11 December Wednesday
വിതുര, വെഞ്ഞാറമൂട് ഏരിയ സമ്മേളനങ്ങൾ സമാപിച്ചു

ചെങ്കടലായി ഉഴമലയ്ക്കൽ

സ്വന്തം ലേഖകൻUpdated: Saturday Nov 30, 2024

സിപിഐ എം വിതുര ഏരിയ സമ്മേളനത്തിന്റെ പൊതുസമ്മേളനം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം ഉദ്ഘാടനം ചെയ്യുന്നു

ഉഴമലയ്ക്കൽ
ഉഴമലയ്ക്കലിനെ  ചെങ്കടലാക്കി സിപിഐ എം വിതുര ഏരിയ സമ്മേളനത്തിന് സമാപനം. 25 മുതൽ തുടങ്ങിയ ഏരിയ സമ്മേളനം പൊതുസമ്മേളനത്തോടുകൂടിയാണ്‌ സമാപിച്ചത്‌.   ചുവപ്പ് സേനയുടെ പരേഡ്‌ കുട്ടികളുടെയും സ്ത്രീകളുടെയും പങ്കാളിത്തംകൊണ്ട്‌ ശ്രദ്ധയേറി. പൊതുസമ്മേളനം   ആനത്തലവട്ടം ആനന്ദൻ നഗറിൽ (പുതുക്കുളങ്ങര ജങ്‌ഷൻ)  കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം ഉദ്‌ഘാടനം ചെയ്‌തു. 
ചക്രപാണിപുരത്തുനിന്ന് ആരംഭിച്ച പ്രകടനം പുതുക്കുളങ്ങരയിൽ അവസാനിച്ചു. ഏരിയ സെക്രട്ടറി പി എസ് മധു, എൻ ഷൗക്കത്തലി, വി കെ മധു, പുതുതായി തെരഞ്ഞെടുത്ത ഏരിയ കമ്മറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. 
ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എസ് സുനിൽകുമാർ, മുൻ ഏരിയ സെക്രട്ടറി എൻ ഷൗക്കത്തലി, ജി സ്റ്റീഫൻ എംഎൽഎ, ജില്ലാ കമ്മിറ്റി അംഗം വി കെ മധു, ഏരിയ സെക്രട്ടറി പി എസ് മധു തുടങ്ങിയവർ സംസാരിച്ചു.
 
