04 April Saturday

കൃഷ്ണനാദത്തിൽ ലയിച്ച്‌ ആസ്വാദകർ

വെബ് ഡെസ്‌ക്‌Updated: Saturday Feb 29, 2020

ഗവ. വനിതാകോളേജിൽ സംഗീത കച്ചേരിയിൽ പങ്കെടുക്കാനെത്തിയ ടി എം കൃഷ്‌ണ വിദ്യാർഥിനികൾക്കൊപ്പം സെൽഫിയെടുക്കുന്നു

തിരുവനന്തപുരം
‘ഇന്ത പാട്ട്‌ പാട തെരിയുമാ?’ ആലാപനം പൊടുന്നനെ നിർത്തി ടി എം കൃഷ്ണ ചോദിച്ചപ്പോൾ ഇല്ലെന്ന്‌ തലയാട്ടി സംഗീതവിദ്യാർഥികൾ. ‘പഠിക്കണം. അരുമയാന പാട്ട്‌.’ ആലാപന വൈവിധ്യംകൊണ്ടും നിലപാടുകൾകൊണ്ടും ശ്രദ്ധേയനായ സംഗീതജ്ഞൻ ഒരു നിമിഷം അധ്യാപകനായി മാറിയപ്പോൾ സംഗീതവിദ്യാർഥികൾക്കും ആഹ്ലാദം. 
 
കേരള സർവകലാശാലാ സംഗീതവിഭാഗത്തിന്റെ ‘സ്വരരാഗ സുധ’യിൽ പാടാനെത്തിയതായിരുന്നു ടി എം കൃഷ്ണ. സദസ്സിനോടും പക്കമേളക്കാരോടും ഒരുപോലെ സംവദിച്ച്‌, തമാശകൾ പറഞ്ഞ്‌, സംഗീതക്കച്ചേരികളുടെ പതിവ്‌ വഴികളിൽനിന്ന്‌ മാറിയൊഴുകി കൃഷ്ണനാദം. 
 
സ്നേഹപൂർവമായ നിർബന്ധങ്ങൾക്ക്‌ വഴങ്ങി നിശ്ചയിച്ചതിലും ഏറെനേരം സംഗീത വിരുന്നൊരുക്കി ടി എം കൃഷ്ണ. ഒടുവിൽ ‘അടുത്ത കച്ചേരിയില്‌ പാക്കലാം’  എന്ന്‌ വിട പറയുമ്പോഴും മൊബൈൽ ഫോണുകളുമായി സെൽഫി എടുക്കാനെത്തി ആരാധക വൃന്ദം. അധ്യാപക–- വിദ്യാർഥി വ്യത്യാസമില്ലാതെ എല്ലാവർക്കുമൊപ്പം ചിത്രങ്ങളെടുത്ത്‌ കൃഷ്ണ മടങ്ങി, കല്യാണിയും ശ്രീരഞ്ജിനിയും പുറമ്പോക്ക്‌ പാടലുകളുമെല്ലാം പാടാൻ വീണ്ടും തിരികെയെത്താമെന്ന വാഗ്ദാനവുമായി.
പ്രധാന വാർത്തകൾ
 Top