01 April Wednesday

ജില്ലാ വികസനോത്സവം മാര്‍ച്ച് രണ്ടിന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Saturday Feb 29, 2020
തിരുവനന്തപുരം 
തദ്ദേശ ഭരണസ്ഥാപനങ്ങളുടെ നാലുവർഷത്തെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താനും ഭാവിപ്രവർത്തനങ്ങൾക്ക്‌ രൂപരേഖ തയ്യാറാക്കാനുമായി ജില്ലാവികസനോത്സവം മാർച്ച് രണ്ടുമുതൽ അഞ്ചുവരെ പുത്തരിക്കണ്ടം മൈതാനത്ത്‌ നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലാപഞ്ചായത്ത് പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കുന്ന ‘സർഗവായന സമ്പൂർണ വായന’ പദ്ധതിയുടെ ഭാഗമായി സമ്പൂർണ ക്ലാസ്‌ റൂം ലൈബ്രറി പ്രഖ്യാപനം തിങ്കളാഴ്‌ച പകൽ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
 
 പകൽ രണ്ടിന്‌ വിദ്യാഭ്യാസ, കലാ–-കായിക സെമിനാർ മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനംചെയ്യും. ചൊവ്വാഴ്‌ച രാവിലെ പത്തിന്‌ ആരോഗ്യ സെമിനാർ മന്ത്രി കെ കെ ശൈലജ ഉദ്ഘാടനംചെയ്യും. ബുധനാഴ്‌ച  രാവിലെ പത്തിന്‌ കാർഷിക സെമിനാറിൽ മന്ത്രിമാരായ വി എസ് സുനിൽകുമാർ, കെ രാജു എന്നിവർ പങ്കെടുക്കും. 
 
വ്യാഴാഴ്‌ച രാവിലെ പത്തിന്‌ നഗരവികസന സെമിനാർ മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. പകൽ രണ്ടിന് ജില്ലാ പദ്ധതികളുടെ അവതരണവും ഭാവി രൂപരേഖയും ആസൂത്രണ സമിതി ചെയർമാൻ വി കെ മധു അവതരിപ്പിക്കും. ഡോ. കെ എൻ ഹരിലാൽ മോഡറേറ്ററാകും. വൈകിട്ട്‌ അഞ്ചിന്‌ ജനകീയ വികസന സദസ്സും ജില്ലയിലെ ജനപ്രതിനിധികളുടെ സംഗമവും സ്പീക്കർ ശ്രീരാമകൃഷ്ണൻ ഉദ്ഘാടനംചെയ്യും. മന്ത്രിമാരായ എ സി മൊയ്തീനും കടകംപള്ളി സുരേന്ദ്രനും പങ്കെടുക്കും. സ്വരാജ് ട്രോഫി നേടിയ സ്ഥാപനങ്ങളെ ചടങ്ങിൽ അനുമോദിക്കും. 
ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, സ്റ്റാൻഡിങ്‌ കമ്മിറ്റി അധ്യക്ഷരായ ബി പി മുരളി, വി രഞ്ജിത്, എസ് കെ പ്രീജ, ഗീത രാജശേഖരൻ, സെക്രട്ടറി വി സുഭാഷ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 
പ്രധാന വാർത്തകൾ
 Top