20 March Wednesday

'ചൊറിയന്‍' ഔഷധവുമായി ജോയി തലസ്ഥാനത്ത്

വെബ് ഡെസ്‌ക്‌Updated: Friday Jul 29, 2016

ജോയി നായ്ക്കുരണ കൃഷിയിടത്തില്‍

തിരുവനന്തപുരം > ജോയിയുടെ കൃഷിയെപ്പറ്റി കേട്ടാല്‍ തന്നെ ചൊറിയും. എന്നാല്‍ അതേ കൃഷി ഒട്ടനവധി രോഗങ്ങള്‍ക്കുള്ള ഔഷധമാണെന്നു കേട്ടാലോ അത് അമ്പരപ്പാകും. നായ്ക്കുരണയുടെ കൃഷി ഉപജീവനമാര്‍ഗമാക്കിയ ജോയി തലസ്ഥാനത്തെ ചക്ക മഹോത്സവത്തില്‍ പങ്കെടുക്കാനെത്തിയത് സ്വന്തം കൃഷിയിടത്തില്‍ വിളയിച്ച ഈ 'ചൊറിയന്‍' ഔഷധവുമായാണ്.

പരമ്പരാഗത കൃഷികളില്‍ തിരിച്ചടി പതിവായപ്പോഴാണ് കുടിയേറ്റ കാര്‍ഷികമേഖലയായ കണ്ണൂര്‍ ചെമ്പേരിയിലെ കുരുകിലാംകാട്ടാല്‍ ജോയി വേറിട്ടൊരു പാത സ്വീകരിച്ചത്. ദേഹത്ത് തട്ടിയാല്‍ ചൊറിച്ചില്‍ കൊണ്ട് ഇരിക്കപ്പൊറുതി കിട്ടാത്ത ഈ വന്യവിളയുടെ ഔഷധപ്രാധാന്യം പ്രസിദ്ധമാണ്. വിളയെ മെരുക്കി വളര്‍ത്താനുള്ള സാഹസം പറഞ്ഞറിയില്ല, ചൊറിഞ്ഞ് തന്നെ അറിയണമെന്ന് ജോയി പറയുന്നു. മറവിരോഗം തൊട്ട് നാഡീരോഗങ്ങള്‍ വരെയുള്ള രോഗങ്ങള്‍ക്ക് ഉത്തമ ഔഷധപ്പട്ടികയില്‍ ആയുര്‍വേദാചാര്യന്‍മാര്‍ നായ്ക്കുരണയുടെ പേര് ചേര്‍ത്തുവച്ചിട്ടുണ്ട്്. പ്രമേഹം, രക്തവാതം, സന്ധിവാതം, പേശിതളര്‍ച്ച, ഉദരരോഗങ്ങള്‍, വ്രണങ്ങള്‍, വിരശല്യം, ക്ഷയം എന്നുവേണ്ട ഒട്ടുമിക്ക രോഗങ്ങളുടെ ഔഷധങ്ങളിലും നായ്ക്കുരണപരിപ്പിന് ഇടമുണ്ട്. പ്രധാന ഗ്രന്ഥിയായ പിറ്റ്യൂട്ടറിയെ ഉത്തേജിപ്പിക്കുന്നതോടെ മറ്റ് ഗ്രന്ഥികളും കൂടുതല്‍ പ്രവര്‍ത്തനസജ്ജമാകും. ഹെര്‍ബല്‍ വയാഗ്രയെന്നാണ് ഇത് അറിയപ്പെടുന്നത്.

25 ഏക്കറിലധികം സ്ഥലത്ത് ജോയി ഇപ്പോള്‍ കൃഷിചെയ്യുന്നു. ആര്‍ക്കും കൃഷിക്ക് വിത്തുനല്‍കും. വന്‍തുക നല്‍കി പരിപ്പ് തിരിച്ചെടുക്കാനും തയ്യാര്‍. വിത്തും കൃഷിരീതിയും പറഞ്ഞുകൊടുത്ത് ഒരുപാടുപേരെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നുമുണ്ട്. എത്ര ഉല്‍പ്പാദിപ്പിച്ചാലും ആവശ്യത്തിന്റെ നൂറിലൊന്നുപോലും ആയിട്ടില്ലെന്നും വളം വേണ്ടാത്ത ഈ കൃഷിയുടെ സാധ്യതകള്‍ ഏറെയാണെന്ന് ജോയി പറയുന്നു. ഇരിക്കൂറിലെ വ്യവസായ പാര്‍ക്കില്‍ പരിപ്പ് പൊടിച്ച് പായ്ക്കറ്റിലാക്കി ജെ ജെ ഹെര്‍ബല്‍സിന്റെ 'സക്സസ് പ്ളസ്' വ്യാപാര നാമധേയത്തിലാണ് വില്‍പ്പന. കനകക്കുന്നിലെ ചക്കമഹോത്സവത്തില്‍ ജോയിയുടെ  നായ്ക്കുരണ പരിപ്പ് സ്റ്റാള്‍ ഉണ്ട്. ഫോണ്‍: 9387614930.



 

പ്രധാന വാർത്തകൾ
 Top