പാലക്കാട് കൊണ്ട്‌ മഹാരാഷ്ട്ര മറയ്ക്കാനാകില്ല: എളമരം
ഉഴമലയ്ക്കൽ
ഉപതെരഞ്ഞെടുപ്പിൽ സീറ്റ്‌ നിലനിർത്തിയത്‌ ഉയർത്തിക്കാട്ടി മഹാരാഷ്ട്രയിലെ തോൽവി മറച്ചുവയ്‌ക്കാൻ കോൺഗ്രസിനാകില്ലെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം. സിപിഐ എം വിതുര ഏരിയ സമ്മേളനത്തിന്റെ സമാപന സമ്മേളനം പുതുക്കുളങ്ങര ആനത്തലവട്ടം ആനന്ദൻ നഗറിൽ  ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലക്കാട്‌ എൽഡിഎഫിന്‌ വോട്ട്‌ കൂടിയതും ചേലക്കരയിലെ മികച്ച വിജയവും മാധ്യമങ്ങൾ കാണുന്നില്ല. മഹാരാഷ്ട്രയിലെ തോൽവിയുടെ കാരണങ്ങൾ അവർ ചർച്ചചെയ്യുന്നില്ല. പകരം വർഗീയ ശക്തികളെ കൂട്ടുപിടിച്ച്‌ പാലക്കാടുണ്ടായ ജയമാണ്‌ മാധ്യമങ്ങൾ ചർച്ചയാക്കുന്നത്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌  തിരിച്ചടിയുണ്ടായത്‌ കർഷക, തൊഴിലാളി സമരങ്ങൾ കത്തിക്കാളിയ പ്രദേശങ്ങളിലാണ്‌. ഇതിൽ  കോൺഗ്രസിന്‌ കാര്യമായ പങ്കില്ല.  വ്യക്തമായ മതേതര നിലപാട്‌ ഇല്ലായ്‌മയാണ്‌ കോൺഗ്രസിന്റെ പരാജയത്തിന്‌ കാരണം. ജാർഖണ്ഡിൽ ജെഎംഎമ്മിന്റെ തോളിൽ പിടിച്ചാണ്‌ കോൺഗ്രസ്‌ നിൽക്കുന്നത്‌. 
ഒന്നാം പിണറായി സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളാണ്‌ തുടർഭരണത്തിന്‌ വഴിയൊരുക്കിയത്‌. ഇത്‌ തിരിച്ചറിഞ്ഞ പ്രതിപക്ഷവും കേന്ദ്രസർക്കാരും വികസന പ്രവർത്തനങ്ങൾക്ക്‌ തുരങ്കംവയ്‌ക്കുകയാണ്‌. ക്ഷേമ പെൻഷൻ കൊടുക്കാൻപോലും അനുവദിക്കില്ല എന്ന നിലപാടാണ്‌ കേന്ദ്രസർക്കാരിന്‌. ഇക്കാര്യത്തിൽ കോൺഗ്രസിന്‌ ഒന്നും പറയാനില്ല. സംസ്ഥാനങ്ങൾക്ക്‌ നികുതി വിഹിതം വീതിച്ചുനൽകണമെന്ന ഭരണഘടനാ വ്യവസ്ഥപോലും കേന്ദ്രം അട്ടിമറിച്ചു –- അദ്ദേഹം പറഞ്ഞു.  ഏരിയ സെക്രട്ടറി പി എസ്‌ മധു അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ്‌ സുനിൽകുമാർ, ജില്ലാകമ്മിറ്റിയംഗം വി കെ മധു, ജി സ്റ്റീഫൻ എംഎൽഎ എന്നിവർ സംസാരിച്ചു. എൻ ഷൗക്കത്തലി സ്വാഗതവും ഇ ജയരാജൻ നന്ദിയും പറഞ്ഞു.
 
