23 November Monday

നേരത്തെ കണ്ടെത്താം; ഭേദമാക്കാം

സ്വന്തം ലേഖികUpdated: Friday Oct 30, 2020
 
തിരുവനന്തപുരം
സംസ്ഥാനത്ത്‌ സ്‌ത്രീകളിൽ റിപ്പോർട്ട്‌ ചെയ്യുന്ന അർബുദങ്ങളിൽ കൂടുതലും സ്തനാർബുദമെന്ന്‌ തിരുവനന്തപുരം റീജ്യണൽ ക്യാൻസർ സെന്ററിലെ കണക്കുകൾ. ജനുവരിയിൽ പുറത്തിറങ്ങിയ സംസ്ഥാന ഇക്കണോമിക്‌ സർവേയിൽ പ്രസിദ്ധീകരിച്ച ആർസിസിയുടെ കണക്കുകൾ പ്രകാരം ചികിത്സയ്‌ക്കെത്തിയ സ്ത്രീകളിൽ 29 ശതമാനംപേർക്കും‌ സ്തനാർബുദമാണ്‌. ലോകമൊട്ടാകെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന സ്തനാർബുദ ബോധവൽക്കരണാചരണം ശനിയാഴ്ച അവസാനിക്കാനിരിക്കുമ്പോഴും രോഗത്തെപ്പറ്റി സമൂഹത്തില്‍ അവബോധം കുറവുതന്നെയാണ്. പലപ്പോഴും രോഗം നിർണയിക്കാനാകാതെ പോകുന്നത് സങ്കീർണമാക്കുന്നു. 2017–-18ൽ ആർസിസിയിൽ രജിസ്റ്റർ ചെയ്തത്‌ 16,443 ക്യാൻസർ കേസുകളാണ്‌. അതിൽ സ്തന, കേന്ദ്ര നാഡീവ്യൂഹ സംബന്ധിയായവ 2475 സ്‌ത്രീകളിലാണ് സ്ഥിരീകരിച്ചത്‌. 2018–-19ൽ ആകെ രജിസ്റ്റർ ചെയ്ത 15627 കേസുകളിൽ 2309 സ്‌ത്രീകളിൽ രോഗം കണ്ടെത്തി. രാജ്യത്ത്‌ 28 സ്‌ത്രീകളിൽ ഒരാൾക്ക്‌ സ്തനാർബുദമുണ്ട്‌.
സ്‌നേഹമായി "സ്‌നേഹിത'
സ്‌ത്രീകളുടെ ആരോഗ്യം സുരക്ഷിതമാക്കുകയെന്ന ലക്ഷ്യമുള്ള സംഘടനയാണ്‌ സ്‌നേഹിത വുമൻസ്‌ ഹെൽത്ത്‌ ഫൗണ്ടേഷൻ. സ്തനാർബുദരോഗ നിർണയത്തിനുള്ള ക്യാമ്പുകളും ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ച്‌ സജീവമായി പ്രതിരോധപ്രവർത്തനങ്ങൾ നടത്തുന്നു. ലാഭേച്ഛയില്ലാത്ത ഒരുകൂട്ടം ഡോക്ടർമാരും വളന്റിയർമാരുമാണ്‌ ഫൗണ്ടേഷന്റെ പ്രവർത്തനം നയിക്കുന്നത്‌. കോവിഡ്‌ പ്രതിസന്ധിയുള്ളതിനാല്‍ സ്‌നേഹിതയുടെ ഈ വർഷത്തെ സ്തനാർബുദ ബോധവൽക്കരണം ഓൺലൈനിലായിരുന്നു. നാഷണൽ സർവീസ്‌ സ്കീമിന്റെ സഹായത്തോടെ വിവിധ സർവകലാശാലകളിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണം നൽകി. കോവിഡ്‌ കാലത്തുമാത്രം 1800 പേരിലേക്ക്‌ ഓൺലൈനിലൂടെ വിവരങ്ങൾ എത്തിക്കാനായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top