28 May Thursday

അതിർത്തിയിൽ ചരക്കുനീക്കത്തിന് തടസ്സമില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020
പാറശാല -  
ചരക്കുനീക്കത്തിന് അതിർത്തിയിൽ വിലക്കില്ല. തമിഴ്നാട്ടിൽ നിന്ന്‌ കേരളത്തിലേക്ക് വരുന്ന ചരക്ക് വാഹനങ്ങൾ  കളിയിക്കാവിളയിൽ തടസ്സമില്ലാതെയാണ് കടന്നു പോകുന്നത്. കേരളത്തിനാവശ്യമായ പച്ചക്കറി, പലവ്യഞ്ജനം, അരി, ഇറച്ചിക്കോഴി തുടങ്ങിയ അവശ്യവസ്തുക്കളെ ദിവസേന വൈകിട്ട് 6 മുതൽ രാവിലെ 6 വരെയാണ് കടത്തിവിടുന്നത്. വാഹനം പ്രവേശിക്കുന്നതിന് മുമ്പ് ഡ്രൈവർമാരെ തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധിക്കും. തിരികെ പോകുമ്പോഴും ആരോഗ്യ പ്രവർത്തകർ പരിശോധന നടത്തി വാഹനങ്ങൾ അണുവിമുക്തമാക്കിയാണ് കടത്തിവിടുന്നത്. എന്നാൽ മറ്റ്‌ വാഹനയാത്രക്കാർക്ക് കർശന നിരോധനമാണ് തമിഴ്നാട് പൊലീസ് സ്വീകരിക്കുന്നത്. ആശുപത്രിയിലേക്ക് പോകുന്നവരെയും  മറ്റ് അവശ്യ സർവീസുകളെയും രേഖകൾ പരിശോധിച്ച ശേഷം മാത്രമാണ് കടത്തിവിടുന്നത്. കോഴിവിള, ഊരമ്പ്, കന്നുമാമൂട് ചെക്ക് പോസ്റ്റുകളും പൊലീസ് ബാരിക്കേഡ് കൊണ്ട് പൂർണമായും അടച്ചു. ഇവിടെയും അവശ്യ സർവീസിന് മാത്രമാണ് പ്രവേശനം. ഇത്തരത്തിൽ ചരക്കുവാഹനങ്ങൾ കടത്തിവിടുന്നതോടെ അതിർത്തി ഭാഗങ്ങളോട് ചേർന്ന് പച്ചക്കറി വിറ്റ് ഉപജീവന മാർഗം തേടിയിരുന്ന നിരവധിപേർ ദുരിതത്തിലായി. കളിയിക്കാവിള ഭാഗത്തെ മൊത്തവിതരണ കേന്ദ്രങ്ങളിൽ നിന്നാണ് അതിർത്തിയോട് ചേർന്ന കേരളത്തിലെ ചില്ലറ വിൽപ്പനക്കാർ പച്ചക്കറി വാങ്ങിയിരുന്നത്. തമിഴ്നാട്ടിലേക്ക് കാൽനടയാത്രക്കാരെപ്പോലും പ്രവേശിപ്പിക്കാത്തതിനാൽ ചെറുകിട വ്യാപാരികൾക്ക് സാധനങ്ങൾ ലഭിക്കുന്നില്ല.
പ്രധാന വാർത്തകൾ
 Top