കോൺഗ്രസിന് കൂട്ട് മതരാഷ്ട്രവാദികൾ: ഇ പി
 വെഞ്ഞാറമൂട്‌
പാലക്കാട്ടെ തെരഞ്ഞെടുപ്പു വിജയം കോൺഗ്രസിന്റെ രാഷ്ട്രീയ അധഃപതനമാണെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ പറഞ്ഞു. പണം നൽകി ബിജെപിയിലെ ഒരു ഗ്രൂപ്പിന്റെയും മറുവശത്ത്‌ ജമാഅത്തെ ഇസ്ലാമിയുടെയും എസ്‌ഡിപിഐയുടെയും വോട്ടുവാങ്ങിയുമാണ്‌ പാലക്കാട്‌ കോൺഗ്രസ്‌ വിജയിച്ചത്‌. ഹിന്ദു രാഷ്ട്രം ലക്ഷ്യമിടുന്ന ആർഎസ്‌എസിനെയും ഇസ്ലാമിക രാഷ്ട്രവാദം ഉന്നയിക്കുന്ന ജമാഅത്തെ ഇസ്ലാമിയെയും എസ്‌ഡിപിഐയെയും കൂട്ടുപിടിക്കുന്ന കോൺഗ്രസാണ്‌ മതേതരത്വത്തെ കുറിച്ച്‌ പറയുന്നത്‌. കേരളത്തിലെ മതസാഹോദര്യത്തെ തകർക്കാനാണ്‌ യുഡിഎഫും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം വെഞ്ഞാറമൂട്‌ ഏരിയ സമ്മേളനത്തോട്‌ അനുബന്ധിച്ചുള്ള പൊതുസമ്മേളനം കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (ഭരതന്നൂർ) ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗോൾവാൾക്കറുടെ ചിത്രത്തിനുമുന്നിൽ വിളക്കുകൊളുത്തി മുട്ടുമടക്കി നമസ്‌കരിച്ച വി ഡി സതീശനും ആർഎസ്‌എസ്‌ ശാഖയ്‌ക്കു കാവൽനിന്നുവെന്ന്‌ അഭിമാനത്തോടെ പറയുന്ന കെ സുധാകരനുമാണ്‌ കേരളത്തിലെ കോൺഗ്രസിനെ നയിക്കുന്നത്‌. ജമാഅത്തെ ഇസ്ലാമിയുടെ തടവറയിലാണ്‌ മുസ്ലിംലീഗ്‌. മുസ്ലിം പ്രീണനമാണ്‌ സിപിഐ എം നടത്തുന്നതെന്നാണ്‌ കോൺഗ്രസിന്റെ ആരോപണം. മതം അടിസ്ഥാനമാക്കി പൗരത്വം നിശ്‌ചയിക്കുന്ന പൗരത്വ ദേദഗതി നിയമത്തെ എതിർത്തതാണോ ന്യൂനപക്ഷ പ്രീണനം. ഒരു ജനതയെ  ഇസ്രയേൽ കൊന്നൊടുക്കുമ്പോൾ പലസ്‌തീന്‌ നീതിവേണം എന്ന്‌ സിപിഐ എം പറയുന്നതാണോ ന്യൂനപക്ഷ പ്രീണനമെന്നും ഇ പി ചോദിച്ചു. ബിജെപി ഭരണം രാജ്യമാകെ വർഗീയ കലാപങ്ങൾക്ക്‌ തിരികൊളുത്തുമ്പോൾ കേരളം വേറിട്ടുനിൽക്കുന്നത്‌ എൽഡിഎഫ്‌ ഭരണം കൊണ്ടാണ്‌. ജനക്ഷേമവും വികസനവും മുഖമുദ്രയാക്കി ബദൽ നയങ്ങളുമായി രാജ്യത്തിനു വഴികാട്ടുകയാണ്‌ കേരളം– അദ്ദേഹം പറഞ്ഞു. സിപിഐ എം ഏരിയ സെക്രട്ടറി ഇ എ സലിം അധ്യക്ഷനായി.
 
ചുവപ്പിലമർന്ന്‌  ഭരതന്നൂർ
വെഞ്ഞാറമൂട്
കല്ലറ- പാങ്ങോട് സ്വാതന്ത്ര്യ സമരസ്മരണകൾ ഇരമ്പുന്ന ഭരതന്നൂരിനെ ചെങ്കടലാക്കി സിപിഐ എം വെഞ്ഞാറമൂട് ഏരിയസമ്മേളനം സമാപിച്ചു.  ചുവപ്പുസേനാ മാർച്ചോടെയും ആയിരങ്ങൾ അണിനിരന്ന പ്രകടനത്തോടെയുമാണ്  സമ്മേളനം സമാപിച്ചത്. വനിതകളുടെ ശിങ്കാരിമേളം, ബാന്റുമേളം, നാടൻ കലാരൂപങ്ങൾ, വെടിക്കെട്ട് എന്നിവയുടെ അകമ്പടിയോടെ ചുവപ്പുസേനാ മാർച്ചും പ്രകടനവും മാടൻനടയിൽ ആരംഭിച്ചു.  വൈകിട്ട് 4.30ന് ഭരതന്നൂരിൽ സമാപിച്ചു. കോടിയേരി ബാലകൃഷ്ണൻ നഗറിൽ (ഭരതന്നൂർ) നടന്ന പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ഇ എ സലിം അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം ഡി കെ മുരളി എംഎൽഎ, ജില്ലാ കമ്മിറ്റി അംഗം എം ജി മീനാംബിക, ബി ബാലചന്ദ്രൻ, പി ജി സുധീർ, കെ പി സന്തോഷ‍് , ആർ കെ ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top