വിതുര
വാഴ്‌വാന്തോൾ വെള്ളച്ചാട്ടത്തിനു സമീപം വനത്തിൽ കുടുങ്ങിയവരുടെ യാത്രാലക്ഷ്യത്തിൽ ദുരൂഹത. ചൊവ്വ രാത്രിയാണ് വെള്ളച്ചാട്ടത്തിന് മുകളിൽ അകപ്പെട്ടവരെ പൊലീസും അഗ്‌നിരക്ഷാസേനയും രക്ഷപ്പെടുത്തിയത്. തിരിച്ചറിയൽ കാർഡുകൾ ഉൾപ്പടെ പരിശോധിച്ചെങ്കിലും ഇവരെക്കുറിച്ച് വ്യക്തമായ ധാരണയില്ല. തിരുവനന്തപുരം കുന്നുകുഴി സ്വദേശികളായ സിന്ധു, മക്കൾ ദിൽഷാദ്, സൗമ്യ, സുഹൃത്ത് ഫെവിയോള എന്നിവരാണ് കൊടുംകാട്ടിൽ കുടുങ്ങിയത്.
തിങ്കൾ വൈകിട്ടോടെ വിതുരയിൽനിന്ന് ഓട്ടോയിലെത്തിയ സംഘം അഗസ്ത്യകൂടത്തിൽ പോകുകയാണെന്ന് കാണിത്തടം ചെക് പോസ്റ്റിലെ ഉദ്യോഗസ്ഥരെ അറിയിച്ചു. എന്നാൽ ഇതിന് ഓൺലൈൻ പാസ് വേണമെന്ന് ജീവനക്കാർ പറഞ്ഞതോടെ ഇവ ർ മടങ്ങി. ഓട്ടോ വിട്ടശേഷം ബോണക്കാട് ബസിൽ കയറി ചെക് പോസ്റ്റ് ജീവനക്കാരെ കബളിപ്പിച്ച് വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയിൽ ഇറങ്ങി എന്നാണ് പൊലീസിന്റെ നിഗമനം.
പരിചയമില്ലാത്ത സാഹചര്യത്തിൽ വനത്തിൽ ഇവർക്ക് ഒരു രാത്രി കഴിയേണ്ടി വന്നു. മൊബൈൽ റെയ്ഞ്ച് കുറവായിരുന്നതും പ്രശ്നമായി. റെയ്ഞ്ച് കിട്ടിയ സമയത്ത് കൺട്രോൾ റൂം നമ്പരായ 112 -ൽ വിളിച്ചു. തുടർന്നാണ് വിതുര പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചത്. ലൊക്കേഷൻ മാപ്പ് അയച്ചു കൊടുത്തെങ്കിലും റെയ് ഞ്ചില്ലാത്തത് പ്രശ്നമായി. എസ് ഐ വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും കെ എസ് ഹരിയുടെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേനയും ഏറെ പ ണിപ്പെട്ടാണ് സ്ഥലത്തെത്തിയത്. വാഴ്‌വാന്തോൾ വെള്ളച്ചാട്ടത്തിനു സമീപം മുകൾ ഭാഗത്തായാണ് സന്ദർശകർ നിന്നിരുന്നത്. ഒൻപതു കിലോമീറ്റർ കാട്ടിലൂടെ നടന്ന് ഇവരെ ചെക് പോസ്റ്റിൽ എത്തിച്ചു. തുടർന്ന് അഗ്നിരക്ഷാസേനയുടെ ആംബുലൻസിൽ താലൂക്കാശുപത്രിയിലേക്ക് മാറ്റി.
യാത്രാമധ്യേ വിവരങ്ങൾ തിരക്കിയെങ്കിലും പരസ്പര വിരുദ്ധമായാണ് ഇവർ കാര്യങ്ങൾ പറഞ്ഞതെന്ന് പൊലീസും അഗ്നി രക്ഷാസേനാംഗങ്ങളും പറഞ്ഞു. ചാങ്ങ, കരിമഠം കോളനി, അഞ്ചൽ എ ന്നിങ്ങനെ സ്ഥലങ്ങൾ മാറ്റി മാറ്റി പറഞ്ഞു. സിന്ധുവിന്റെ തിരിച്ചറിയൽ കാർഡ് പരിശോധിച്ചതോടെ കുന്നുകുഴിയാണ് സ്ഥലമെന്ന് മനസ്സിലായി. യാത്രയെക്കുറിച്ചോ ഉദ്ദേശ്യത്തെക്കുറിച്ചോ ഇവർ വ്യക്തമാക്കിയില്ല. സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു. വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..