10 August Monday

പാങ്ങോട് പഞ്ചായത്തിൽ മാലിന്യക്കൂമ്പാരം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020
വെഞ്ഞാറമൂട്
കാര്യക്ഷമമായ മാലിന്യസംസ്‌കരണ സംവിധാനം നടപ്പാക്കാത്തതിനെത്തുടർന്ന്‌ പാങ്ങോട് പഞ്ചായത്തിൽ മാലിന്യം കുന്നുകൂടുന്നു. കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണസമിതി മാലിന്യസംസ്‌കരണത്തിനുള്ള നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
 
മാലിന്യസംസ്കരണത്തിനായി നിർമിച്ച പ്ലാന്റുകൾ മാലിന്യം കുന്നുകൂടിയതു കാരണം കാണാൻപോലും കഴിയാത്ത അവസ്ഥയിലാണ്. പഞ്ചായത്തിലെ പ്രധാനപ്പെട്ട മാർക്കറ്റുകളായ പാങ്ങോട്, ഭരതന്നൂർ ചന്തകൾ മാലിന്യംനിറഞ്ഞ്‌ കിടക്കുകയാണ്‌.
 
മത്സ്യ, മാംസ കടകളുണ്ടെങ്കിലും ഇവിടെ അറവുശാലയില്ല. പലപ്പോഴും ലക്ഷക്കണക്കിനു രൂപയ്ക്കാണ് ഇവിടത്തെ ഇറച്ചിക്കടകൾ ലേലം പോകുന്നത്. മറ്റ് സ്ഥലങ്ങളിൽ കശാപ്പ് ചെയ്ത്‌ കൊണ്ടുവരുന്ന മാംസം ഇവിടെ കൊണ്ടുവന്ന്‌ വിൽക്കുകയാണ്‌ ചെയ്യുന്നത്‌. മഴക്കാലത്ത് മത്സ്യത്തിന്റെയും മാംസത്തിന്റെയും അവശിഷ്ടങ്ങൾ കലർന്ന ജലം മാർക്കറ്റിൽനിന്ന്‌ ബസ്‌സ്റ്റാൻഡിലേക്കും ഒഴുകി ഇറങ്ങാറുണ്ട്.
 
വെഞ്ഞാറമൂട്‌ ജങ്‌ഷനിലെ മാലിന്യം സംസ്‌കരിക്കാനും സ്ഥലമില്ല. ശുചീകരണത്തൊഴിലാളികൾ ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം മാർക്കറ്റിൽ ഒരുഭാഗത്ത് കൂട്ടിയിട്ട് കത്തിക്കുകയാണ് ചെയ്യുന്നത്‌.
 
കല്ലറമുതൽ മൈലമൂടുവരെയുള്ള റോഡുവശത്തെല്ലാം കോഴിക്കടകളിൽനിന്നും അറവുശാലകളിൽനിന്നുമുള്ള മാലിന്യം വലിച്ചെറിയുകയാണ്‌. മഴക്കാലമായതോടെ പകർച്ചാവ്യാധികൾ പകരുമെന്ന ആശങ്കയിലാണ് ജനം.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top