27 May Wednesday

മാലിന്യസംസ്കരണത്തിന് മാർഗനിർദേശം

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020
തിരുവനന്തപുരം  
കോവിഡ്–- 19ന്റെ പശ്ചാത്തലത്തിൽ മാലിന്യ സംസ്കരണത്തിന്‌ പ്രത്യേക മാർഗനിർദേശങ്ങളുമായി ഹരിതകേരളം മിഷൻ. സമൂഹ അടുക്കള,  കൂട്ടായ പ്രവർത്തനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ പാലിക്കേണ്ട നിർദേശങ്ങളാണ്‌. 
 
സമൂഹ അടുക്കളകൾ, അഗതികളെയും ഭിക്ഷാടകരെയും പുനരധിവസിപ്പിച്ച കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മാലിന്യസംസ്കരണത്തിന്‌ പ്രത്യേക ശ്രദ്ധ പുലർത്തണം. ഉപയോഗിച്ച മാസ്കുകളും കൈയുറകളും അണുവിമുക്തമാക്കി നശിപ്പിക്കണം. പ്ലാസ്റ്റിക്കുപോലെയുള്ളവ കത്തിക്കുകയോ വലിച്ചെറിയുകയോ ചെയ്യരുത്, കഴുകി വൃത്തിയാക്കി സൂക്ഷിക്കണം. കോവിഡ് ഭീതി ഒഴിയുമ്പോൾ ഹരിതകർമസേനാംഗങ്ങളെത്തി ശേഖരിക്കും. അഴുകുന്ന മാലിന്യം ഉറവിടത്തിൽത്തന്നെ സംസ്കരിക്കാൻ നടപടി സ്വീകരിക്കണം. മഴക്കാലത്ത്‌ ഡെങ്കിപ്പനിയും ചിക്കുൻഗുനിയയുംപോലുള്ള പകർച്ചവ്യാധികൾ പടരാതിരിക്കാൻ ഇത് പ്രധാനമാണ്. 
 
കോവിഡ് ആശുപത്രികൾ, ഐസൊലേഷൻ യൂണിറ്റുകൾ, വീടുകളിലെ ക്വാറന്റൈൻ, താൽക്കാലിക കോവിഡ് സാമൂഹ്യകേന്ദ്രങ്ങൾ മുതലായവയിൽനിന്നുള്ള ബയോമെഡിക്കൽ മാലിന്യം തുടങ്ങിയവ കോവിഡ് മാലിന്യമായി പരിഗണിക്കണം. ഇവ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാർഗനിർദേശങ്ങൾ പാലിച്ച്‌ സംസ്കരിക്കണം. ഇതിൽ തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേക ശ്രദ്ധ ചെലുത്തണം. വിശദ വിവരങ്ങൾക്ക്‌ ഹരിതകേരളം മിഷന്റെയും ശുചിത്വ മിഷന്റെയും ജില്ലാ കോ–-ഓർഡിനേറ്ററെ ബന്ധപ്പെടണം.
പ്രധാന വാർത്തകൾ
 Top