22 May Sunday
വരുന്നു സാഹസിക വിനോദം

ആക്കുളത്ത് ആകാശ സൈക്കിൾ ചവിട്ടാം

അജില പുഴയ്ക്കൽUpdated: Saturday Jan 29, 2022

ആക്കുളം തടാകത്തിലെ കുട്ടവഞ്ചി യാത്ര (ഫയൽ ചിത്രം)

തിരുവനന്തപുരം  
ആക്കുളം ടൂറിസ്റ്റ്‌ വില്ലേജിൽ ഇനി സാഹസിക വിനോദസഞ്ചാരവും. തടാകത്തിലെ കുട്ടവഞ്ചി യാത്രയ്‌ക്കൊപ്പം ഇനി സിപ്പ് ലൈനും ആകാശ സൈക്ലിങ്ങും നടത്താം. ലളിതവും അതികഠിനവുമല്ലാത്ത സാഹസിക വിനോദത്തിന്‌ പ്രാമുഖ്യം നൽകി ജില്ലാ ടൂറിസം വകുപ്പ്‌ പദ്ധതി ആവിഷ്‌കരിച്ചു. 
ആക്കുളം തടാകത്തിനു മുകളിലൂടെ കമ്പിയിലൂടെ മറുവശത്ത്‌ എത്തുന്ന സിപ്പ്‌ലൈൻ, തടാക കാഴ്‌ചകൾ കണ്ട്‌ ആകാശത്തിലൂടെയുള്ള സൈക്ലിങ്‌, വാൾ ക്ലൈമ്പിങ്‌ എന്നിവയാണ്‌ പ്രധാന ആകർഷണം. പുതിയ രീതിയിലുള്ള ഗെയിമിങ്‌ സാധ്യതകൾ കൂടി ഉൾപ്പെടുത്തും. 
കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിടുന്നതാണ് പുതിയ പദ്ധതി. നിലവിലെ കുട്ടവഞ്ചി യാത്രയും സൈക്കിൾ ട്രാക്കും പുതിയ പദ്ധതിയുടെയും ഭാഗമാകും. ആക്കുളം വിനോദസഞ്ചാരകേന്ദ്രത്തിൽ കഫറ്റീരിയയും ഒരുക്കും. സാഹസിക വിനോദസഞ്ചാര മേഖലയിൽ പ്രാവീണ്യമുള്ള സ്വകാര്യ ഏജൻസിക്കായിരിക്കും നടത്തിപ്പു ചുമതല.
നിർമാണം പൂർത്തിയാക്കി നവീകരിച്ച പദ്ധതികളടക്കം ഏപ്രിലോടെ പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തേക്കും. ടെൻഡർ നടപടിക്കു മുന്നോടിയായി ഈ രംഗത്തെ വിദഗ്‌ധരുടെയും ഏജൻസികളുടെയും പ്രീ ബിഡ്‌ യോഗം ഡിസംബർ 29നു ചേർന്നിരുന്നു. അതിൽ ഉയർന്ന ആശയമാണ് സാഹസിക വിനോദകേന്ദ്രം സജ്ജമാക്കൽ. തുടർന്നാണ്‌ പദ്ധതി നടപ്പാക്കാൻ താൽപ്പര്യമുള്ള ഏജൻസികളിൽനിന്ന്‌ ഡിടിപിസി ടെൻഡർ വിളിച്ചത്‌. ഫെബ്രുവരി 10ന്‌ ടെൻഡർ നടപടികൾ പൂർത്തിയാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top