26 May Tuesday

മത്സ്യത്തൊഴിലാളി ക്യാമ്പ് എംഎൽഎ സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020

പാറശാല

മീൻപിടിക്കാൻ പോയി തിരികെയെത്തിയ പൊഴിയൂരിലെ മത്സ്യത്തൊഴിലാളികളെ നിരീക്ഷണത്തിനായി പാർപ്പിച്ചിരിക്കുന്ന ക്യാമ്പ് കെ ആൻസലൻ എംഎൽഎ സന്ദർശിച്ചു. കേരളത്തിന്റെയും തമിഴ്നാടിന്റെയും വിവിധ തീരപ്രദേശങ്ങളിലെ മുന്നൂറോളം പേരാണ്‌ പൊഴിയൂർ സെന്റ്മാത്യൂസ് എച്ച്എസ്, പൊഴിയൂർ യുപിഎസ്, പൊഴിയൂർ എൽപിഎസ് എന്നീ സ്കൂളുകളിലായി കഴിയുന്നത്‌. ഇവർ ആഴ്ചകൾക്ക് മുമ്പ് കണ്ണൂർ, മുനമ്പം, ബേപ്പൂർ, നീണ്ടകര തുടങ്ങിയ ഭാഗങ്ങളിൽ മൽസ്യബന്ധനത്തിന് പോയി തിരികെ എത്തിയവരാണ്. എംഎൽഎ ക്യാമ്പുകൾ സന്ദർശിച്ച് ഭക്ഷണത്തിന്റെയും മറ്റ് ക്രമീകരണങ്ങളും വിലയിരുത്തി. ക്യാമ്പിൽ കഴിയുന്നവർക്കുവേണ്ട നിർദേശങ്ങളും ബോധവൽക്കരണവും നടത്തി. പൊഴിയൂരിൽനിന്ന് മത്സ്യബന്ധനത്തിന് പോയി ഇറാനിൽ കുടുങ്ങിപ്പോയ മത്സ്യത്തൊഴിലാളികളുടെ വീടുകളിലും ഭക്ഷണം എത്തിക്കാൻ നിർദേശം നൽകി. ക്യാമ്പിൽ കഴിയവെ അവിടെനിന്ന്‌ വീടുകളിലേക്ക് പോയവരെ പൊലീസ് സഹായത്തോടെ തിരിച്ചെത്തിക്കാൻ നിർദേശം നൽകി. ക്യാമ്പിൽ പൊലീസ് സംരക്ഷണം ശക്തമാക്കാനും എംഎൽഎ എസ്‌പിയോട് ആവശ്യപ്പെട്ടു. കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ബെൽസി ജയചന്ദ്രനും പഞ്ചായത്തംഗങ്ങളും ഒപ്പമുണ്ടായിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top