31 March Tuesday

അന്തർസംസ്ഥാന ചന്ദനത്തടി മോഷ്ടാവ് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Feb 29, 2020

അറസ്റ്റിലായ മുരുകൻ മോഷ്ടിച്ച ചന്ദന തടിയോടൊപ്പം

കിളിമാനൂർ
പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിൽ അന്തർ സംസ്ഥാന ചന്ദനത്തടി മോഷ്ടാവ് അറസ്റ്റിലായി. കന്യാകുമാരി തിരുപ്പാലൂർ കുണ്ടുവിള വീട്ടിൽ മുരുകൻ (60) ആണ് പിടിയിലായത്‌. ഓടി രക്ഷപ്പെട്ട കൂട്ടുപ്രതിയായ തമിഴ്നാട് കുലശേഖരം സ്വദേശിക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുന്നുണ്ട്‌. കല്ലമ്പലം പോലീസ് സബ് ഇൻസ്പെക്ടർ നിജാമും സംഘവും വെള്ളിയാഴ്ച പുലർച്ചെ നാവായിക്കുളത്ത് നടത്തിയ വാഹനപരിശോധനയ്‌ക്കിടയിലാണ്‌ ഇയാൾ കുടുങ്ങിയത്‌. ഹോണ്ടാ ആക്ടീവാ സ്കൂട്ടറിൽ എത്തിയ പ്രതികൾ കൈകാണിച്ചപ്പോൾ വാഹനം നിർത്തി ഇറങ്ങി ഓടുകയായിരുന്നു. മുരുകനെ രക്ഷപ്പെടാൻ അനുവദിക്കാതെ പോലീസ് കീഴ്പ്പെടുത്തി. 
 
തുടർന്ന് പോലീസ് വാഹനം പരിശോധിക്കുമ്പോൾ ബാ​ഗിലും ചാക്കിലും ചന്ദന മുഷ്ടികൾ കണ്ടെത്തുകയായിരുന്നു. മരങ്ങൾ മുറിക്കാനുപയോ​ഗിച്ച വാളും കണ്ടെടുത്തു. വാഹനവും ചന്ദനമുഷ്ടികളും പോലീസ് കസ്റ്റഡിയലെടുത്തു. വിശദമായ ചോദ്യം  ചെയ്യലിൽ വാഹനവും മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. ചന്ദനമരം ഡീസന്റ് മുക്ക് ഐരമൺനില കുന്നുവിള വീട്ടിൽ അൻസാരിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും വീടിനു മുന്നിൽ നിന്ന മരം രാത്രിയിൽ അതി വിദഗ്ധമായി പ്രതികൾ മുറിച്ചു കടത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ചന്ദന മരത്തിന് 30,000 രൂപ വിലവരും. 
 
സംഭവത്തിൽ കൂടുതൽ പ്രതികൾ ഉള്ളതായി പൊലീസ് സംശയിക്കുന്നു. അന്വേഷണം ഊർജിതപ്പെടുത്തി. രണ്ടാഴ്ച്ച മുമ്പ് കുടവൂർ സ്വദേശിയുടെ വസ്തുവിൽ നിന്ന ചന്ദനമരവും രാത്രിയിൽ സമാന 
രീതിയിൽ ആരോ മുറിച്ചു കടത്തിയിരുന്നു.
പ്രധാന വാർത്തകൾ
 Top