05 April Sunday

പാലുൽപ്പന്നങ്ങളുടെ മൂല്യവർധിതസാധ്യത ഉപയോഗപ്പെടുത്തണം: -മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Saturday Feb 29, 2020

ക്ഷീരസംഗമത്തിന്റെ സമാപനസമ്മേളനത്തിൽ ക്ഷീര പാർലമെന്റിന്റെ രൂപരേഖ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനംചെയ്യുന്നു. മന്ത്രി കെ രാജു, എംഎൽഎമാരായ കെ സി ജോസഫ്‌, ഒ രാജഗോപാൽ, വി കെ പ്രശാന്ത്‌, ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി കെ മധു തുടങ്ങിയവർ സമീപം

തിരുവനന്തപുരം
പാലുൽപ്പന്നങ്ങളുടെ മൂല്യവർധിതസാധ്യത ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരമ്പരാഗതരീതികൾക്ക് പകരം കാലാനുസൃതമായ സാങ്കേതികമാറ്റത്തിന് ക്ഷീരമേഖല തയ്യാറാകണം. സംസ്ഥാന ക്ഷീരസംഗമത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കർഷകരെ സാമ്പത്തികപ്രതിസന്ധിയിൽനിന്ന് കരകയറ്റുന്നതിൽ മൂല്യവർധിത ഉൽപ്പന്നങ്ങൾക്ക് വലിയ പങ്ക് വഹിക്കാനാകും. ഓരോ ക്ഷീരസംഘത്തിലും ഉൽപ്പാദിപ്പിക്കുന്ന പാലിന്റെ നിശ്ചിത ശതമാനമെങ്കിലും മൂല്യവർധിത ഉൽപ്പന്നങ്ങളാക്കാൻ  കഴിയണം. അതിനുള്ള പരിശീലനം കർഷകർക്ക് ലഭ്യമാകാൻ വെറ്ററിനറി സർവകലാശാല ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സഹായം സ്വീകരിക്കാനാകണം. ക്രീം മാറ്റാത്തതും സംസ്‌കരണപ്രക്രിയ നടത്താത്തതുമായ ഫാം ഫ്രഷ് മിൽക്കിന് ആവശ്യക്കാരേറെയാണ്. ആ സാധ്യതയും പ്രയോജനപ്പെടുത്തണം. 
 
ക്ഷീരമേഖലയിൽ ഫാമിങ്‌, സംസ്‌കരണമേഖലകളിൽ മികച്ച സാങ്കേതിക വളർച്ചയുണ്ടാകുന്നുണ്ട്. പരമ്പരാഗത കാഴ്ചപ്പാടുകളിൽനിന്ന് മാറാൻ കർഷകർ തയ്യാറാകണം. ധാരാളം ചെറുപ്പക്കാർ ഈ മേഖലയിലേക്ക് കടന്നുവരുന്നുണ്ട്. ആധുനികവൽക്കരണവും യന്ത്രവൽക്കരണവും അവർ ആഗ്രഹിക്കുന്നു. അതിനനുസരിച്ചുള്ള നൂതന ഉപകരണങ്ങൾ അവർക്ക് ലഭ്യമാകേണ്ടതുണ്ട്‌. ക്ഷീരമേഖലയുടെ ശാക്തീകരണത്തിനും കർഷകരുടെ സംരക്ഷണത്തിനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. 
 
നിലവിൽ നാം ക്ഷീരസ്വയംപര്യാപ്തതയിലേക്ക് കുതിക്കുകയാണ്. സംസ്ഥാനത്തിന് ആവശ്യമായതിന്റെ 94 ശതമാനം ഉൽപ്പാദനം നമുക്ക് സൃഷ്ടിക്കാനായി. പുതിയ തലമുറ ഉരുക്കൾ സംസ്ഥാനത്തുതന്നെ വളർത്തിയെടുക്കുന്നതിലും കർഷകർക്ക് അവ ലഭ്യമാക്കുന്നതിനും ആരംഭിച്ച കിടാരിപാർക്കുകൾ കർഷകർക്ക് ഏറെ ഉപകാരപ്രദമാണ്. വരുംവർഷങ്ങളിൽ കൂടുതൽ കിടാരി പാർക്കുകൾ ആരംഭിക്കും.കർഷകരുടെ സാമൂഹ്യ, സാമ്പത്തികസുരക്ഷ ഉറപ്പാക്കുന്ന നിരവധി പദ്ധതികൾ നടപ്പാക്കുന്നു. ക്ഷീരകർഷകരുടെ ക്ഷേമപെൻഷൻ പ്രതിമാസം 500 രൂപയിൽനിന്ന്‌ 1300 രൂപയായി വർധിപ്പിച്ചിട്ടുണ്ട്. കുടുംബപെൻഷൻ 150 രൂപയിൽനിന്ന് 550 രൂപയാക്കി. കടക്കെണിയിലായ ക്ഷീരകർഷകർക്ക് സമാശ്വാസമായി അഞ്ചുകോടി രൂപയാണ് അനുവദിച്ചത്. ഇതുവഴി 2285 കർഷകരുടെ സാമ്പത്തികസുരക്ഷ ഉറപ്പുവരുത്താനായി.
 
രാജ്യത്താദ്യമായി വനിതാ ക്ഷീരകർഷകരുടെ സാമൂഹ്യവും സാമ്പത്തികവുമായ അവസ്ഥാനിർണയത്തിനായുള്ള വിവരശേഖരണം പൂർത്തിയായിട്ടുണ്ട്. വനിതാകർഷകരുടെ ക്ഷീരസഹകരണമേഖലയിലെ ഭരണപങ്കാളിത്തം, സാമൂഹ്യാവസ്ഥ, സാമ്പത്തികസ്ഥിതി, വിദ്യാഭ്യാസം തുടങ്ങിയവ ഈ സർവേയിൽ ശേഖരിച്ചിട്ടുണ്ട്. ഭാവിയിൽ സ്ത്രീശാക്തീകരണത്തിലധിഷ്ഠിതമായ പദ്ധതികൾ രൂപീകരിക്കുന്നതിൽ സർവേ സഹായകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top