17 January Sunday

37 ഇന കർമപദ്ധതികളുമായി എൽഡിഎഫ്‌ കോർപറേഷൻ തെരഞ്ഞെടുപ്പ്‌ പ്രകടനപത്രിക

വെബ് ഡെസ്‌ക്‌Updated: Monday Nov 30, 2020

തിരുവനന്തപുരം നഗരസഭാ എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രിക സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ നേതൃത്വത്തിൽ പ്രകാശനം ചെയ്തപ്പോൾ

 

തിരുവനന്തപുരം
തിരുവനന്തപുരത്തെ ‘മാതൃകാ മഹാനഗര’മാക്കാനുള്ള കർമപദ്ധതികളുമായി എൽഡിഎഫിന്റെ  കോർപറേഷൻ തെരഞ്ഞെടുപ്പ്‌ പ്രകടനപത്രിക. എൽഡിഎഫ്‌ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തിൽ എത്തിയാൽ രാജ്യത്തെ നമ്പർ വൺ നഗരമായി തിരുവനന്തപുരത്തെ ഉയർത്താൻ 37 കർമപദ്ധതികൾ നടപ്പാക്കും.
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാർ, ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, എൽഡിഎഫ്‌ കോർപറേഷൻ തെരഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറി വി ശിവൻകുട്ടി, പ്രസിഡന്റ്‌ വി പി ഉണ്ണിക്കൃഷ്‌ണൻ, ആർ സതീഷ്‌കുമാർ, എം എം മാഹീൻ, പി ശാർങധരൻ, തമ്പാനൂർ രാജീവ്‌, മലയിൻകീഴ്‌ നന്ദകുമാർ എന്നിവർ ചേർന്നാണ്‌ പത്രിക പ്രകാശനം ചെയ്‌തത്‌.
വരുന്നു തിരുവനന്തപുരം ബ്രാൻഡിങ്‌
തിരുവനന്തപുരം ബ്രാൻഡ്‌ ചെയ്യും. നഗരത്തിലെ പ്രധാന സ്ഥാപനങ്ങൾ, മേളകൾ തിരുവനന്തപുരത്തിന്റെ പേരിൽ അറിയപ്പെടാൻ നടപടി സ്വീകരിക്കും. അന്താരാഷ്ട്രഫിലിം ഫെസ്‌റ്റിവൽ മാതൃകയിൽ മേളകളും ആഘോഷങ്ങളും സംഘടിപ്പിക്കും.
 
അടിസ്ഥാന സൗകര്യത്തിൽ ലോകനിലവാരം
മലയോര തീരദേശ ഹൈവേ, ദേശീയപാതവികസനം, കെ ഫോൺ തുടങ്ങിയ സാധ്യതകൾക്ക്‌ അനുപൂരകമായ പദ്ധതികൾ നടപ്പാക്കും. 
റോഡുകൾ സ്‌മാർട്ടാക്കാനും ഫ്‌ളൈഓവറുകൾ നിർമിക്കാനുമുള്ള 1000 കോടിയുടെ വികസനപ്രവർത്തനം പൂർത്തിയാക്കും. കിഫ്‌ബി, കേന്ദ്ര–-സംസ്ഥാനാവിഷ്‌കൃത പദ്ധതികൾ പ്രയോജനപ്പെടുത്തി അടിസ്ഥാന സൗകര്യം വികസിപ്പിക്കും.
സ്‌റ്റാച്യൂ, തമ്പാനൂർ, കിഴക്കോട്ട എന്നിവിടങ്ങളിൽ ആകാശപാത. 
നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ മൾട്ടിലെവൽ കാർപാർക്കിങ്‌. തിരക്കുള്ള ജങ്‌ഷനിൽ എസ്‌കലേറ്ററോടുകൂടിയ മേൽപ്പാലങ്ങൾ.
 
മറക്കില്ല; മത്സ്യത്തൊഴിലാളികളെ 
തീരദേശസംരക്ഷണത്തിന്‌ നടപടികൾ. വലിയതുറയിൽ ആധുനിക മത്സ്യമാർക്കറ്റ്‌. മത്സ്യത്തൊഴിലാളി സ്‌ത്രീകൾക്ക്‌ കോൾഡ്‌ സ്‌റ്റോറേജ്‌ ഉൾപ്പെടെയുള്ള സഹായം. കുട്ടികളുടെ വിദ്യാഭ്യാസനിലവാരം ഉയർത്താൻ പ്രതിഭതീരം പദ്ധതി. മത്സ്യത്തൊഴിലാളികൾക്ക്‌ പ്രത്യേക പഞ്ഞമാസ പദ്ധതി.
 
ഭിന്നശേഷി, വയോജന, ട്രാൻസ്‌ജെൻഡർ സൗഹൃദം
ഭിന്നശേഷി, വയോജന, ട്രാൻസ്‌ജെൻഡർ സൗഹൃദനഗരമാക്കും. ഭിന്നശേഷിക്കാർക്കുള്ള സ്‌കോളർഷിപ്, പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യം മുടക്കമില്ലാതെ നൽകും. യഥാസമയമുള്ള വയോജന ആനുകൂല്യ വിതരണവും ഉറപ്പാക്കും. ഒറ്റയ്‌ക്ക്‌ കഴിയുന്ന വയോജനങ്ങൾക്ക്‌ സേവനങ്ങൾ നൽകാൻ വളന്റിയേഴ്‌സിനെ ഏർപ്പെടുത്തും.
 
എല്ലാവർക്കും വീട്‌, തടസ്സമില്ലാതെ കുടിവെള്ളം
നഗരത്തിൽ ഭവനരഹിതരായി അവശേഷിക്കുന്ന എല്ലാവർക്കും വീട്‌.
നഗരത്തിന്റെ എല്ലാഭാഗത്തും ഗുണമേന്മയുള്ള കുടിവെള്ളം. മരക്കുന്നം ഉൾപ്പെടെയുള്ള പദ്ധതികൾ പൂർത്തീകരിച്ച്‌ കുടിവെള്ള വിതരണ സംവിധാനം പരിഷ്‌കരിക്കും. വെള്ളായണി, ആക്കുളം കായലുകൾ സംരക്ഷിക്കും. കുളങ്ങൾ നവീകരിച്ച്‌ നീന്തൽ പരിശീലന സൗകര്യം ഒരുക്കും. കരമനയാർ, കിള്ളിയാർ, പട്ടംതോട്‌, ഉള്ളൂർതോട്‌, ആമയിഴഞ്ചാൻ തോട്‌ എന്നിവ മാലിന്യമുക്തമാക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top