തിരുവനന്തപുരം
ദേശീയപാത 66ന്റെ ഭാഗമായ കഴക്കൂട്ടം-–- കാരോട് ബൈപാസ് ഞായറാഴ്ച പൂർണമായും ഗതാഗതത്തിന് തുറന്നു. ഇനി തമിഴ്‌നാട്ടിൽനിന്ന് കാരോട് എത്തുന്ന വാഹനങ്ങൾക്ക് ബൈപാസിലൂടെ ഗതാഗതക്കുരുക്കിൽ പെടാതെ ഒരു മണിക്കൂറിനുള്ളിൽ കഴക്കൂട്ടത്ത് എത്താം. റോഡിന്റെ അവസാനഘട്ട നിർമാണം വ്‌ളാത്താങ്കരയിൽ പൂർത്തിയായി. 43- കിലോമീറ്റർ ദൂരമാണ് കഴക്കൂട്ടം–-- കാരോട് ബൈപാസിനുള്ളത്. ബൈപാസിന്റെ ആദ്യഘട്ടം മുക്കോലവരെ നേരത്തേ പൂർത്തിയായിരുന്നു. മുക്കോല മുതൽ കാരോട് വരെയുള്ള 16.05 കിലോമീറ്റർ കോൺക്രീറ്റ് റോഡാണ് അവസാനഘട്ടത്തിൽ പൂർത്തിയാക്കിയത്. സംസ്ഥാനത്തെ ആദ്യത്തെ നീളം കൂടിയ കോൺക്രീറ്റ് പാതയാണിത്. എന്നാൽ, പലയിടത്തും ദേശീയപാത അതോറിറ്റി സർവീസ് റോഡ് നിർമിച്ചിട്ടില്ല.
സിഗ്നൽ ലൈറ്റുകൾ, തെരുവ് വിളക്കുകൾ എന്നിവയും സ്ഥാപിക്കാനുണ്ട്.
പ്രധാന ജങ്ഷനുകളായ കാഞ്ഞിരംകുളം, തടത്തിക്കുളം, പുത്തൻകട എന്നിവിടങ്ങളിൽ സിഗ്നൽ ലൈറ്റ് സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പ്രദേശത്തെ തിരക്കുള്ള റോഡുകൾ കടന്നാണ് ബൈപാസ് ഇതുവഴി കടന്നുപോകുന്നത്. അതേസമയം തമിഴ്‌നാട് ഭാഗത്തുള്ള കാരോട്–--- -കന്യാകുമാരി റീച്ചിന്റെ നിർമാണം പൂർത്തിയാകാൻ ഇനിയും വൈകുമെന്നാണ് വിവരം. സംസ്ഥാന സർക്കാരിന്റെ പിന്തുണയെത്തുടർന്നാണ് ദേശീയപാത അതോറിറ്റിക്ക് മുക്കോല–--- --കാരോട് ബൈപാസ് നിർമാണം അതിവേഗം പൂർത്തിയാക്കാനായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..