10 August Monday
യൂണിവേഴ്‌സിറ്റി കോളേജ്‌

അഴിഞ്ഞാടി കെഎസ്‌യു: സമരനാടകവുമായി ചെന്നിത്തല

വെബ് ഡെസ്‌ക്‌Updated: Saturday Nov 30, 2019

യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർഥികൾക്ക്‌ നേരെ കല്ലും മരക്കഷണങ്ങളും വലിച്ചെറിയുന്ന കെഎസ്‌യു അക്രമികൾ

തിരുവനന്തപുരം
യൂണിവേഴ്സിറ്റി കോളേജിനുനേരെ കെഎസ്‌യു പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ നിരവധി വിദ്യാർഥികൾക്ക്‌ പരിക്കേറ്റു. വിദ്യാർഥിനി ലേണൽ, എസ്എഫ്ഐ പ്രവർത്തകരായ ഭഗത്‌, സരൂപ്‌ എന്നിവർക്ക്‌ സാരമായി പരിക്കേറ്റു. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന്റെ നേതൃത്വത്തിൽ കോളേജിലെത്തിയ സംഘമാണ്‌ രൂക്ഷമായ കല്ലേറ്‌ നടത്തിയത്‌. ഇതിനിടെ, അഭിജിത്തിന്‌ ഗുരുതര പരിക്കേറ്റതായി വാർത്ത പരത്തി. ഇതിന്റെപേരിൽ കൂടുതൽപേരെ സ്ഥലത്തെത്തിച്ചു. പിന്നീട്‌ ഉപരോധത്തിലടക്കം അഭിജിത് പങ്കെടുത്തു. അക്രമികളെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് കോളേജിനു മുന്നിൽ റോഡ് ഉപരോധിച്ച വിദ്യാർഥികളെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. 
 
കോളേജിന് പുറത്തുനിന്നെത്തിയവരാണ് ആക്രമണം നടത്തിയതെന്ന് വിദ്യാർഥികൾ പറഞ്ഞു. കോളേജിൽ പഠിക്കുന്ന രണ്ട്‌ കെഎസ്‌യു പ്രവർത്തകർ മാത്രമാണ്‌ സംഘത്തിൽ ഉണ്ടായിരുന്നത്‌. 
 

അക്രമം ആസൂത്രിതം 

 
ആസൂത്രിതമായ നീക്കത്തിലൂടെയാണ്‌ കെഎസ്‌യുവും പുറത്തുനിന്നുള്ള ചില നേതാക്കളും ചേർന്ന്‌ സംഘർഷം സൃഷ്ടിച്ചത്‌. യൂണിവേഴ്‌സിറ്റി ഹോസ്‌റ്റലിൽ കെഎസ്‌യു പ്രവർത്തകനായ നിധിന്‌ മർദനമേറ്റതിൽ പ്രതിഷേധിച്ച്‌ വ്യാഴാഴ്‌ച കോളേജിൽ കെഎസ്‌യുക്കാർ പ്രകടനം നടത്തിയിരുന്നു. ഇതിൽ പങ്കെടുക്കാൻ വിസമ്മതിച്ച ബിഎ മലയാളം ഒന്നാംവർഷ വിദ്യാർഥി അജിത്തിനെ കെഎസ്‌യുക്കാർ ക്രൂരമായി മർദിച്ചു. അജിത് പ്രിൻസിപ്പലിന്‌ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന്‌ കെഎസ്‌യു പ്രവർത്തകരെ സസ്‌പെൻഡ്‌ ചെയ്‌തു. 
 
സസ്‌പെൻഷനിലായ അമൽ വെള്ളിയാഴ്‌ച പരീക്ഷ കഴിഞ്ഞിറങ്ങിയ ഒന്നാംവർഷ വിദ്യാർഥികളുമായി തട്ടിക്കയറി. തന്നെ സസ്‌പെൻഡ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ സമരംചെയ്‌ത എല്ലാവരെയും പുറത്തുവച്ച്‌ കണ്ടോളാമെന്ന്‌ ഭീഷണിപ്പെടുത്തി. കമ്പിയെടുത്ത്‌ ഭഗത്‌ എന്ന വിദ്യാർഥിയുടെ തലയ്‌ക്കടിച്ചശേഷം. പുറത്തേക്കുപോയ അമൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റടക്കം ഇരുപതോളം പേരുമായി വീണ്ടും കോളേജിലെത്തി. വിദ്യാർഥിനികൾ ഉൾപ്പെടെയുള്ളവരോട്‌ മോശമായി പെരുമാറിയത്‌ വിദ്യാർഥികൾ ഒന്നടങ്കം ചോദ്യം ചെയ്‌തതോടെ ഇവർ പുറത്തിറങ്ങി കല്ലേറ്‌ തുടങ്ങി. എംഎൽഎ ഹോസ്‌റ്റലിൽ ഉൾപ്പെടെ തമ്പടിച്ചിരുന്ന യൂത്ത്‌ കോൺഗ്രസുകാരും ഈസമയം സ്ഥലത്തെത്തി. പൊലീസ്‌ എത്തി ഗേറ്റ്‌ പൂട്ടിയശേഷം അക്രമികൾ റോഡിൽനിന്ന്‌ തുടർച്ചയായ കല്ലേറ്‌ നടത്തി. 
 
അതേസമയം, എസ്എഫ്ഐ പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് ആരോപിച്ച് കെഎസ്‌യു, കോൺഗ്രസ് പ്രവർത്തകരും നേതാക്കളും പാളയം സാഫല്യം കോംപ്ലക്സിനു മുന്നിൽ മുന്നിൽ ഉപരോധം നടത്തി.
 
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം എം ഹസ്സൻ തുടങ്ങിയ കോൺഗ്രസ് നേതാക്കൾ സ്ഥലത്തെത്തിയെങ്കിലും അക്രമികളെ പിന്തിരിപ്പിച്ചില്ല. എസ്‌എഫ്‌ഐയെ കാരണം കേരളത്തിൽ ആർക്കും ജീവിക്കാനാകുന്നില്ലെന്ന്‌ ഉപരോധമിരുന്ന ചെന്നിത്തല ആരോപിച്ചു. അക്രമം നടത്തിയ കെഎസ്‌യു പ്രവർത്തകർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിൻദേവ് ആവശ്യപ്പെട്ടു. യൂണിവേഴ്‌സിറ്റി കോളേജിൽ കെഎസ്‌യു ആസൂത്രിത അക്രമം അഴിച്ചുവിടുന്നതായി കോളേജിലെ അഡ്‌ഹോക്ക് കമ്മിറ്റി ചെയർമാൻ റിയാസ് പറഞ്ഞു

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top