11 July Saturday

മഷിയേറും നിറങ്ങളുമില്ലാതെ അവർ മടങ്ങി

സ്വന്തം ലേഖികUpdated: Friday May 29, 2020

അകലുവാൻ പറയുവാൻ എന്തെളുപ്പം... എസ്‌എസ്‌എൽസി അവസാന പരീക്ഷ കഴിഞ്ഞ്‌ സ്‌പർശനമൊഴിവാക്കി വിടപറയുന്ന കൂട്ടുകാർ

തിരുവനന്തപുരം  
പരീക്ഷകഴിഞ്ഞ്‌ അവസാന ബെൽ അടിച്ചതും കുട്ടികൾ ഓരോരുത്തരായി  പുറത്തേക്കിറങ്ങി. യൂണിഫോമിലേക്ക്‌ മഷികുടഞ്ഞെറിഞ്ഞും ആർപ്പുവിളിച്ചും നിറങ്ങൾ കലർത്തിയ വാട്ടർബലൂണുകൾ പരസ്‌പരമെറിഞ്ഞും ആഘോഷമാകേണ്ടിയിരുന്ന മുറ്റത്ത്‌ അവർ "അകലങ്ങളിലെ അടുപ്പം' പങ്കിട്ടു‌. നിർദേശങ്ങൾ  അധ്യാപകൻ മൈക്കിലൂടെ വിളിച്ചുപറയുന്നുണ്ടായിരുന്നു. ഗേറ്റിനടുത്ത്‌ സ്കൂൾ അധികൃതരിൽനിന്ന്‌ സാനിറ്റൈസറും പ്രതിരോധഗുളികയും വാങ്ങി പുറത്ത്‌ രക്ഷിതാക്കൾക്കടുത്തേക്ക്‌. ആഘോഷങ്ങളില്ലാതെ ഇത്തവണ എസ്‌എസ്‌എൽസി പരീക്ഷ കഴിഞ്ഞ്‌ അവർ പടിയിറങ്ങി. ചിരികൾ മാസ്‌ക്കിനുള്ളിൽ ഒതുങ്ങി. ഒന്ന്‌ കൈകൊടുക്കാനോ ചേർത്തുപിടിക്കാനോ കഴിഞ്ഞില്ല ആർക്കും. 
 
"എല്ലാവരെയും കണ്ട്‌ യാത്രപറയണമെന്നുണ്ടായിരുന്നു. പക്ഷേ കുറച്ചുപേരെ മാത്രമാണ്‌ കാണാനായത്‌. ഫോണിൽ വിളിക്കാമെന്ന്‌ പറഞ്ഞു എല്ലാരും –- കോട്ടൺഹിൽ ഗേൾസ്‌ എച്ച്‌എസ്‌എസിലെ എ കെ അഹല്യ പറഞ്ഞു. സ്കൂൾ ബസിലിരുന്ന്‌ കൂട്ടുകാരി കൈവീശി. യാത്രപറച്ചിൽ അത്രമാത്രം. "കൂട്ടംകൂടരുതെന്ന്‌ ടീച്ചർ പറഞ്ഞിരുന്നു. എല്ലാവരെയും കാണാൻ പറ്റിയില്ല. സാധാരണ പരീക്ഷകഴിഞ്ഞാൽ ആഘോഷങ്ങൾക്ക് ശേഷമാണ്‌ എല്ലാവരും പോകുന്നത്‌. ഇത്തവണ വിഷമമുണ്ട്‌' മിയ പറഞ്ഞു. അവസാന ദിവസം കൂട്ടുകാർക്ക്‌ നൽകാൻ മധുരവുമായാണ്‌ ഫാത്തിമ എത്തിയത്‌. വരിയിൽ നിന്നുപങ്കുവയ്‌ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ചിലർ കൂട്ടുകാരുടെ ഷാളിലെങ്കിലും എഴുതാൻ ശ്രമിക്കുന്നുണ്ടായിരുന്നു. മൈക്കിലെ അനൗൺസ്‌മെന്റിനൊപ്പമാണ്‌ അധ്യാപകർ കുട്ടികൾക്കുള്ള ആശംസകൾ കൈമാറിയത്‌. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top