെ സാക്ഷ്യപ്പെടുത്തൽ. പായിപ്പാട്ട്‌ അരങ്ങേറിയ സംഭവത്തെക്കുറിച്ച്‌ അറിവുണ്ട്‌  എല്ലാവർക്കും. എന്ത്‌ കാരണത്താലായാലും ഈ അവസ്ഥയിൽ അരുതാത്തതായിരുന്നു അതെന്ന്‌ ഒരേ സ്വരത്തിൽ പറയുന്നു ഇവർ.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top