10 August Monday

ആരോരുമില്ലാത്തവർക്കും ഇവിടെ ആളുണ്ട്‌

വെബ് ഡെസ്‌ക്‌Updated: Saturday Nov 30, 2019

ഡെസ്റ്റിറ്റ്യൂട്ട് സ്കീം സൂപ്രണ്ട് ഡോ. എം എസ് ഷര്‍മദിന്റെയും നേഴ്സുമാരുടെയും നേതൃത്വത്തില്‍ രോഗികളെ പരിചരിക്കുന്നു

തിരുവനന്തപുരം
മെഡിക്കല്‍ കോളേജിലെത്തുന്ന ആരോരുമില്ലാത്ത രോഗികൾക്ക്‌ ഇനി ചോദിക്കാനും പറയാനും ആളുണ്ട്‌. ഡോക്ടര്‍മാരും നേഴ്സുമാരും ജീവനക്കാരുമടങ്ങുന്ന കൂട്ടായ്മയില്‍ ഡെസ്റ്റിറ്റ്യൂട്ട് സ്കീം ടീമാണ്‌ ഇനി ആ ഭാരിച്ച ജോലി ഏറ്റെടുക്കുക. അജ്ഞാതരായി എത്തുന്ന രോഗികൾക്ക്‌ അതത് വാര്‍ഡുകളിലെ ഡോക്ടര്‍മാരും നേഴ്സുമാരുമാണ് നിലവിൽ പരിചരണം നൽകിയിരുന്നത്‌. എന്നാല്‍,  കൂട്ടിരിപ്പുകാരനില്‍നിന്ന്‌ ലഭിക്കേണ്ട എല്ലാ സഹായങ്ങളും ഇവർക്ക്‌ നൽകുന്നതിൽ പരിമിതിയുണ്ടെന്ന തിരിച്ചറിവിൽനിന്നാണ്‌ പുതിയ പദ്ധതി രൂപപ്പെടുന്നത്‌.
 
നേഴ്സിങ്‌ സൂപ്രണ്ട് വസന്തകുമാരിയാണ്‌ ഡെസ്റ്റിറ്റ്യൂട്ട് സ്കീം എന്ന ആശയം ആദ്യം മന്നോട്ട്‌ വച്ചത്‌. ജീവനക്കാര്‍ സംഭാവന നൽകിയ തുക സ്വരുക്കൂട്ടിയാണ് പദ്ധതിയുടെ നടത്തിപ്പ്‌ മന്നോട്ട്‌ കൊണ്ടുപോവുക. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം കെ അജയകുമാര്‍, ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷര്‍മദ് എന്നിവരടങ്ങുന്ന ഡോക്ടര്‍മാരുടെയും നേഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതിക്ക്‌ ആവശ്യമായ ധനസമാഹരണം നടത്തിയത്.
 
നേഴ്സിങ്‌ ഓഫീസർ ഇൻ ചാർജ് ആർ രമണി, രണ്ട് ഗ്രേഡ് വൺ അറ്റന്റർമാർ എന്നിവരെയാണ്‌ ഇതിന്റെ നടത്തിപ്പിനായി നിയമിച്ചിരിക്കുന്നത്‌. നിലവില്‍ ആശുപത്രിയിലെ വിവിധ വാര്‍ഡുകളില്‍ അജ്ഞാതരും കൂട്ടിരിപ്പുകാരില്ലാത്തവരുമായ 14 രോഗികളാണുള്ളത്. ഇവര്‍ക്ക് ആവശ്യമായ ആഹാരം, വസ്ത്രം, ഡയപ്പറുകള്‍ എന്നിവ ലഭ്യമാക്കുക, രോഗികളുടെ രക്തസാമ്പിളുകള്‍ ശേഖരിച്ച് ലാബുകളിലെത്തിക്കുക, റിസള്‍ട്ട് വാങ്ങി നല്‍കുക, എക്സ്റേ ഉള്‍പ്പെടെയുള്ള മറ്റു പരിശോധനകള്‍ക്കായി കൊണ്ടുപോകുക തുടങ്ങി വാര്‍ഡിലെ സ്റ്റാഫുകളെക്കൊണ്ടുമാത്രം ചെയ്യാന്‍ കഴിയാത്ത പ്രവര്‍ത്തനങ്ങളാണ് ഡെസ്റ്റിറ്റ്യൂട്ട് സ്കീമിലൂടെ ഉറപ്പുവരുത്തുന്നത്. വ്യാഴാഴ്ചമുതല്‍  സ്കീം പ്രവര്‍ത്തിച്ചുതുടങ്ങി. ചികിത്സ പൂര്‍ത്തിയാക്കിയശേഷം കൊണ്ടുപോകാന്‍ സ്വന്തക്കാര്‍ ആരുമില്ലാത്ത രോഗികൾക്ക്‌ താമസസൗകര്യവും ഭക്ഷണവും ലഭ്യമാക്കാനും നടപടി സ്വീകരിക്കും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top