05 April Sunday

മനീഷയ്‌ക്ക്‌ സ്വപ്‌നക്കൂടൊരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Feb 29, 2020

വീടിന്റെ കല്ലിടൽ കോളേജ് പ്രിൻസിപ്പൽ ഡോ. എസ് എ ഷാജഹാൻ നിർവഹിക്കുന്നു

തിരുവനന്തപുരം 
സഹപാഠികളുടെയും അധ്യാപകരുടെയും സ്‌നേഹവായ്‌പിൽ മനീഷയ്‌ക്ക്‌ സ്വപ്‌നക്കൂട്‌ ഒരുങ്ങുന്നു. കാഞ്ഞിരംകുളം ഗവ. കെഎൻഎം ആർട്സ് ആൻഡ്‌  സയൻസ് കോളേജിലെ എൻഎസ്എസ് 
യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ്‌ സ്വപ്‌നഭവനം പദ്ധതി ഒരുങ്ങുന്നത്‌. കോളേജിലെ ബികോം രണ്ടാംവർഷ വിദ്യാർഥിനി മനീഷയ്‌ക്കാണ്‌ പദ്ധതി പ്രകാരമുള്ള ആദ്യ വീടൊരുങ്ങുന്നത്‌. കാരോട്‌ പഞ്ചായത്ത്‌ പതിമൂന്നാം വാർഡിലാണ്‌ പഠിക്കാൻ മിടുക്കിയായ മനീഷയുടെ വീട്‌. വീടിന്റെ തറക്കല്ലിടൽ കോളേജ് പ്രിൻസിപ്പൽ ഡോ. എസ് എ ഷാജഹാൻ നിർവഹിച്ചു.  
 
  ആറുലക്ഷം രൂപ ചെലവിട്ടാണ്‌ സഹപാഠിക്ക്‌ വീട്‌ നിർമിച്ച്‌ നൽകുന്നത്‌. കോളേജിലെ വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും നൽകിയ സംഭാവനയും നാട്ടുകാരുടെ സഹായവും സമാഹരിച്ചാണ്‌ വീട്‌ നിർമിക്കുന്നത്‌. അടുത്ത മെയ്‌ മാസം വീട്‌ നിർമാണം പൂർത്തിയാക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. 
 
   കോളേജിലെ എൻഎസ്‌എസ്‌ യൂണിറ്റ്‌ നടത്തുന്ന കുരുന്നുവായനയ്‌ക്കൊരു കൈത്താങ്ങ്‌ എന്ന പദ്ധതി പ്രകാരം സമീപത്തെ നിരവധി സ്‌കൂളുകളിൽ പുസ്‌തകങ്ങൾ സമാഹരിച്ച്‌ നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ്‌ സ്വപ്‌നഭവനം പദ്ധതിക്ക്‌ തുടക്കംകുറിച്ചത്‌. സ്വന്തമായി വീടില്ലാത്ത, പഠിക്കാൻ മിടുക്കരായ കുട്ടികൾക്കാണ്‌ വീട്‌ നിർമിച്ച്‌ നൽകുക. പദ്ധതിപ്രകാരം നിർമിക്കുന്ന ആദ്യവീടാണ്‌ മനീഷയുടേത്‌. 
   തറക്കല്ലിടലിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം കാരോട് പഞ്ചായത്ത് പ്രസിഡന്റ്‌ ‌സൗമ്യ ഉദയൻ ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ അധ്യക്ഷനായി. വാർഡ് മെമ്പർമാരായ സുനി, അജീഷ് എന്നിവർ സംസാരിച്ചു. എൻഎസ്എസ് പ്രോഗ്രാംഓഫീസർ ഡോ. ജയകുമാർ സ്വാഗതവും മലയാളവിഭാഗം അധ്യക്ഷൻ ഡോ. സാബു കോട്ടുക്കൽ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top