09 July Thursday

കർഷക സേവനകേന്ദ്രം ലോക്കാണ്‌

സ്വന്തം ലേഖകൻUpdated: Friday May 29, 2020

ഉദ്ഘാടനം കഴിഞ്ഞ്‌ ഒരുവർഷമായി പൂട്ടിയിട്ടിരിക്കുന്ന സിടിസിആർഐ കർഷക സേവന കേന്ദ്രം

വഞ്ചിയൂർ
"ഇവിടെയെത്തുന്ന എല്ലാ കർഷകരുടെയും എല്ലാ ആവശ്യങ്ങൾക്കുമുള്ള ഏകജാലകം, അതാണ്‌ ഈ കർഷകസേവനകേന്ദ്രം' –-2016 സെപ്‌തംബർ 29ന്‌ സേവനകേന്ദ്രത്തിന്‌ ശിലയിട്ടുകൊണ്ട്‌ അന്നത്തെ കൃഷി, കർഷകക്ഷേമ മന്ത്രി രാധമോഹൻ സിങ്‌ജി പറഞ്ഞതാണിത്‌. എന്നാൽ ഉദ്‌ഘാടനംകഴിഞ്ഞിട്ടും സേവനകേന്ദ്രത്തിന്റെ സേവനം വെറും "ശില'പോലെ തന്നെ. കേന്ദ്ര സർക്കാരിന്റെ അധീനതയിലുള്ള കേന്ദ്ര കിഴങ്ങുവർഗ ഗവേഷണ സ്ഥാപനത്തിലാണ്‌ സേവനകേന്ദ്രം. പലതരം കേന്ദ്ര സംസ്ഥാന പദ്ധതികൾ ജനങ്ങളിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം. കഴിഞ്ഞവർഷം ഉദ്ഘാടനം ചെയ്‌തെങ്കിലും ഇതുവരെ കർഷകർക്ക് തുറന്നുകൊടുക്കാനായിട്ടില്ല. 2019 ജൂലൈ 27 ന്‌ അന്നത്തെ ഗവർണർ പി സദാശിവം ആയിരുന്നു ഉദ്‌ഘാടനം. എന്നാൽ രണ്ടു മുറിയും ഒരു എടിഎം കൗണ്ടറും അടങ്ങുന്ന കെട്ടിടം നാളിതുവരെ പ്രവർത്തന സജ്ജമായിട്ടില്ല. 
 
സംസ്ഥാനത്തെ കാർഷിക വിദ്യാഭ്യാസത്തിനുള്ള വിഹിതം വർധിപ്പിച്ചു എന്ന് കേന്ദ്രമന്ത്രിയടക്കം പറയുമ്പോൾ ആ പഠനങ്ങളുടെ നീക്കിയിരിപ്പ് ജനങ്ങൾക്ക് ലഭിക്കാൻ ഇത്തരം സേവനകേന്ദ്രങ്ങൾ തുറക്കേണ്ടത്‌ അവശ്യമാണ്. 
കർഷക സേവനകേന്ദ്രം തുറക്കണമെന്ന് കാട്ടി സ്ഥലം എംഎൽഎ കടകംപള്ളി സുരേന്ദ്രനും സിടിസിആർഐ ഡയറക്ടർക്കും ഫ്രാറ്റ് ശ്രീകാര്യം സോൺ പരാതി നൽകിയിട്ടുണ്ട്‌. ഭാവിയിലുണ്ടായേക്കാവുന്ന ഭക്ഷ്യക്ഷാമം മുന്നിൽ കണ്ട് എല്ലാവരും കൃഷിയിലേർപ്പെടണമെന്നും അതിൽ കിഴങ്ങുവർഗങ്ങളും ധാന്യങ്ങളും ഉൾപ്പെടുത്തണമെന്നുള്ള മുഖ്യമന്ത്രിയുടെ നിർദേശം ജനങ്ങളിൽ എത്തിക്കാൻ ഇത്തരം സേവന കേന്ദ്രങ്ങൾക്കാകുമെന്ന് ഫ്രാറ്റ് പ്രസിഡന്റ് കരിയം വിജയകുമാറും സെക്രട്ടറി പി എസ് സന്തോഷ്‌കുമാറും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top